രോഗികളായ സഹോദരങ്ങൾക്കായുള്ള സേവനത്തിൽ ദൈവസ്നേഹം അനുഭവവേദ്യമാക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സന്ന്യസ്തർക്കും സഭ മുഴുവനും വേണ്ടിയുള്ള ദൈവകൃപയുടെ സമയമാണ് ജനറൽ ചാപ്റ്ററിന്റേതെന്ന് ഫ്രാൻസിസ് പാപ്പാ. ദൈവസ്നേഹമെന്ന ഔഷധമാണ് സഹനത്തെ അതിജീവിക്കാനുള്ള മെച്ചപ്പെട്ട ഔഷധമെന്ന് തിരിച്ചറിഞ്ഞ്, ധൈര്യപൂർവ്വം തങ്ങളുടെ സേവനം തുടരാൻ ജനറൽ ചാപ്റ്ററിൽ പങ്കെടുത്തുവരുന്ന തിരുഹൃദയത്തിന്റെ ഹോസ്പിറ്റലർ സിസ്റ്റേഴ്സ്, വിശുദ്ധ കാമില്ലോയുടെ പെൺമക്കൾ എന്നീ സന്ന്യസ്തസമൂഹാംഗങ്ങളുടെ പ്രതിനിധികളെ പാപ്പാ ക്ഷണിച്ചു. മെയ് ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച ഇരു സമൂഹങ്ങളുടെയും പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ്, രോഗികളായ മനുഷ്യർക്കുവേണ്ടിയുള്ള ശുശ്രൂഷയുടെ മൂല്യവും, ഇരുസമൂഹങ്ങളും ചെയ്യുന്ന സേവനത്തിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞത്.
വലിയ കണക്കുകൂട്ടലുകൾ ഇല്ലാതെ, സ്നേഹത്തിന്റെ "വിശുദ്ധമായ ഉന്മാദത്താൽ" പ്രേരിതരായി, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനുകീഴെ, വലിയ സേവനങ്ങൾ ചെയ്യാൻ തയ്യാറാകുന്ന സഭാസ്ഥാപകപിതാക്കളുടെയും മാതാക്കളുടെയും ചരിത്രമാണ് രണ്ട് സന്ന്യസ്തസഭകളുടെയും ആരംഭത്തിൽ കാണാനാകുന്നതെന്ന് പാപ്പാ പറഞ്ഞു. സ്നേഹമില്ലെങ്കിൽ ഒന്നുമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മാനസികമായ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിച്ചിരുന്ന മനുഷ്യർക്കായി, 1881-ൽ സ്പെയിനിൽ മരിയ അംഗുസ്തിയാസ്, ധന്യയായ മരിയ യോസെഫ റേസിയോ, വിശുദ്ധ ബെനെദെത്തോ മെന്നി എന്നിവർ ആരംഭിച്ച "തിരുഹൃദയത്തിന്റെ ഹോസ്പിറ്റലർ സിസ്റ്റേഴ്സ്" എന്ന സഭയുടെ ആരംഭം ഇത്തരത്തിലുള്ള സ്നേഹത്തിന്റെ പ്രവൃത്തിയായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. വ്യക്തിതാല്പര്യങ്ങളില്ലാതെയാണ് അവർ ഈയൊരു സ്ഥാപനം തുടങ്ങിയത്. ആതുരാലയങ്ങളിലെ സേവനത്തിലൂടെ, സഹനത്തിലായിരിക്കുന്ന മനുഷ്യർക്ക് ദൈവത്തിന്റെ കരുണ അനുഭവവേദ്യമാക്കുവാനായി അവർ ആരംഭിച്ച സേവനം പിന്നീടങ്ങോട്ടുവന്ന സഹോദരിമാർ തുടരുകയായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാവരുടെയും നന്മ ലക്ഷ്യമാക്കിക്കൊണ്ട്, സാമൂഹികമായ ഒരു വ്യവസ്ഥ സൃഷ്ടിച്ച്, രോഗികളെയും, അവരുടെ കുടുംബങ്ങളെയും, ഡോക്ടർമാരെയും, സന്യസ്തരെയും, സന്നദ്ധസേവകരെയും സഹകരിപ്പിച്ചുകൊണ്ടാണ് ഈയൊരു സേവനം നടത്തിവരുന്നതെന്നത് പാപ്പാ അനുസ്മരിച്ചു. അങ്ങനെ എല്ലാവരും ഒരുമിച്ച്, ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങളും, തങ്ങൾ കൊണ്ടുനടക്കുന്ന മുറിവുകളും അനുസരിച്ച് സൗഖ്യപ്പെടുന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമുക്കെല്ലാവർക്കും സൗഖ്യത്തിന്റെ ആവശ്യമുണ്ടെന്നും, അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കുന്നത് നമുക്ക് തന്നെ നന്മ ഭവിക്കുവാൻ കാരണമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഹോസ്പിറ്റലർ സിസ്റ്റർമാരുടെ സഭാസ്ഥാപനത്തിന് ഏതാനും വർഷങ്ങൾക്കുശേഷം, 1892-ൽ വിശുദ്ധ ജ്യുസെപ്പീന വന്നീനി എന്ന വനിത, വിശുദ്ധ കമില്ലോ ദേ ലെല്ലിസ്, വാഴ്ത്തപ്പെട്ട ലൂയിജി തെസ്സ എന്നിവരാൽ പ്രേരിതയായി, രോഗികൾക്ക് സേവനം നൽകുക എന്ന നിയോഗത്തോടെ വിശുദ്ധ കാമില്ലോയുടെ പെൺമക്കൾ എന്ന പേരിൽ ഒരു കോൺഗ്രിഗേഷൻ സ്ഥാപിക്കുകയായിരുന്നുവെന്ന് ഹോസ്പിറ്റലർ സിസ്റ്റർമാരെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവെ പാപ്പാ പറഞ്ഞു. അർജന്റീനയിലെ ബോയ്‌നോസ് ഐറെസിൽ സംസ്കരിക്കപ്പെട്ട വിശുദ്ധ വന്നീനിയുടെ കല്ലറ താൻ സന്ദർശിച്ചിട്ടുണ്ടെന്നും, തനിക്ക് ശസ്ത്രക്രിയ നടന്ന അവസരത്തിൽ, താൻ ഈ സഭ നടത്തുന്ന ആശുപത്രിയിൽ കിടന്നിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ആരോഗ്യക്കുറവ് മൂലവും, മറ്റു പല ബുദ്ധിമുട്ടുകൾ കാരണവും ഏറെ സഹിച്ചിരുന്ന വിശുദ്ധ ജ്യുസെപ്പീന വന്നീനിക്ക് വേദന എന്താണെന്ന് അറിയാമായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. ദൈവത്തിന്റെയും, സന്മനസ്സുള്ള മനുഷ്യരുടെയും സഹായത്തോടെയാണ് വിശുദ്ധ തന്റെ സഹനങ്ങളെ അതിജീവിച്ചതെന്നും, അതുകൊണ്ടുതന്നെ, "സ്നേഹത്താൽ മാത്രമാണ് സഹനത്തെ അതിജീവിക്കാനാകുകയെന്ന്" വിശുദ്ധ പലവുരു അവർത്തിച്ചിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. അതുകൊണ്ടാണ്, എല്ലായിടത്തും ആവശ്യമായ സ്നേഹമെന്ന മരുന്ന് നൽകുന്നതിനായി, രോഗികളെ വിശുദ്ധ വന്നീനി നിങ്ങളെ ഏൽപ്പിച്ചതെന്നും, രോഗികൾക്ക് സേവനമേകുക എന്നത് നിങ്ങളുടെ നാലാമത് സന്ന്യസ്‌തവ്രതമായി നൽകിയതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തങ്ങളുടെ സഭാസ്ഥാപകർ മുന്നോട്ടുവച്ച പ്രത്യേക സിദ്ധികൾ അനുസരിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യം ലഭിക്കാനായി പ്രവർത്തിക്കാനുള്ള ഒരു ക്ഷണമായി ജനറൽ ചാപ്റ്ററിനെ കാണാൻ പാപ്പാ ആഹ്വാനം ചെയ്‌തു. ദൈവം നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന സഹോദരീസഹോദരന്മാരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ധൈര്യപൂർവ്വം മുന്നോട്ടുവരാനും പാപ്പാ ആവശ്യപ്പെട്ടു.
നിരവധി കോൺഗ്രിഗേഷനുകളുടെ ചാപ്റ്ററുകൾ നടക്കുന്ന സമയമായതിനാലാണ് രണ്ടു വ്യത്യസ്ത കോൺഗ്രിഗേഷനുകളിലെ സന്ന്യസ്‌തകളെ താൻ ഒരുമിച്ച് കാണുന്നതെന്ന് പറഞ്ഞുകൊണ്ടേയിരുന്നു പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: