തിരയുക

2025 ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷ പ്രഖ്യാപന ചടങ്ങിന് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്നു. 2025 ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷ പ്രഖ്യാപന ചടങ്ങിന് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്നു.  (Vatican Media)

ഫ്രാൻസിസ് പാപ്പാ ജൂബിലി വർഷം പ്രഖ്യാപിച്ചു

സ്വർഗ്ഗാരോഹണ തിരുനാളിന്റെ ആഘോഷപൂർവ്വമായ സന്ധ്യാ പ്രാർത്ഥനാ മദ്ധ്യേ 2025 ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷ പ്രഖ്യാപന ചടങ്ങിന് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

Speട non Confundit, പ്രത്യാശ നിരാശപ്പെടുത്തുന്നില്ല" എന്ന ജൂബിലി  സ്ഥാപന ബൂള പേപ്പൽ ബസിലിക്കകളിലെ മഹാപുരോഹിതന്മാർക്കും സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവന്മാർക്കും ആഗോള മെത്രാന്മാരുടെ പ്രതിനിധികൾക്കും നൽകുകയും ചെയ്തു.

ബൂളയുടെ ആരംഭത്തിലെ പദങ്ങൾ സൂചിപ്പിക്കുന്നതു പോലെ പ്രത്യാശ എന്ന പ്രമേയമാണ് 2025 ലെ ജൂബിലിയിൽ മുഖ്യമായിട്ടുള്ളത്. സന്ധ്യാ പ്രാർത്ഥനയിൽ ബൂള പരസ്യമായി വായിച്ചു.

ജൂബിലി വർഷം 2024 ലെ തിരുപ്പിറവി തിരുനാൾ രാത്രി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കർമ്മത്തിലൂടെ ആരംഭിക്കുമെന്ന് Spes non Confundit ൽ പാപ്പാ പ്രഖ്യാപിച്ചു.

തുടർന്ന്  ഡിസംബർ 29ന് റോമിന്റെ കത്തീഡ്രൽ ദേവാലയമായ സെന്റ്. ജോൺ ലാറ്ററൻ ബസിലിയുടെ വിശുദ്ധ കവാടവും തുറക്കും. അന്ന് തന്നെയായിരിക്കും ലോകം മുഴുവനുമുള്ള കത്തീഡ്രലുകളിൽ പ്രാദേശിക മെത്രാന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ ജൂബിലി ആരംഭിച്ചു കൊണ്ടുള്ള ദിവ്യബലി അർപ്പിക്കപ്പെടും.

2025 ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ ദിവസം പരിശുദ്ധ പിതാവ് റോമിലെ മരിയ മേജർ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കും. പ്രത്യക്ഷീകരണ തിരുനാളിന്റെ  തലേന്നാൾ ജനുവരി അഞ്ചിനായിരിക്കും വി. പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കർമ്മം.

ജൂബിലി വർഷത്തിൽ ദൈവകൃപയിലുള്ള പ്രത്യാശയിൽ ദൈവം ജനത്തെ മുഴുവൻ പങ്കുചേർക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പാപ്പാ എഴുതി. ലോകം മുഴുവനുള്ള  പ്രാദേശിക സഭകളിൽ 2025 ഡിസംബർ 28ന് ജൂബിലി സമാപിക്കുമ്പോൾ റോമിലെ ലാറ്ററൻ, മേരി മേജർ, വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നിവയുടെ വിശുദ്ധ കവാടം വീണ്ടും അടയ്ക്കും. റോമിലെ ജൂബിലി വർഷ സമാപനം 2026 ജനുവരി 6 ന് പ്രത്യക്ഷീകരണ തിരുനാളിനായിരിക്കും.

പ്രത്യാശിക്കുക എന്നാലെന്തെന്ന് എല്ലാവർക്കുമറിയാം. ഭാവിയെന്തെന്ന് അറിയില്ലെങ്കിലും എല്ലാ മനുഷ്യഹൃദയങ്ങളിലും വരാനിരിക്കുന്ന നല്ല കാര്യങ്ങൾക്കായുള്ള ആഗ്രഹം ഉണ്ട്. പ്രത്യാശയിൽ നവീകൃതരാകാനുള്ള ഒരവസരമാകട്ടെ ജൂബിലി എന്ന് ഫ്രാൻസിസ് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു.

പരമ്പരാഗതമായി ജീവിതത്തിന്റെ അർത്ഥം തേടി നടത്തുന്ന തീർത്ഥാടനം ജൂബിലിയുടെ അടിസ്ഥാനപരമായ സംഭവമാണ്. സൃഷ്ടിയുടെ മഹത്വം കണ്ട് നടത്തുന്ന ആ യാത്ര ദൈവത്തിന്റെ കരവേലയെ സ്തുതിക്കാനും നന്ദി പറയുവാനുമുള്ള അവസരമാണ്.

വർഷം മുഴുവനും ലഭ്യമാകത്തക്കവിധം വിവിധ പ്രാദേശിക സഭകളോടു കുമ്പസാരക്കാരെയും അനുരഞ്ജന കൂദാശയ്ക്കായി വിശ്വാസികളെയും ഒരുക്കാൻ പാപ്പാ ആവശ്യപ്പെട്ടു. പ്രത്യേക തരത്തിൽ ജൂബിലിയിൽ പങ്കുചേരാൻ പൗരസ്ത്യ സഭകളോടഭ്യർത്ഥിച്ച പാപ്പാ അക്രമങ്ങളും അസ്ഥിരതകളും മൂലം “കുരിശിന്റെ വഴി ഏറ്റെടുക്കേണ്ടി വരുന്ന" സ്വന്തം നാടുവിടേണ്ടി വരുന്നവരേയും പാപ്പാ അനുസ്മരിച്ചു

പ്രത്യാശയുടെ പ്രകാശം എല്ലാവർക്കുമായുള്ള സ്നേഹ സന്ദേശമായി സകലജനങ്ങളെയും പ്രകാശിപ്പിക്കുന്നതാകട്ടെ ഈ ജൂബിലി വർഷം എന്ന് പ്രാർത്ഥിച്ച പരിശുദ്ധ പിതാവ് സഭ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സന്ദേശത്തിന്റെ വിശ്വസ്ത സാക്ഷികളായി തീരട്ടെയെന്നും കൂട്ടിച്ചേർത്തു.

വർദ്ധിച്ചു വരുന്ന അക്രമങ്ങളും സംഘർഷങ്ങളും നൽകുന്ന “കാലത്തിന്റെ അടയാളങ്ങൾ” ആയി സമാധാനത്തിനായുള്ള ആഗ്രഹവും, പല രാജ്യങ്ങളുമഭിമുഖീകരിക്കുന്ന ജനസംഖ്യാപരമായ ശിശിരവും സൂചിപ്പിച്ച പാപ്പാ പ്രത്യാശയെ വളർത്താനും പിൻതുണയ്ക്കാനും ഒരു സാമൂഹിക ഉടമ്പടിക്കായും ആഹ്വാനം നടത്തി.

ജൂബിലി വർഷത്തിന്റെ പാരമ്പര്യത്തിൽ ഉണ്ടായിരുന്ന പൊതുമാപ്പിന്റെ കാര്യം ഓർമ്മിപ്പിച്ചു കൊണ്ട് തടവുകാർക്ക് പൊതുമാപ്പു നൽകാനുള്ള ആവശ്യവും മുന്നോട്ടുവച്ചു. തടവുകാരെ പ്രത്യാശയോടെയും വിശ്വാസത്തോടെയും കൂടി ഭാവിയെ നോക്കാൻ ക്ഷണിക്കുന്നതിനായി  വ്യക്തിപരമായി ജയിലുകളിൽ  ഒരു വിശുദ്ധ കാവാടം തുറക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട്, തടവുകാരോടുള്ള പെരുമാറ്റത്തിൽ അവരുടെ അവകാശങ്ങളും അന്തസ്സും മാനിക്കാനും, മരണശിക്ഷ നിർത്തലാക്കാനും പാപ്പാ അഭ്യർത്ഥിച്ചു.

രോഗികൾക്കും, യുവാക്കൾക്കും വൃദ്ധർക്കും പ്രത്യേകിച്ച് മുത്തശ്ശി മുത്തച്ഛന്മാർക്കും, കുടിയേറ്റക്കാർക്കും ദരിദ്രർക്കും പ്രത്യാശ പകരേണ്ട കാര്യങ്ങളും ബൂളയിലുണ്ട്. ഭൂമിയുടെ ഫലങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാകയാൽ, ദരിദ്രരെ സഹായിക്കാൻ എല്ലാവരോടും മുന്നോട്ടു വരുന്ന സമ്പദ് രാജ്യങ്ങളോടു കടങ്ങൾ തിരിച്ചടക്കാൻ കഴിയാത്ത രാഷ്ട്രങ്ങളുടെ കടങ്ങൾ എഴുതിതള്ളാനും ആവശ്യപ്പെടുന്നു.

ആദ്യത്തെ എക്യുമേനിക്കൽ കൗൺസിലിന്റെ 1700 മത് വാർഷികം ഓർമ്മിച്ച പാപ്പാ 2025 ക്രൈസ്തവ ഐക്യത്തിന്  നവീകരിച്ച ശ്രമങ്ങൾ നടത്താനും സിനഡാലിറ്റിയുടെ പ്രത്യക്ഷമായ പ്രകടനങ്ങൾ കാണിക്കുവാനും എല്ലാ ക്രൈസ്തവരും ഒരുമിച്ചുള്ള ഒരു ഉയിർപ്പു തിരുനാൾ വരുന്ന 2025 ൽ ആഘോഷിക്കുന്നതിന് പുരോഗമനമുണ്ടാവട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ക്രൈസ്തവന്റെ പ്രത്യാശ, ഓരോ വ്യക്തിക്കും വേണ്ടിയുള്ള ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും അടിസ്ഥാനമാക്കിയുള്ളതാണ്. സ്വർഗ്ഗത്തിൽ ദൈവവുമായുള്ള ഐക്യമാണ് അതിന്റെ ലക്ഷ്യം.  ദൈവത്തിന്റെ കരുണയാലാണ് നാം രക്ഷിക്കപ്പെടുന്നതെന്നത്  ദണ്ഡവിമോചനമെന്ന ദാനത്തിൽ പ്രതിഫലിക്കുന്നു. കുമ്പസാരം പാപങ്ങൾ കഴുകി കളയുമ്പോൾ, ദണ്ഡ വിമോചനം -ജൂബിലിയിലെ ദണ്ഡ വിമോചനം ഉൾപ്പെടെ - കുമ്പസാരത്തിൽ ക്ഷമിക്കപ്പെട്ട പാപങ്ങളുടെ ഫലങ്ങൾ നീക്കം ചെയ്യുന്നു. ദണ്ഡ വിമോചനത്തിനുള്ള പ്രത്യേക നിബന്ധനകൾ ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ബൂളയിൽ സൂചന നൽകുന്നുമുണ്ട്.

ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ മങ്ങാത്ത ഒന്നായിരിക്കട്ടെ വരുന്ന ജൂബിലി വർഷം എന്ന ഒരു വരിയോടെയാണ് ഫ്രാൻസിസ് പാപ്പാ ബൂള അവസാനിപ്പിക്കുന്നത്. അങ്ങനെ സഭയിലും സമൂഹത്തിലും, വ്യക്തി, അന്തർദേശീയ  ബന്ധങ്ങളിലും എല്ലാ  വ്യക്തികളുടെയും അന്തസ്സും ദൈവത്തിന്റെ സൃഷ്ടിയോടുള്ള ബഹുമാനവും അഭിവൃദ്ധിപ്പെടുന്നുവാനുള്ള നമ്മുടെ പരിശ്രമങ്ങൾ വീണ്ടെടുക്കാൻ നമുക്കാവട്ടെ എന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2024, 14:41