പാപ്പാ: ലോകത്തിനും, സൃഷ്ടിക്കും സഭയ്ക്കും പ്രത്യാശയുടെ ഗായകരാവുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ക്രൈസ്തവ പ്രത്യാശയുടെ യഥാർത്ഥ്യങ്ങളായിരുന്നു പാപ്പായുടെ വചന പ്രഘോഷണത്തിന്റെ കാതൽ. 2024 ഡിസംബർ 24ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ വിശുദ്ധ കവാടം തുറക്കുന്നതോടെ ആരംഭിക്കുന്ന വിശുദ്ധ വർഷത്തിന്റെ പ്രമേയം “പ്രത്യാശയുടെ തീർത്ഥാടകർ" എന്നാണ്.
നിത്യജീവൻ ഉണ്ടാകാനായി നമ്മുടെ മരണം നശിപ്പിച്ച ക്രിസ്തുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അടിസ്ഥാനത്തിലാണ് നമ്മൾ വരുന്ന ജൂബിലി ആഘോഷിക്കാനും, ധ്യാനിക്കാനും, ലോകത്തോടു മുഴുവൻ പ്രലോഷിക്കാനും ആഗ്രഹിക്കുന്നത്. അത് മനുഷ്യന്റെ വെറും ശുഭപ്രതീക്ഷയോ, നശ്വര ഭൗതീക നന്മയ്ക്കായുള്ള അഭിലാഷമോ അല്ല മറിച്ച് അവന്റെ സ്നേഹത്തിന്റെ ആലിംഗനത്താൽ ഒന്നാകുന്ന നിമിഷം വരെ നമുക്ക് അനുദിനം നൽകുന്ന ദാനമാണ് എന്ന് പാപ്പാ വിശദീകരിച്ചു.
നശിക്കാത്തതും, മങ്ങാത്തതുമായ ക്രൈസ്തവ പ്രത്യാശയെ കുറിച്ച് നടത്തിയ വിചിന്തനം നമ്മുടെ അനുദിന ജീവിതയാത്രയിൽ ഏറ്റം ഇരുണ്ടതും ബുദ്ധിമുട്ടേറുന്ന സമയങ്ങളിലും എങ്ങനെയാണ് നമ്മെ പിന്തുണയ്ക്കുന്നതെന്നും ഭാവിയിലെ സാധ്യതകളിലേക്ക് മിഴി തുറന്ന് തിന്മ മേൽക്കൈയെടുക്കുന്നു എന്നു തോന്നിക്കുമ്പോഴും നല്ല സമയങ്ങളുടെ വാഗ്ദാനങ്ങൾ കാണാൻ ഇടയാക്കുമെന്ന് അടിവരയിടുകയായിരുന്നു പാപ്പാ.
നിരാശയുടെ നിറം അടയാളപ്പെടുത്തിയ ലോകത്തിൽ പ്രത്യാശയുടെ ഗായകരാകാൻ ക്രൈസ്തവരെ പ്രോൽസാഹിപ്പിച്ചു കൊണ്ട് നടത്തിയ വചന പ്രഘോഷണത്തിൽ, ഫ്രാൻസിസ് പാപ്പാ നമ്മൾ ജീവിക്കുന്ന സമൂഹത്തെ വരച്ചുകാട്ടിയത് “പ്രത്യാശ ആവശ്യമാണെന്നും,“അനുദിനം ലഭ്യമാകുന്ന വെറും ശകലങ്ങളിൽ സംതൃപ്തി കണ്ടെത്തുന്ന വ്യക്തിമഹാത്മവാദവും കൊണ്ട്, ഇന്നുകളിൽ മാത്രം കെട്ടപ്പെട്ട് ഭാവിയിലേക്ക് നോക്കാനുള്ള കഴിവു നഷ്ടപ്പെട്ട” സമൂഹം എന്നാണ്. ആ സമൂഹത്തിന് പ്രത്യാശയുടെ ആവശ്യമുണ്ടെന്ന് പാപ്പാ ചൂണ്ടി കാണിച്ചു.
കൂടാതെ മാരകമായി അപകടപ്പെട്ടിരിക്കുന്ന, മനുഷ്യ സ്വാർത്ഥത വൈകൃതമാക്കിയ ദൈവത്തിന്റെ സൃഷ്ടിക്കും പ്രത്യാശ ആവശ്യമുണ്ട്. അനീതിയും ധിക്കാരവും തുടരുമ്പോൾ ദരിദ്രർ അവഗണിക്കപ്പെടുകയും, യുദ്ധം മരണം വിതയ്ക്കുകയും ചെയ്യുന്ന ലോകത്തിൽ സാഹോദര്യത്തിന്റെ ഒരു ലോകം സ്വപ്നമായി അവശേഷിക്കുകയും ചെയ്യുമ്പോൾ പ്രത്യാശ, ധൈര്യവും ആശ്വാസവും, പരിപാലനവും കൊണ്ടു വരും പാപ്പാ പറഞ്ഞു. യുവതലമുറയ്ക്കും, മുതിർന്ന തലമുറയ്ക്കും, രോഗികൾക്കും ശരീരത്തിലും ആത്മാവിലും മുറിവേറ്റവർക്കും പ്രത്യാശ വേണം.
സഭയ്ക്കും വേണം പ്രത്യാശ, അനന്തവും വിശ്വസ്തവുമായ സ്നേഹത്താൽ സ്നേഹിക്കപ്പെടുന്ന കർത്താവിനെ മണവാട്ടിയായ സഭ സുവിശേഷത്തിന്റെ പ്രകാശം ഉയർത്തി പിടിക്കാനും, യേശു കൊണ്ടുവന്ന തീ എല്ലാവർക്കുമെത്തിക്കാനും അയക്കപ്പെട്ടതാണെന്ന് മറന്നു പോകാതിരിക്കാൻ പാപ്പാ അടിവരയിട്ടു.
ഇരുളിന്റെ നേരങ്ങളിൽ, നിരാശ നമ്മെ കീഴ്പ്പെടുത്തുമ്പോൾ അറിയാതെ ദൈവസാന്നിധ്യത്തിനായി ദാഹിച്ച ജനം, ഇരുളുമായുമ്പോൾ ദൈവത്തോടു ചോദിക്കും “കർത്താവെ, നീ എവിടെയായിരുന്നു?” അപ്പോൾ ഒരിക്കൽക്കൂടി അവന്റെ ഉത്തരം അവർ ശ്രവിക്കും, “എന്നത്തേക്കാളും നിന്നോടു സമീപത്ത് " എന്ന്. ദൈവശാസ്ത്രജ്ഞനായ റൊമാനോ ഗ്വർദ്ദീനിയുടെ ഈ വാക്കുകൾ നമുക്കോർമ്മിക്കാമെന്ന് പാപ്പാ പറഞ്ഞു കൊണ്ട് മരിച്ചവരിൽ നിന്നുയിർത്ത് സ്വർഗ്ഗത്തിലേക്ക് കരേറിയ നാഥൻ, പ്രത്യാശ വീണ്ടും കണ്ടെത്താനും, പ്രഘോഷിക്കാനും കെട്ടിപ്പടുക്കാനും നമുക്ക് കൃപയേകട്ടെ എന്നാശംസിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: