തിരയുക

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ്‌ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ്‌ 

കാർലോ അക്കൂത്തിസ് ഉൾപ്പെടെ നിരവധി വാഴ്ത്തപ്പെട്ടവർ വിശുദ്ധപദവിയിലേക്ക്

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് മെയ് 23 വ്യാഴാഴ്ച അനുവദിച്ച കൂടിക്കാഴ്ചയിൽ, കാർലോ അക്കൂത്തിസ് ഉൾപ്പെടെ നിരവധി വാഴ്ത്തപ്പെട്ടവരുടെയും, ദൈവദാസരുടെയും മാദ്ധ്യസ്ഥ്യത്തിൽ നടന്ന അത്ഭുതങ്ങൾ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പുതിയ ഡിക്രികൾ പുറത്തിറക്കാൻ ഫ്രാൻസിസ് പാപ്പാ അനുവാദം നൽകി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് മെയ് 23 വ്യാഴാഴ്ച അനുവദിച്ച കൂടിക്കാഴ്ചയെത്തുടർന്ന്, ലോകമെമ്പാടുമുള്ള ക്രൈസ്തവയുവജനങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യത നേടിയ, ഇറ്റലിയിൽനിന്നുള്ള വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് ഉൾപ്പെടെ വിവിധ വാഴ്ത്തപ്പെട്ടവരുടെയും, ദൈവദാസരുടെയും മാദ്ധ്യസ്ഥ്യത്തിൽ നടന്ന അത്ഭുതങ്ങൾ അംഗീകരിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ പുറത്തിറക്കാൻ, ഫ്രാൻസിസ് പാപ്പാ അനുവാദം നൽകി. ഇതോടെ വാഴ്ത്തപ്പെട്ടവർ എന്ന നിലയിൽനിന്ന് സഭയിലെ വിശുദ്ധരുടെ നിലയിലേക്കാണ് കാർലോ അക്കൂത്തിസ് ഉൾപ്പെടെയുള്ളവർ ഉയർത്തപ്പെടുക.

വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, വാഴ്ത്തപ്പെട്ടവരും ദൈവദാസരുമായ,

- 1851 ജനുവരി 21-ന് ഇറ്റലിയിലെ കസ്റ്റൽനോവോ ഡോൺ ബോസ്‌കോയിൽ ജനിച്ച്, 1926 ഫെബ്രുവരി 16-ന് ടൂറിനിൽ മരിച്ചതും, കോൺസൊളാത്ത മിഷനറിമാരുടെ സ്ഥാപകനുമായ ഇറ്റാലിയൻ വൈദികൻ വാഴ്ത്തപ്പെട്ട ജ്യുസേപ്പേ അല്ലമാനോ,

- 1991 മെയ് 3-ന് ലണ്ടനിൽ ജനിച്ച്, 2006 ഒക്ടോബർ 12-ന് ഇറ്റലിയിലെ മോൺസയിൽ മരിച്ച വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ്‌,

- ഇറ്റലിയിലെ സ്പൊലെത്തോയിൽ 1795 ഓഗസ്റ്റ് 28-ന് ജനിച്ച്, 1873 ജനുവരി 12-ന് റോമിൽ നിര്യാതനായതും, അമൂല്യരക്തത്തിന്റെ മിഷനറിമാർ എന്ന കോൺഗ്രിഗേഷന്റെ ജനറൽ മോഡറേറ്ററുമായിരുന്ന ജ്യൊവാന്നി മെർലിനി എന്ന ദൈവദാസൻ,

എന്നിവരുടെ മാദ്ധ്യസ്ഥ്യത്താൽ നടന്ന അത്ഭുതങ്ങളാണ് ഫ്രാൻസിസ് പാപ്പാ സ്ഥിരീകരിച്ചത്.

ഇതുകൂടാതെ, വിശ്വാസത്തിനെതിരെയുള്ള വൈരാഗ്യം മൂലം നടന്ന ആക്രമണത്തിന്റെ ഭാഗമായി

- 1902 ഓഗസ്റ്റ് 27-ന് പോളണ്ടിലെ ബിദ്ഗോഷ്ചിൽ ജനിച്ച്, 1938 ഫെബ്രുവരി 27-ന് ലൂബോനിൽ കൊല്ലപ്പെട്ട സ്റ്റാനിസ്ലാവോ കോസ്റ്റ്ക സ്ട്രെയ്ച് എന്ന ഇടവകവൈദികനായ ദൈവദാസൻ,

- 1921 ഓഗസ്റ്റ് 8-ന് ഹംഗറിയിലെ സ്ഗ്ലിജെറ്റിൽ ജനിച്ച് 1945 മാർച്ച് 23-ന് ലിറ്റേറിൽ വച്ച് കൊല്ലപ്പെട്ട മരിയ മദ്ദലേന ബോദി എന്ന അൽമായയായ ദൈവദാസി

എന്നിവരുടെ രക്തസാക്ഷിത്വവും പാപ്പാ അംഗീകരിച്ചു.

- കപ്പൂച്ചിൻ വൈദികനായിരുന്ന ഓസ്കാർ എന്ന ഗുലിയേൽമോ ഗത്തീനി (1914 സെപ്റ്റംബർ 11 ബദി, ബൊളോഞ്ഞ - 1999 ഡിസംബർ 15, ഫയെൻസ) ,

- അൽമായരായിരുന്ന ഇസ്മായേൽ ദേ തൊമെയ്യോസൊ എന്ന ഇസ്മായേലെ മൊളിനേരോ നൊവിയ്യോ (1917 മെയ് 1 തൊമെയ്യോസൊ, സ്പെയിൻ - 1938 മെയ് 5, സരഗോസ) ,

- എൻറിക്കോ മേദി (1911 ഏപ്രിൽ 26 പോർത്തോ റെക്കനാത്തി, ഇറ്റലി - 1974 മെയ് 26, റോമാ)

എന്നീ ദൈവദാസരുടെ വീരോചിതപുണ്യങ്ങളും പാപ്പാ അംഗീകരിച്ചു.

ഇവരെക്കൂടാതെ, കപ്പൂച്ചിൻ സഭംഗങ്ങളായ വാഴ്ത്തപ്പെട്ട എമ്മാനുവേലെ റൂയിസിനേയും ഏഴ് സഹോദരങ്ങളെയും, വിശ്വാസത്തിനെതിരായ ആക്രമണത്തിന്റെ ഭാഗമായി സിറിയയിലെ ഡമാസ്‌കസിൽവച്ച് 1860 ജൂലൈ 10-ന് കൊലചെയ്യപ്പെട്ട ഫ്രഞ്ചെസ്കൊ, അബ്ദെൽ മുട്ടി, റഫായേലേ മസ്സാബ്കി എന്നീ അല്മായരെയും വിശുദ്ധരെന്ന് നാമകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, കർദ്ദിനാൾമാരും മെത്രാന്മാരുമടങ്ങുന്ന സംഘം നൽകിയ അനുകൂലഅഭിപ്രായം പാപ്പാ ശരിവച്ചു.

വാഴ്ത്തപ്പെട്ട ജ്യുസേപ്പേ അല്ലമാനോ, മരീ-ലെയൊണീ പരദീസ്, എലേന ഗ്വേര, കാർലോ അകൂത്തിസ് എന്നിവരെ വിശുദ്ധരെന്ന് നാമകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു കൺസിസ്റ്ററി വിളിച്ചുകൂട്ടാനും പാപ്പാ തീരുമാനിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2024, 16:31