മാനുഷികമായ സൗന്ദര്യത്തേക്കാൾ ദൈവികമായ സൗന്ദര്യമാണ് പ്രധാനപ്പെട്ടത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
രോഗികളായ കുട്ടികൾക്ക് സർജറികൾ വഴി അവരുടെ പുഞ്ചിരി തിരികെ നൽകുന്നതിനായി പ്രയത്നിക്കുന്നതിലൂടെ, കുട്ടികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും, സമൂഹത്തിന് മുഴുവനുമാണ് സർജന്മാരായ ഡോക്ടർമാർ പുഞ്ചിരി സമ്മാനിക്കുന്നതെന്ന് പാപ്പാ. പ്രൊഫസ്സർ ഇവോ പിത്തൻഗുയിയുടെ പൂർവ്വവിദ്യാർത്ഥികളുടെ സംഘടന (എക്സ്പി) എന്ന പേരിലുള്ള അസോസിയേഷനിലെ ഡോക്ടർമാർക്ക് മെയ് ഇരുപത്തിമൂന്ന് വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, കുട്ടികൾക്കും അതുവഴി സമൂഹത്തിനുമായി അവർ ചെയ്യുന്ന സേവനങ്ങളെ പാപ്പാ അഭിനന്ദിച്ചത്.
കണ്ണുകൾകൊണ്ട് കാണാവുന്നതിനപ്പുറമുള്ള ഒരു സൗന്ദര്യത്തെയാണ് നമ്മുടെ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് മനുഷ്യരും, ഡോക്ടർമാരും, ക്രൈസ്തവരുമെന്ന നിലയിൽ, നാം തിരിച്ചറിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈയൊരു സൗന്ദര്യം, ഫാഷന്റെയും, സംസ്കാരത്തിന്റെയും, രൂപഭാവങ്ങളുടെയും കച്ചവടതന്ത്രങ്ങൾക്ക് വിധേയമല്ലാത്ത ഒരു സൗന്ദര്യമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ശാസ്ത്രക്രിയവഴി, നമുക്ക് രൂപഭേദം വരുത്താനാകുന്നതല്ല ദൈവികമായ സൗന്ദര്യമെന്ന് പാപ്പാ എടുത്തുപറഞ്ഞു.
"കർത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിപ്പിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തിൽനിന്ന് മഹത്വത്തിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്" വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം മൂന്നാം അദ്ധ്യായം പതിനെട്ടാം വാക്യം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മിൽ പതിഞ്ഞിരിക്കുന്ന ദൈവത്തിന്റെ ചിത്രം, നന്മപ്രവൃത്തികൾ വഴിയും, സ്വയം നൽകുന്ന സ്നേഹം വഴിയും ലോകത്തിൽ വെളിവാക്കാനായി ദൈവം നമ്മെ കൈപിടിച്ച് നടത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.
മനുഷ്യപുത്രരിൽ ഏറ്റവും സുന്ദരനായും (സങ്കീ. 45, 3), എന്നാൽ അതേസമയം, കുരിശിലെ സഹനങ്ങൾ മൂലം മനുഷ്യനെന്ന് തോന്നാത്തവിധം വിരൂപനായവനുമായി (ഏശയ്യാ 52, 14) വിശുദ്ധഗ്രന്ഥം യേശുവിനെ അവതരിപ്പിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈ വൈരുധ്യങ്ങളുടെ നടുവിൽ, യേശു അവന്റെയും നമ്മുടെയും യഥാർത്ഥ മുഖം കാട്ടുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, കുരിശിന്റെ വഴിയിലൂടെ നടന്നും, നമ്മുടെ ഒന്നുമില്ലായ്മ അംഗീകരിച്ചും, നമ്മെ ഒരിക്കലും നിരാശപ്പെടുത്താത്തതും, മങ്ങിപ്പോകാത്തതുമായ പ്രത്യാശയിലേക്കും, നിത്യമായ മഹത്വത്തിലേക്കും നയിക്കുന്നതുമാണ് (1 കോറി. 9, 25) അതെന്ന് പറഞ്ഞു.
ബ്രസീലിൽനിന്നുള്ള എക്സ്പി സംഘടനയുടെ മേൽനോട്ടത്തിൽ മെയ് 24, 25, തീയതികളിൽ റോമിൽ വച്ചു നടത്തപ്പെടുന്ന പ്ലാസ്റ്റിക് സർജന്മാരുടെ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഡോക്ടർമാർക്കാണ് മെയ് 23-ന് വത്തിക്കാനിൽ പാപ്പാ അഭിമുഖം അനുവദിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: