സഭാ ഐക്യവും സുവിശേഷപ്രഘോഷണവും വളർത്തുന്നതിൽ സമർപ്പിതരുടെ പങ്ക് വലുത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഭയിൽ ഐക്യം വളർത്തുന്നതിലും, സഭയുടെ ലോകമെങ്ങുമുള്ള മിഷനറി പ്രവർത്തങ്ങളിൽ സഹായിക്കുന്നതിലും മുന്നിട്ടുനിൽക്കുന്ന സമർപ്പിതരുടെ ദൈവവിളിയെന്ന വലിയ ദാനത്തെക്കുറിച്ച് താൻ നന്ദിയുള്ളവനാണെന്ന് ഫ്രാൻസിസ് പാപ്പാ. ബ്രസീൽ സമർപ്പിത കോൺഫറൻസിന്റെ എഴുപതാം വാർഷികത്തിൽ നടത്തപ്പെടുന്ന സമർപ്പിത കോൺഗ്രസിൽ പങ്കെടുക്കുന്നവർക്കായി നൽകിയ സന്ദേശത്തിലാണ്, സമർപ്പിതജീവിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, സുവിശേഷപ്രഘോഷണത്തിലും ക്രൈസ്തവജീവിതസാക്ഷ്യത്തിലും സമർപ്പിതർ നൽകുന്ന പങ്കിനെ പാപ്പാ ശ്ലാഖിച്ചത്. ഈ ഭൂമിയുടെ പല ഭാഗങ്ങളിലും നടന്ന സുവിശേഷപ്രഘോഷണത്തിന്റെ പിന്നിൽ സമർപ്പിതരായ സ്ത്രീപുരുഷന്മാരാണുണ്ടായിരുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു. "നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോസ് 16, 15) എന്ന കർത്താവിന്റെ കല്പനയനുസരിച്ച് സ്വജീവിതം സമർപ്പിച്ചവരായിരുന്നു അവരെന്ന് പാപ്പാ അനുസ്മരിച്ചു.
ഓരോ സമർപ്പിതയുടെയും സമർപ്പിതന്റെയും ജീവിതത്തിൽ സദ്‌ഫലങ്ങൾ ഉളവാകാനായി ദൈവവിളിയെന്ന ദാനം അനുദിനം സംരക്ഷിക്കപ്പെടുകയും വളർത്തപ്പെടുകയും ചെയ്യേണ്ടതുണ്ടന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ഈയൊരർത്ഥത്തിൽ, അന്ത്യ അത്താഴവേളയിൽ യേശു നൽകിയ "നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ" (യോഹ. 15, 9) എന്ന കൽപ്പന ബ്രസീലിലെ ഇത്തവണത്തെ സമർപ്പിത കോൺഗ്രസിന്റെ പ്രമേയമായി എടുത്തതിൽ താൻ സന്തോഷിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. ദൈവവിളി നല്ല രീതിയിൽ ജീവിക്കുന്നതിന്, ദൈവസ്നേഹത്തിൽ നിലനിൽക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത് സാധ്യമാകുന്നത്, അനുദിന പ്രാർത്ഥനയിലൂടെയും, തങ്ങളുടെ വ്രതങ്ങളോടുള്ള വിശ്വസ്തതയിൽ നിലനിന്നുകൊണ്ടും, യേശുവുമായുള്ള ബന്ധം അനുദിനം സുദൃഢമായി തുടർന്നുകൊണ്ടുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
2020 ഫെബ്രുവരി ഒന്നാം തീയതി നടത്തിയ സുവിശേഷപ്രഭാഷണത്തിൽ താൻ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ദൈവസ്നേഹത്തിൽ നിലനിൽക്കുമ്പോഴാണ് സമർപ്പിതജീവിതത്തിന്റെ മനോഹാരിത വെളിവാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവിടെ ദാരിദ്ര്യം ഏറെ ബുദ്ധിമുട്ടുളള ഒന്നല്ലെന്നും, ഉന്നതമായ ഒരു സ്വാതന്ത്ര്യത്തിലേക്കും, ദൈവത്തെയും മറ്റുള്ളവരെയും യഥാർത്ഥ സമ്പത്തായി കാണുന്നതിലേക്കും അത് നമ്മെ നയിക്കുമെന്നും പറഞ്ഞത് പാപ്പാ അനുസ്‌മരിച്ചു. ചാരിത്ര്യം, ഊഷരമായ വന്ധ്യത എന്നതിനേക്കാൾ, സ്വന്തമാക്കാതെ സ്നേഹിക്കാനുള്ള ഒരു വഴിയായി മാറുന്നു. അനുസരണത്തെ ഒരു നിയന്ത്രണം എന്നതിനേക്കാൾ, യേശുവിന്റെ ശൈലിയിൽ, നമ്മുടെ അരാജകത്വത്തിന്മേലുള്ള വിജയമായി കാണാൻ നമുക്ക് സാധിക്കുന്നു (ഫ്രാൻസിസ് പാപ്പാ, സുവിശേഷപ്രഭാഷണം, 2020 ഫെബ്രുവരി 1).
ഭാവിയെ പ്രത്യാശയോടെ കണ്ടുകൊണ്ടും, പ്രവാചകസ്വരത്തിൽ സുവിശേഷം അറിയിച്ചുകൊണ്ടും, തങ്ങളുടെ സമർപ്പിതസമൂഹത്തിന്റേതായ പ്രത്യേക സിദ്ധികളുടെ സഹായത്തോടെ ജീവിക്കുന്നതിന് എഴുപത് വർഷങ്ങളുടെ സമർപ്പിതജീവിതത്തിന്റെ ചരിത്രം അനുസ്മരിക്കുന്ന ഇത്തവണത്തെ സമർപ്പിതകോൺഗ്രസ് സഹായിക്കട്ടെയെന്ന് പാപ്പാ സമർപ്പിതരോട് ആശംസിച്ചു.
ബ്രസീലിലെ സമർപ്പിതരുടെ അമ്മയായ അപ്പരസീദ (പ്രത്യക്ഷപ്പെട്ടവൾ) മാതാവിന്റെ മാധ്യസ്ഥ്യത്തിന് നിങ്ങൾക്കായുള്ള എന്റെ ആശംസകളും പ്രാർത്ഥനകളും സമർപ്പിക്കുന്നുവെന്ന് എഴുതിയ പാപ്പാ, തന്റെ സന്ദേശത്തിന്റെ അവസാനഭാഗത്ത് ഏവർക്കും അനുഗ്രഹങ്ങൾ നേരുകയും, തനിക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: