നവവൈദികരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിസ് പാപ്പാ എത്തിയപ്പോൾ നവവൈദികരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിസ് പാപ്പാ എത്തിയപ്പോൾ  (ANSA)

പ്രതിസന്ധികളിൽനിന്ന് ഒറ്റയ്ക്ക് കരകയറാനാകില്ല: യുവവൈദികരോട് ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ പൗരോഹിത്യം സ്വീകരിച്ച റോമാ രൂപതക്കാരായ യുവവൈദികരെ റോമിന്റെ പ്രാന്തപ്രദേശത്തുള്ള "ദിവ്യഗുരുവിന്റെ ശിഷ്യകൾ" എന്ന സന്ന്യസ്തസമൂഹത്തിന്റെ ഭവനത്തിൽവച്ച് ഫ്രാൻസിസ് പാപ്പാ കണ്ടുമുട്ടി. അജഗണത്തോടുള്ള സാമീപ്യം, രോഗികൾക്കും വയോധികർക്കുമുള്ള സേവനം തുടങ്ങിയ വിഷയങ്ങൾ സംഭാഷണങ്ങളിൽ പരാമർശിക്കപ്പെട്ടു.

സാൽവത്തോറെ ചെർനൂസ്സി, മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്

റോം രൂപതയിൽ കഴിഞ്ഞ പത്തുവർഷങ്ങളിൽ പൗരോഹിത്യം സ്വീകരിച്ച നവവൈദികർക്ക് കൂടിക്കാഴ്ച അനുവദിച്ച് ഫ്രാൻസിസ് പാപ്പാ. റോമിൽ, "ദിവ്യഗുരുവിന്റെ ശിഷ്യകൾ" എന്ന സന്ന്യസ്തസമൂഹത്തിന്റെ ഭവനത്തിൽവച്ച് റോം രൂപതയിലെ യുവവൈദികരുമായി സംവദിച്ച പാപ്പാ, നന്മ ചെയ്യുന്നതിൽ ഒരിക്കലും മടുപ്പമുള്ളവരാകരുതെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചു.

വൈദികർക്ക് മാത്രമായി അനുവദിച്ച സമ്മേളനത്തിൽ, പൗരോഹിത്യജീവിതത്തിലേതുൾപ്പെടെയുള്ള പ്രതിസന്ധികളിൽനിന്ന് ഒറ്റയ്ക്ക് പുറത്തുകടക്കാനാകില്ലെന്ന് പാപ്പാ വൈദികരെ ഉദ്‌ബോധിപ്പിച്ചു. പുരോഹിതശുശ്രൂഷയുടെ ഭാഗമായി നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് കുറ്റം പറച്ചിലിലൂടെയല്ല, സംവാദങ്ങളിലൂടെയാണ് പരിഹാരം കണ്ടെത്തേണ്ടതെന്ന് പാപ്പാ പറഞ്ഞു. സിനഡാത്മകതയുടെ പ്രാധാന്യം പാപ്പാ പ്രത്യേകം പരാമർശി ക്കവേ, ഇതിനെ ഒരു മുദ്രാവാക്യം എന്ന രീതിയിലല്ല, സഭയിൽ ജീവിക്കേണ്ട യാഥാർത്ഥ്യം എന്ന രീതിയിലാണ് നാമെല്ലാവരും കാണേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യുവപുരോഹിതരുമായുള്ള സംവാദത്തിൽ പൗരോഹിത്യത്തിന്റെ ആദ്യവർഷങ്ങളിലെ അനുഭവങ്ങൾ, ദൈവജനത്തിന്റെ വിശ്വാസം തിരിച്ചറിയുന്നതിലെ ആനന്ദം, രോഗികൾക്ക് നൽകുന്ന സേവനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, അനുകമ്പ, ആർദ്രത, പൗരോഹിത്യജീവിതത്തിലെ പ്രതിസന്ധികൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

രോഗികൾക്കും വയോധികർക്കും സമീപസ്ഥരായിരിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, അവരെ കണ്ടുമുട്ടാനും, ശ്രവിക്കാനും സമയം കണ്ടെത്തുന്നതിന്റെ ആവശ്യത്തെക്കുറിച്ച് യുവവൈദികരെ ഓർമ്മിപ്പിച്ചു. ജൂൺ രണ്ടാം തീയതി ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെ തിരുനാളിന്റെ കാര്യം അനുസ്മരിപ്പിച്ച പാപ്പാ, തനിക്കുവേണ്ടിയുള്ള പ്രാർത്ഥനകൾക്കും തുറന്ന സംവാദത്തിനും നന്ദി പറഞ്ഞു.

കഴിഞ്ഞ നാല്പതിനും പത്തിനും വർഷങ്ങൾക്കുള്ളിൽ പൗരോഹിത്യം സ്വീകരിച്ച വൈദികർക്ക് മെയ് പതിനാലിന് ഇതേ ഭവനത്തിൽവച്ച് പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചിരുന്നു. നാല്പത് വർഷങ്ങൾക്ക് മുൻപ് പൗരോഹിത്യം സ്വീകരിച്ച റോം രൂപതയിലെ വൈദികർക്ക് ജൂൺ 11-ന് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്.

യുദ്ധങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, കോവിഡ് മഹാമാരിയുടെ ബാക്കിപത്രം, യുവജനങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഇടം കണ്ടെത്തിയെന്ന് റോം രൂപതയിലെ മിക്കേലെ ദി തോൽവേ എന്ന മെത്രാൻ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2024, 17:32