തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (Vatican Media)

അഫ്ഗാൻ ജനതയ്ക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു: ഫ്രാൻസിസ് പാപ്പാ

വെള്ളപ്പൊക്കദുരിതത്താൽ വലയുന്ന അഫ്ഗാൻ ജനതയ്ക്ക് ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നിരവധിയാളുകളുടെ ജീവനെടുത്ത അപ്രതീക്ഷിത വെള്ളപ്പൊക്കദുരിതത്താൽ വലയുന്ന അഫ്ഗാൻ ജനതയ്ക്ക് ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചു. മെയ് മാസം പതിനഞ്ചാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ അഫ്‌ഗാൻ ജനതയുടെ ദുരിതം എടുത്തു പറഞ്ഞുകൊണ്ട് അവർക്കായി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തത്.

"കുട്ടികളടക്കം നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിനു ഇടയാക്കിയ വെള്ളപൊക്കദുരിതം ബാധിച്ച അഫ്‌ഗാൻ ജനതയിലേക്ക് എന്റെ ചിന്തകൾ ഞാൻ തിരിക്കുന്നു. നിരവധി വാസസ്ഥലങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇരകളായ എല്ലാവർക്കും, പ്രത്യേകമായി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായവും പിന്തുണയും ഉടൻ നൽകണമെന്ന് ഞാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു", ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

മുന്നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അൻപതിലധികം കുട്ടികളും ഉൾപ്പെടുന്നതായി യൂണിസെഫ് സംഘടന അറിയിച്ചു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ബാഗ്‌ലാനിലെ അഞ്ച് ജില്ലകളിലായി ഏകദേശം 600,000 ആളുകളാണ് വസിക്കുന്നത്. കനത്ത കാലവർഷക്കെടുതി പോലുള്ള കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ തയ്യാറല്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാനെന്നും അന്താരാഷ്ട്ര സമൂഹത്തിൻ്റെ സഹായം ആവശ്യമാണെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2024, 13:04