സഭാനേതൃത്വവുമായി ഐക്യത്തിൽ ജീവിച്ച് സിനഡാത്മകസഭയെ വളർത്തുക: ഇടവകവൈദികരോട് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് ന്യൂസ്
സിനഡുമായി ബന്ധപ്പെട്ട് നടന്ന ഇടവകവൈദികരുടെ സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറോളം വൈദികർക്കായി അയച്ച കത്തിൽ, ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർക്ക് പാപ്പാ നന്ദി പറഞ്ഞു. വൈദികർക്കായുള്ള റോമൻ ഡികാസ്റ്ററി, സുവിശേഷവത്കരണത്തിനായും പൗരസ്ത്യസഭകൾക്കായുമുള്ള ഡികാസ്റ്ററികളുമായി യോജിച്ച് ഏപ്രിൽ 29 മുതൽ മെയ് 2 വരെ നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്കാണ് പാപ്പാ ഒരു കത്തിലൂടെ അഭിനന്ദനം അറിയിച്ചത്.
ഒരു സിനഡൽ സഭ വളർത്തിയെടുക്കുന്നതിൽ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർക്കുള്ള ഉത്തരവാദിത്വവും സാധ്യതകളും എടുത്തുപറഞ്ഞ പാപ്പാ, സുവിശേഷപ്രഘോഷണത്തിൽ അൽമായരുൾപ്പെടെ എല്ലാവർക്കുമുള്ള ഉത്തരവാദിത്വത്തെ പ്രത്യേകമായി പരാമർശിച്ചു.
സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് സഭയിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ച് എഴുതിയ പാപ്പാ, ആത്മാവ് ഓരോ വ്യക്തികളിലും നിക്ഷേപിക്കുന്ന വിത്തുകൾ തിരിച്ചറിയാൻ പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം വൈദികരെ ഓർമ്മിപ്പിച്ചു. കൂട്ടായ സുവിശേഷപ്രഘോഷണത്തിന് ഇത് ഏറെ സഹായിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.
ഇടവകയിലെ പ്രവർത്തനങ്ങൾ മാനവികമായ പദ്ധതികൾ എന്നതിനേക്കാൾ ആത്മാവിന്റെ പ്രകാശത്തിൽ നോക്കിക്കാണാനും, വിവേചനശക്തി ഉപയോഗിച്ച്, സിനഡലായ ഒരു സഭയുടെ പ്രവർത്തനത്തിനായി പരിശ്രമിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.
വൈദികരും മെത്രാന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, ഈ ബന്ധത്തിലുണ്ടാകേണ്ട സാഹോദര്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ഇടവകസമൂഹത്തിൽ ഐക്യം ഉളവാക്കുന്നതിന് ആദ്യം വൈദികരും മെത്രാന്മാരും തമ്മിലുള്ള ബന്ധത്തിൽ കൂടുതലായ ഐക്യം ഉണ്ടാകേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശ്വസനീയമായ സാക്ഷ്യത്തിനും ഇത്തരമൊരു ബന്ധം പ്രധാനപ്പെട്ടതാണെന്ന് പാപ്പാ വ്യക്തമാക്കി.
സിനഡാലിറ്റിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പാപ്പാ വൈദികരെ ആഹ്വാനം ചെയ്തു. മെത്രാൻ സിനഡിന്റെ പതിനാറാമത് അസംബ്ലിയുടെ രണ്ടാം ഭാഗം ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പപ്പാ സിനഡാത്മകചിന്തയെക്കുറിച്ച് വൈദികരെ ഉദ്ബോധിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: