മരണാസന്നരായ രോഗികളുടെ പരിചാരകർ പ്രത്യാശയുടെ വക്താക്കളാകണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കാനഡയിലെ ടൊറന്റോയിൽ മെയ് മാസം 21 മുതൽ 23 വരെ നടക്കുന്ന മരണാസന്നരോഗീപരിചരണത്തെക്കുറിച്ചുള്ള (പാലിയേറ്റീവ് കെയർ) അന്താരാഷ്ട്ര അന്തർവിശ്വാസ ചർച്ചായോഗത്തിൽ (സിമ്പോസിയം) സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. 'പ്രത്യാശയുടെ വിവരണത്തിലേക്ക്' എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. വത്തിക്കാനിലെ ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയും, കനേഡിയൻ മെത്രാൻ സമിതിയും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിന്റെ ആപ്തവാക്യം, യുദ്ധം, അക്രമം, വിവിധതരം അനീതികൾ എന്നിവയാൽ കലുഷിതമായ ഒരു ലോകത്ത്, കാലാനുസൃതവും, ആവശ്യവുമാണെന്ന് പാപ്പാ ആമുഖമായി അടിവരയിട്ടു പറഞ്ഞു. ഇക്കാലത്ത്, ദുഖത്തിനും, നിരാശയ്ക്കും വളരെയധികം കീഴടങ്ങുന്ന ഒരു സമൂഹത്തിൽ, മനുഷ്യകുടുംബത്തിലെ അംഗങ്ങളെന്ന നിലയിലും പ്രത്യേകിച്ച് വിശ്വാസികൾ എന്ന നിലയിലും പ്രത്യാശയുടെ നാമ്പുകൾ കണ്ടെത്തുവാൻ നാം മറ്റുള്ളവരെ സഹായിക്കേണ്ടത് ഏറെ ആവശ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"ജീവിതത്തിലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉത്കണ്ഠകളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് മുന്നിൽ നമുക്ക് ശക്തി നൽകുന്നത് പ്രത്യാശയാണ്", പാപ്പാ പറഞ്ഞു. ഗുരുതരമായ ഒരു രോഗത്തെയോ ജീവിതാവസാനത്തെയോ അഭിമുഖീകരിക്കുമ്പോൾ ഇത് കൂടുതൽ അനിവാര്യമെന്നും, അതിനാൽ അവരെ പരിപാലിക്കുന്ന എല്ലാവരും പ്രത്യാശയുടെ സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വേദനയുടെ ഭാരം കഴിയുന്നത്ര ലഘൂകരിക്കാൻ ശ്രമിക്കുമ്പോൾ, എല്ലാറ്റിനുമുപരിയായി ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള അടുപ്പത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വ്യക്തമായ അടയാളമാണ് പാലിയേറ്റീവ് കെയർ എന്ന സത്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.
അതേസമയം ദയാവധം എന്നത്, സ്നേഹത്തിന്റെ പരാജയവും, വലിച്ചെറിയപ്പെട്ട സംസ്കാരത്തിന്റെ പ്രതിഫലനവുമാണെന്നും പാപ്പാ പറഞ്ഞു. പലപ്പോഴും അനുകമ്പയുടെ ഒരു രൂപമായി തെറ്റായി അവതരിപ്പിക്കപ്പെടുന്ന ദയാവധം ഒഴിവാക്കപ്പെടണമെന്നും പാപ്പാ ആവശ്യപ്പെട്ടു. "അനുകമ്പ" എന്ന വാക്കിന്റെ അർഥം "കൂടെ സഹിക്കുന്നതും", ഭൗമിക തീർത്ഥാടനത്തിന്റെ അവസാന ഘട്ടങ്ങളെ അഭിമുഖീകരിക്കുന്നവരുടെ ഭാരങ്ങൾ പങ്കിടാനുള്ള സന്നദ്ധതയുമാണെന്നും അല്ലാതെ മനഃപൂർവം മറ്റുള്ളവരുടെ ജീവിതത്തെ അവസാനിപ്പിച്ചുകൊടുക്കുന്നതല്ലെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.
"മരണാസന്നരായവർക്ക് പ്രതീക്ഷ നൽകാനും, കൂടുതൽ നീതിയുക്തവും സാഹോദര്യപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും ദൈവം നിങ്ങളെ സഹായിക്കട്ടെ", എന്ന ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: