അനീതികൾക്കെതിരെ പോരാടുവാൻ രക്തസാക്ഷികൾ നമ്മെ ക്ഷണിക്കുന്നു: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
1974 മെയ് മാസം പതിനൊന്നാം തീയതി രക്തസാക്ഷിത്വം വരിച്ച അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് അതിരൂപതാ വൈദികനായിരുന്ന ഫാ. കാർലോസ് മൂജിക്കയുടെ അൻപതാം വാർഷികത്തിൽ, ഫ്രാൻസിസ് പാപ്പാ അതിരൂപതയിലെ വിശ്വാസികൾക്ക് കത്തയച്ചു.
'മൂജിക്ക വാരം' എന്ന പേരിൽ ഒരാഴ്ചയായി അതിരൂപതയിൽ നടന്നുവന്ന കർമ്മങ്ങളുടെ ഉപസംഹാരവേളയിൽ വിശുദ്ധ ബലിയുടെ മധ്യേയാണ് ഫ്രാൻസിസ് പാപ്പായുടെ കത്ത് വിശ്വാസികൾക്കായി വായിക്കപ്പെട്ടത്.
ഭാരമേറിയ കുരിശുകൾ വഹിക്കുന്നവർക്കിടയിൽ സാഹോദര്യവും പ്രതിബദ്ധതയുമുള്ള സാന്നിധ്യം പുതുക്കാനുള്ള അവസരമാണ് ഈ രക്തസാക്ഷിത്വ അനുസ്മരണം നൽകുന്നതെന്ന് പാപ്പാ തന്റെ കത്തിൽ അടിവരയിട്ടു പറഞ്ഞു.
ഫാ. കാർലോസിന്റെ രക്തസാക്ഷിത്വം എല്ലാത്തരം അനീതിക്കെതിരെയും പോരാടാനും, ഭരണകൂടത്തോടും സമൂഹത്തോടും ബുദ്ധിപരമായ സംവാദം നടത്താനും, അപ്രകാരം ജനങ്ങളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഒരു സമൂഹത്തെ ശക്തിപ്പെടുത്തുവാനുള്ള വെല്ലുവിളി നമുക്ക് നൽകുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.
പ്രത്യയശാസ്ത്രങ്ങളോ, നിസ്സംഗതയുടെ സംസ്കാരമോ നമ്മുടെ ജീവിതത്തെ ഭരിക്കുവാൻ അനുവദിക്കരുതെന്നും, മറിച്ച് സഭയുടെ സാമൂഹിക സിദ്ധാന്തത്തിൻ്റെ തത്വങ്ങൾ സാമൂഹിക ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുവാൻ കർത്താവിനോട് നാം പ്രാർത്ഥിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: