തിരയുക

ഫ്രാൻസിസ് പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പൊതുകൂടിക്കാഴ്ചാവേളയിൽ   (Vatican Media)

യുദ്ധം ക്രൂരതയാണ്: ഫ്രാൻസിസ് പാപ്പാ

മെയ് മാസം 29 തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മെയ് മാസം 29 തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. വളരെ പ്രത്യേകമായി ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ചുകൊണ്ട്, ദുരിതമനുഭവിക്കുന്നവർക്ക് കർത്താവ് കരുത്ത് പ്രദാനം ചെയ്യട്ടെയെന്ന് ആശംസിച്ചു.

തന്റെ അഭ്യർത്ഥനയിൽ,  കഴിഞ്ഞദിവസം തന്നെ  സന്ദർശിക്കുവാനെത്തിയ, യുദ്ധത്തിൽ അംഗഭംഗം വന്ന കുരുന്നുകളുടെ ജീവിതകഥയും പാപ്പാ അടിവരയിട്ടു പറഞ്ഞു. പൊള്ളലേൽക്കുകയും, കൈകാലുകൾ നഷ്ടപ്പെടുകയും ചെയ്ത കുരുന്നുകളെയാണ് പാപ്പാ സന്ദർശിച്ചത്. യുദ്ധം മൂലം പുഞ്ചിരി നഷ്ടപെട്ട കുട്ടികളുടെ ദയനീയത, ഏറെ സങ്കടകരമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. 

യുദ്ധം എപ്പോഴും  ഒരു ക്രൂരത മാത്രമെന്നും, യുദ്ധത്തിൽ ഏറെ കഷ്ടതകൾ സഹിക്കുന്നത് കുട്ടികളാണെന്നും പാപ്പാ പറഞ്ഞു. അതിനാൽ യുദ്ധങ്ങൾ അവസാനിക്കുന്നതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുകയും, സമാധാനത്തിന്റെ കൃപ കർത്താവ് പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2024, 14:41