തിരയുക

പാപ്പാ ആമുഖമെഴുതിയ "നീതിയും സമാധാനവും പരസ്പരം ചുംബിക്കും" എന്ന പുസ്തകത്തിന്റെ പുറംചട്ട പാപ്പാ ആമുഖമെഴുതിയ "നീതിയും സമാധാനവും പരസ്പരം ചുംബിക്കും" എന്ന പുസ്തകത്തിന്റെ പുറംചട്ട 

സമാധാനം എല്ലാവരും ചേർന്ന് യാഥാർത്ഥ്യമാക്കേണ്ട മൂല്യം: ഫ്രാൻസിസ് പാപ്പാ

"നീതിയും സമാധാനവും പരസ്പരം ചുംബിക്കും" എന്ന പേരിൽ വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണവിഭാഗവും (LEV) അരേന പ്രസിദ്ധീകരണസംഘവും ചേർന്ന് പുറത്തിറക്കുന്ന പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കി ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയൻ നഗരമായ വെറോണയിലേക്ക് പാപ്പാ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സമാധാനം അധികാരമുള്ളവർ മാത്രമല്ല സ്ഥാപിക്കുന്നത്.

സാൽവത്തോറെ ചെർനൂസ്സിയോ, മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്

അധികാരികളും ശക്തരുമായ വ്യക്തികൾ നടത്തുന്ന അന്താരാഷ്ട്രകരാറുകൾ വഴി മാത്രമല്ല സമാധാനം സ്ഥാപിക്കപ്പെടുന്നതെന്നും, ഇത് എല്ലാവരുടെയും പങ്കാളിത്തത്തോടെ മാത്രം സാധിക്കുന്ന ഒന്നാണെന്നും ഫ്രാൻസിസ് പാപ്പാ. മെയ് 18 ശനിയാഴ്ച ഫ്രാൻസിസ് പാപ്പാ ഇറ്റലിയിലെ വെറോണ നഗരത്തിൽ നടക്കുന്ന സമാധാനസമ്മേളനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് "നീതിയും സമാധാനവും പരസ്പരം ചുംബിക്കും" എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ ആമുഖത്തിലാണ് സമാധാനസ്ഥാപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.

രാഷ്ട്രീയവും അന്ത്രാഷ്‍ട്രപരവുമായ തലങ്ങളിൽ നടത്തുന്ന കരാറുകളുടെ പ്രാധാന്യം കുറച്ചുകാണിക്കാതെ, വ്യക്തിപരമായ പ്രവർത്തനങ്ങളുടെ അനിവാര്യത എടുത്തുകാണിച്ച പാപ്പാ, സമാധാനം നമ്മുടെ ഭവനങ്ങളിലും, അയൽക്കാരുമായും, നാം ആയിരിക്കുന്ന ഇടങ്ങളിലും നാം ഒരുമിച്ചാണ് സമാധാനം സ്ഥാപിക്കേണ്ടതെന്ന് പാപ്പാ എഴുതി. കുടിയേറ്റക്കാരെ സഹായിക്കുമ്പോഴും, ഏകാന്തത അനുഭവിക്കുന്ന വയോധികരെ സന്ദര്ശിക്കുമ്പോഴും, ദുരുപയോഗം ചെയ്യപ്പെട്ട ഭൂമിയെ മാനിക്കുമ്പോഴും, പുതുജീവനുകളെ സ്വാഗതം ചെയ്യുമ്പോഴും സമാധാനസ്ഥാപനത്തിന്റേതായ പ്രവൃത്തികളാണ് നാം ചെയ്യുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സമാധാനസ്ഥാപനവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, നാസി പട്ടാളക്കാർ പിടിച്ചുകൊണ്ടുപോയ വെറോണക്കാരനായ ഡൊമെനിക്കോ മെർക്കാന്തേ എന്ന വൈദികന്റേയും, അദ്ദേഹത്തെ കൊല്ലാൻ തയ്യാറാകാതിരുന്ന ലെയൊനാർദോ ദെല്ലസേഗ എന്ന പട്ടാളക്കാരൻറെയും ഉദാഹരണം പാപ്പാ എടുത്തുപറഞ്ഞു. ഇരുവരും പിന്നീട് മൃഗീയമായ രീതിയിൽ കൊല്ലപ്പെട്ടുവെങ്കിലും, അക്രമങ്ങളെയും മരണത്തെയും ഇല്ലാതാക്കാൻ കഴിവുള്ള സ്നേഹത്തിന്റെ സാക്ഷികളായിരുന്നു അവരെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നീതിയില്ലെങ്കിൽ സമാധാനം അപകടത്തിലാണെന്നും, സമാധാനമില്ലെങ്കിൽ, നീതി പരുങ്ങലിലാകുമെന്നും പാപ്പാ ആമുഖത്തിൽ എഴുതി. ദൈവത്തിനും മനുഷ്യർക്കും അവരർഹിക്കുന്നത് നൽകുക എന്ന അർത്ഥത്തിൽ നീതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഹെബ്രായ ഭാഷയിലെ ഷാലോം എന്ന വാക്ക് അർത്ഥമാക്കുന്ന സമാധാനമെന്ന ചിന്തയുമായി നീതി വ്യക്തമായ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് കാണാമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ വാക്കിന്റെ അർത്ഥം, യുദ്ധത്തിന്റെ അഭാവം എന്നുമാത്രമല്ല, ജീവന്റെയും സമൃദ്ധിയുടെയും പൂർണ്ണത എന്നുകൂടിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നീതി നടപ്പാക്കാൻ സമാധാനത്തിന്റെ ആവശ്യമുണ്ടെന്ന് എഴുതിയ പാപ്പാ, എല്ലാ സംഘർഷങ്ങളുടെയും ആദ്യ ഇരയായി മാറുന്നത് നീതിയാണെന്ന് ഓർമ്മിപ്പിച്ചു. നീതിയുക്തമായ ഒരു സമൂഹത്തിന്, സമാധാനം ഒരു മുൻവ്യവസ്ഥയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. നീതിയും സമാധാനവും സാധ്യമാക്കാൻ നാം നൽകേണ്ട വില, നമ്മുടെ സ്വാർത്ഥതയോട് പോരാടുകയെന്നതാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, ഒരു തരത്തിലുമുള്ള സ്വാർത്ഥതയെയും ന്യായമായതെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ചു. അങ്ങനെയുള്ള ചിന്തകൾ സമൂഹത്തിന്റെയോ വ്യക്തിയുടെയോ ജീവിതവ്യവസ്ഥയായി മാറുന്നത് സംഘർഷങ്ങൾക്ക് വഴിതെളിക്കുമെന്ന് പരിശുദ്ധപിതാവ് കൂട്ടിച്ചേർത്തു. സ്വാർത്ഥത ഉള്ളിലുള്ളപ്പോൾ, അടുത്തുള്ളവർ തോൽപ്പിക്കപ്പെടേണ്ട നമ്മുടെ ശത്രുക്കളായി മാറുമെന്ന് എഴുതി.

മറ്റുള്ളവർക്കുവേണ്ടി ജീവൻ പോലും നൽകാൻ നാം തയാറാകേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ പലപ്പോഴും അത്തരമൊരു സാഹചര്യം നമുക്കുണ്ടാകുന്നില്ലെന്നും, അതേസമയം സമാധാനസ്ഥാപനത്തിൽ ക്രിസ്തുവിന്റെ കുരിശിന്റെ ശക്തിയുടെ സാക്ഷികളായി മാറുക എന്നത് പ്രധാനപ്പെട്ടതാണെന്നും പാപ്പാ എഴുതി. ആ കുരിശിൽനിന്ന് പിറക്കുന്ന നവജീവന്റെ സാക്ഷികളായി നാം മാറേണ്ടതുണ്ട്. ചെറിയ കാര്യങ്ങളിലൂടെയും വാക്കുകളിലൂടെയും സമാധാനം സ്ഥാപിക്കാൻ നമുക്ക് സാധിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നീതിയും സമാധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്ന പുതിയ ഈ പുസ്തകത്തിൽ, ഭൂതകാലസ്മരണകളും, വർത്തമാനകാലത്തിനുള്ള നിർദ്ദേശങ്ങളും, ഭാവിയിലേക്കുള്ള വാഗ്ദാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതിയിട്ടുള്ളത്. മെയ് പതിനഞ്ചിന് വെറോണയിൽ "അരേന" പത്രത്തിനൊപ്പം ഈ പുസ്തകവും വിതരണം ചെയ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2024, 17:17