തിരയുക

വയോജനങ്ങളുമൊത്ത് ഫ്രാൻസിസ് പാപ്പാ വയോജനങ്ങളുമൊത്ത് ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

വാർദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണ്: ഫ്രാൻസിസ് പാപ്പാ

ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. വാർദ്ധക്യത്തിന്റെ മഹത്വം എടുത്തു പറയുന്ന വചന ഭാഗമാണ് ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ എല്ലാവരെയും അഭിസംബോധന ചെയ്യുന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വാർദ്ധക്യത്തിന്റെ മാഹാത്മ്യം സമൂഹത്തിൽ എടുത്തു കാണിക്കുന്നതിനും, വൃദ്ധരായവരെ ആദരിക്കുന്നതിനും , 2024 ജൂലൈ മാസം ഇരുപത്തിയെട്ടാം തീയതി ആഗോള വയോജനദിനമായി ആചരിക്കുന്നു. ദിനാഘോഷത്തിന്റെ  പ്രത്യേകതകൾ , എടുത്തുപറഞ്ഞുകൊണ്ട്, തിരുവചനഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള  ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകൾ അടിവരയിട്ടുകൊണ്ടാണ്  പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത്, തന്റെ വിശ്വസ്‌തസ്നേഹത്തിന്റെ വ്യതിരിക്തതയാണെന്നു പാപ്പാ എടുത്തു പറഞ്ഞു. ഈ സ്നേഹം നമ്മുടെ വാർധക്യത്തിൽ പോലും തുടരുന്നുവെന്നും, അതിനാൽ വാർദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.  സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനിൽക്കുമ്പോൾ തന്നെയും, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വാർധക്യത്തിൽ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും പാപ്പാ പങ്കുവച്ചു. അർജന്റീനയിൽ ഇത്തരത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ, മെത്രാനെന്ന നിലയിൽ തന്നോട് പങ്കുവച്ച ഒഴിവാക്കലുകളുടെയും, ഒറ്റപ്പെടലുകളുടെയും അനുഭവസാക്ഷ്യങ്ങളും പാപ്പായുടെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

"യുവാക്കളിൽ നിന്ന് ഭാവി മോഷ്ടിക്കുന്നു" എന്ന ആരോപണം പ്രായമായവർക്ക് മേൽ ചുമത്തുന്ന പ്രവണതയും പാപ്പാ സൂചിപ്പിച്ചു. ചെറുപ്പക്കാരെ പ്രീതിപ്പെടുത്താൻ പ്രായമായവരെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന മട്ടിൽ പെരുമാറുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണെന്നും പാപ്പാ പറഞ്ഞു. എന്നാൽ ബന്ധങ്ങൾ ഊഷ്മളമാകുവാൻ തലമുറകൾ തമ്മിലുള്ള ഐക്യം ഏറെ അത്യന്താപേക്ഷിതമെന്നും, അതിനു പരസ്പരമുള്ള സഹകരണം ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

പ്രായമായവരുമായി അടുക്കുന്നതിലൂടെ, കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരം വയ്ക്കാനാവാത്ത പങ്ക് തിരിച്ചറിയുന്നതിലൂടെ,  നമുക്ക് കൃപയ്ക്കുമേൽ കൃപ ലഭിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. തിരസ്കരണത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുന്ന സ്വാർത്ഥ മനോഭാവവുമായി പൊരുത്തപ്പെടാതെ, 'ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല' എന്നു  പറഞ്ഞുകൊണ്ട് അവരെ ചേർത്തുനിർത്തുന്ന സംസ്കാരം വളർത്തിയെടുക്കുവാൻ പാപ്പാ തന്റെ സന്ദേശത്തിലൂടെ എല്ലാവരെയും ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2024, 13:09