ഫ്രാൻസിസ് പാപ്പായും കാന്റർബറി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ജസ്റ്റിൻ വെൽബിയും ഫ്രാൻസിസ് പാപ്പായും കാന്റർബറി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ജസ്റ്റിൻ വെൽബിയും  (Vatican Media)

കത്തോലിക്കാ-ആംഗ്ലിക്കൻ സഭകളുടെ ഐക്യം പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

ഉത്ഥിതനായ ക്രിസ്തുവിൽനിന്ന് ധൈര്യവും സമാധാനവും നേടുവാൻ ഫ്രാൻസിസ് പാപ്പായുടെ ക്ഷണം. മെയ് രണ്ട് വ്യാഴാഴ്ച ആംഗ്ലിക്കൻ സഭാനേതൃത്വത്തിന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ ലോകം മുന്നിൽ വയ്ക്കുന്ന പ്രയാസങ്ങളുടെയും ഭയങ്ങളുടെയും മുന്നിൽ പതറാതെ, ക്രിസ്തുവില്നിന്ന് ധൈര്യം സ്വന്തമാക്കി മുന്നേറാൻ പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നമ്മെ ഒരിക്കലും നിരാശപ്പെടുത്തില്ലാത്ത ഉത്ഥിതൻ നൽകുന്ന പ്രത്യാശയോടെ മുന്നേറാൻ ആംഗ്ലിക്കൻ സഭാനേതൃത്വത്തെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. മെയ് രണ്ട് വ്യാഴാഴ്ച രാവിലെ ആംഗ്ലിക്കൻ സഭാനേതൃത്വത്തിന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയുടെ അവസരത്തിൽ സംസാരിക്കവെ, ക്രിസ്തു നൽകുന്ന പ്രത്യാശയോടെ ജീവിക്കാൻ ആശംസിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യരോട് ആശംസിച്ചതുപോലെ, ഞാനും നിങ്ങൾക്ക് സമാധാനം നേരുന്നുവെന്ന് പാപ്പാ പറഞ്ഞു.

ശിഷ്യരെപ്പോലെ, നേടാനാകാതിരുന്നവയെക്കുറിച്ചുള്ള നിരാശയും, അസ്വാസ്ഥ്യങ്ങളും നമ്മെ നയിക്കാൻ അനുവദിക്കാതെ, ഉത്ഥിതനായ ക്രിസ്തുവിലേക്ക് നോക്കാനും, അവൻ നമുക്ക് നൽകുവാൻ ആഗ്രഹിക്കുന്ന സമാധാനവും പരിശുദ്ധാത്മാവിന്റെയും സ്വന്തമാക്കുവാനും പാപ്പാ ആഹ്വാനം ചെയ്‌തു.

കാന്റർബറി അതിരൂപതാധ്യക്ഷനായി അഭിവന്ദ്യ ജസ്റ്റിൻ വെൽബിയും, റോമിന്റെ മെത്രാനായി താനും ഏതാണ്ട് ഒരേ കാലത്താണ് പ്രവർത്തിക്കാൻ ആരംഭിച്ചതെന്ന് പറഞ്ഞ പാപ്പാ, വിശുദ്ധ പൗലോസിന്റെ മനസാന്തരദിനത്തിലെ സായാഹ്നപ്രാർത്ഥനാവേളയിൽ കത്തോലിക്കാ, ആംഗ്ലിക്കൻ സഭകളിൽനിന്നുള്ള ചില മെത്രാന്മാർക്ക്, പുനരൈക്യത്തിന്റെ മുന്നോടിയെന്നവണ്ണം ഒരുമിച്ച് സേവനം ചെയ്യാൻ തങ്ങൾ നിർദ്ദേശം നൽകിയത് പരാമർശിച്ചു.

ഇപ്പോഴും ഇരുസഭകളും തമ്മിലുള്ള ഐക്യം അപൂർണ്ണമാണെങ്കിലും, ദൈവം നമ്മെ ഐക്യത്തിന്റെ നിർമ്മാതാക്കളാകാനാണ് വിളിച്ചിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അജപാലന, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലും, സുവിശേഷസന്ദേശത്തിന് സാക്ഷ്യം നൽകുന്നതിലും സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ നാം ക്രിസ്തുവിൽ സഹോദരീസഹോദരങ്ങളാണെന്നത് നമുക്ക് അംഗീകരിക്കാതിരിക്കാനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആംഗ്ലിക്കൻ-കത്തോലിക്കാ അന്താരാഷ്ട്ര കമ്മീഷൻ കഴിഞ്ഞ അൻപത് വർഷങ്ങളായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെ താൻ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും നമ്മെ ഒന്നിപ്പിക്കുന്ന ഐക്യം, ക്രിസ്തുവിലുള്ള ജ്ഞാനസ്നാനം, ഒരുപോലെ പങ്കുവയ്ക്കപ്പെടുന്ന തിരുവചനം, അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം തുടങ്ങിയ വിവിധ കാര്യങ്ങൾ തന്റെ പ്രഭാഷണത്തിൽ പാപ്പാ പരാമർശിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന പ്രയാസങ്ങളുടെ മുന്നിലും പരിശുദ്ധാത്മാവെന്ന മുഖ്യകഥാപാത്രം ഉയർന്നുവരുന്നുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു. ചർച്ചകളെക്കുറിച്ച് നമുക്ക് ഭയമുണ്ടാകരുതെന്നും, പരിശുദ്ധാത്മാവിന് പ്രഥമസ്ഥാനം നൽകിക്കൊണ്ട് അവയെ നാം അഭിമുഖീകരിക്കേണ്ടതുണ്ടെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദൈവം നമുക്ക് നിർദ്ദേശിക്കുന്ന മാർഗ്ഗം ക്രിസ്തുവിനോട് ചേർന്ന് നിന്നുകൊണ്ട് പൂർണ്ണമായ ഐക്യത്തിലേക്കെത്തുക എന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മുറിവുകളേറ്റ ഇന്നത്തെ ലോകത്തിന് ക്രിസ്തുവിന്റെ അടയാളങ്ങൾ ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു. യുദ്ധങ്ങളും സംഘർഷങ്ങളും അനീതിയും നിറഞ്ഞ ഈ ലോകത്തിനുമുൻപിൽ രക്ഷകനായ ക്രിസ്തുവിനെയല്ലാതെ മറ്റാരെയാണ് നമുക്ക് ലോകത്തോട് നിർദ്ദേശിക്കാനാകുക എന്ന് പാപ്പാ ചോദിച്ചു. ദുർബലവും, അവശതയുള്ളതുമായ നമ്മുടെ ഈ ലോകത്തോട് അപ്പസ്തോലപ്രവർത്തനങ്ങളിൽ പത്രോസ് മുടന്തനോട് പറയുന്നതുപോലെ വെള്ളിയും സ്വർണ്ണവുമല്ല, ക്രിസ്തുവിനെയും അവന്റെ രാജ്യത്തെയും കുറിച്ചാണ് നമുക്ക് പ്രഘോഷിക്കാനുള്ളതെന്ന് പാപ്പാ പറഞ്ഞു.

റോമിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ എഴുതിയ "ദൈവത്തിന്റെ സേവകരുടെ സേവകൻ" എന്ന റോമാമെത്രാന്റെ വിശേഷണം, അധികാരത്തെയും സേവനത്തെയും വേർതിരിച്ചുകാണുകയെന്ന അപകടത്തിൽനിന്ന് നമ്മെ രക്ഷിക്കുമെന്നും, "നിങ്ങൾക്കിടയിൽ സേവനം ചെയ്യുന്നവനാകട്ടെ അധികാരി" (ലൂക്ക 22, 27) എന്ന സുവിശേഷചിന്തയോട് യോജിച്ചുപോകുമെന്നും വിശദീകരിച്ചു.

കത്തോലിക്കാസഭ നടത്തിവരുന്ന സിനഡാത്മകപ്രയാണത്തെ പരാമർശിച്ച പാപ്പാ, ആംഗ്ലിക്കൻ മെത്രാന്മാരിൽ ചിലർ സിനഡിന്റെ ജനറൽ അസംബ്ലിയുടെ ആദ്യഭാഗത്ത് പങ്കെടുത്തതിൽ സന്തോഷം പങ്കുവയ്ക്കുകയും, വരാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. റോമിന്റെ മെത്രാന്റെ സ്ഥാനം കൂടുതൽ മനസ്സിലാക്കാൻ സിനഡ് സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കൂടുതലായി പ്രാർത്ഥിക്കാനും, ഒരുമിച്ച് പ്രവർത്തിക്കാനും വിശ്വാസപ്രയാണം തുടരാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. 2016-ൽ ഐക്യത്തിനുള്ള ആഗ്രഹം പ്രകടമാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം പാപ്പാ ആവർത്തിച്ചു. ക്രിസ്തുവിന് സാക്ഷ്യം നൽകുന്നതിൽ സഭയിലെ ഭിന്നതകൾ തടസ്സമായി നിൽക്കാതിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. എളിമയോടെയും സ്നേഹത്തോടെയും ക്രിസ്തുവിന് സാക്ഷ്യം നൽകാൻ തയ്യാറായാൽ, അവൻ നമ്മെ പരസ്‌പരം അടുപ്പിക്കുമെന്ന് പാപ്പാ പറഞ്ഞു. ഐക്യത്തിലേക്കുള്ള വളർച്ചയുമായി ബന്ധപ്പെട്ട് “മറ്റു സംവിധാനങ്ങൾക്ക് മുൻപ് സഹോദരൻ” എന്ന ഒരു മുൻഗണനാതത്വം പാപ്പാ ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2024, 15:55