പരസ്പരാശ്രിതത്വമാണ് പൊതുഭവനത്തിന്റെ പരിപാലനത്തിനുള്ള ഉപാധി: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സമഗ്ര മാനവവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ, "പരിചരണം ജോലിയാണ്, ജോലിയാണ് പരിചരണം" എന്ന തലക്കെട്ടിൽ നടക്കുന്ന, വിദഗ്ദ്ധസംവാദത്തിൽ പങ്കാളികളാകുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.
ഫ്രാൻസിസ് പാപ്പായുടെ, 'ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 'തൊഴിൽമേഖലയുടെ ഭാവിയെക്കുറിച്ചുള്ള' ചർച്ചകൾക്ക് രൂപം കൊണ്ട സംഘടനയിലെ അംഗങ്ങളാണ് വിദഗ്ദ്ധസംവാദത്തിൽ പങ്കാളികളാകുന്നവർ. അവരുടെ നിസ്വാർത്ഥമായ സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.
പരിവർത്തനാത്മകമായ ഒരു ആഗോള സമൂഹം കെട്ടിപ്പടുക്കുക എന്ന സംഘടനയുടെ ലക്ഷ്യം പൂർത്തീകരിക്കുവാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തൊഴിൽ സാഹചര്യങ്ങൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നത് ഏറെ ദൗർഭാഗ്യകരമെന്നും, അതിനാൽ തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ നിതാന്തജാഗ്രത പുലർത്തണമെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു.
280 ദശലക്ഷത്തിലധികം ആളുകൾ ഉയർന്ന അളവിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന ആഗോളറിപ്പോർട്ട് ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും, അതിനാൽ അതിനെ ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാവരും തയാറാവണമെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. പ്രത്യേകമായും പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക ആഘാതങ്ങളും, യുദ്ധങ്ങളും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രധാന ചാലകശക്തികളാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
അക്രമത്താലും ദാരിദ്ര്യത്താലും തകർന്ന ജന്മനാടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന ജനതയെയും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു. വലിയ അളവിലുള്ള സാമ്പത്തികപ്രതിസന്ധി അവരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു എന്ന സത്യവും പാപ്പാ മറച്ചുവച്ചില്ല.
എന്നാൽ ഈ ആളുകൾക്ക് ജോലി ചെയ്യുവാനുള്ള അവസരം നൽകിക്കൊണ്ട്, രാജ്യത്തിൻറെ പുരോഗതി നേടിയെടുക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും പാപ്പാ ആഹ്വാനം ചെയ്തു. അതിനാൽ മാന്യമായ തൊഴിലിടങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സാമൂഹിക നീതി ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു.
ജോലിയും പരിസ്ഥിതിയും തമ്മിലുള്ള പരസ്പരാശ്രിതത്വം കണക്കിലെടുക്കുമ്പോൾ, അത് പൊതു ഭവനത്തിന്റെ പരിപാലനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അതിനാൽ പരസ്പര ഐക്യത്തിൽ നന്മകൾ പുറപ്പെടുവിക്കുവാൻ നാമെല്ലാവരും ബാധ്യസ്ഥരാണെന്നും പാപ്പാ ഉപസംഹാരമായി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: