തിരയുക

ഹോങ്കോംഗ് ക്രിസ്ത്യൻ കൗൺസിലിൻ്റെ പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുന്നു ഹോങ്കോംഗ് ക്രിസ്ത്യൻ കൗൺസിലിൻ്റെ പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുന്നു   (Vatican Media)

ഐക്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

മെയ് മാസം 22 ആം തീയതി രാവിലെ "ഹോങ്കോംഗ് ക്രിസ്ത്യൻ കൗൺസിലിൻ്റെ" പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്ക് ആശംസകൾ നേരുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2024 മെയ് മാസം 22 ആം തീയതി രാവിലെ "ഹോങ്കോംഗ് ക്രിസ്ത്യൻ കൗൺസിലിൻ്റെ" പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്ക് ആശംസകൾ നേരുകയും ചെയ്തു. പൊതുകൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പോൾ ആറാമൻ ശാലയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. തന്നെ സന്ദർശിക്കുവാൻ എത്തിയ പ്രതിനിധി സംഘത്തിലെ എല്ലാവരോടുമുള്ള അകൈതവമായ നന്ദി പാപ്പാ അറിയിച്ചു.

"ക്രൈസ്തവ സഭകളുടെ ഐക്യം അന്തിമവിധി ദിനത്തിൽ  മാത്രമേ സാധ്യമാവുകയുള്ളൂ", എന്ന ഓർത്തോഡോക്സ് മെത്രാനായ സിസിയോളാസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് തന്റെ വാക്കുകൾ ആരംഭിച്ച പാപ്പാ തുടർന്ന്, മെത്രാൻ ഉദ്ധരിച്ച മറ്റു ചിന്തകളും പങ്കുവച്ചു. " നമ്മൾ ഒരുമിച്ച് പ്രാർത്ഥിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും വേണം". നാമെല്ലാവരും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരായതുകൊണ്ട് ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ ബാധ്യസ്ഥരാണെന്നും, ഒരുമിച്ചു പ്രാർത്ഥിക്കുവാൻ തയ്യാറാവണമെന്നും പാപ്പാ പറഞ്ഞു.

ഒരേ മാമോദീസയിലാണ് നാം പങ്കുപറ്റുന്നതെന്ന ചിന്ത നാം വളർത്തണമെന്നും, ഇതാണ് നമ്മെ ക്രിസ്താനികൾ എന്ന നാമധേയത്തിനു അർഹരാക്കുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. എന്നാൽ നമ്മുടെ ഐക്യത്തിന് വിഘാതമായി നിരവധി ശത്രുക്കൾ പുറത്തു കാത്തുനിൽക്കുന്നുവെന്നും, നാം അതിനു വിപരീതമായി സുഹൃത്തുക്കൾ എന്ന നിലയിൽ ഒന്നിച്ചുനിൽക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. എപ്പോഴും നമ്മുടെ സഭകളെല്ലാം  പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, വിശ്വാസത്തിന്റെ ഈ രക്തസാക്ഷിത്വ സാക്ഷ്യത്തിലും നാം മുൻപോട്ടു പോകണമെന്നും പാപ്പാ പറഞ്ഞു.  ഈ രക്തസാക്ഷിത്വമാണ്, രക്തത്തിലുള്ള മാമോദീസായെന്നും പാപ്പാ ഉപസംഹാരമായി കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2024, 12:41