തിരയുക

ഫ്രാൻസിസ് പാപ്പായുടെ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിൽനിന്ന് ഫ്രാൻസിസ് പാപ്പായുടെ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിൽനിന്ന്  (VATICAN MEDIA Divisione Foto)

മുഗുംഗ അഭയാർത്ഥിക്യാമ്പിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ മെയ് മൂന്നാം തീയതി ഉണ്ടായ ആക്രമണത്തെ ഫ്രാൻസിസ് പാപ്പാ അപലപിച്ചു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സംഭവത്തിൽ പതിനാല് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ ആണ് പാപ്പായുടെ പേരിൽ ടെലിഗ്രാം സന്ദേശം അയച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ഗോമ നഗരത്തിലുള്ള മുഗുംഗ അഭയാർത്ഥിക്യാമ്പിൽ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ. ഗോമ രൂപതാധ്യക്ഷൻ അഭിവന്ദ്യ വില്ലി ൻഗുമ്പിക്കയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കുടിയിറക്കപ്പെട്ടവരായ സാധുജനങ്ങൾക്കു നേരെയുണ്ടായ ഈ "ഭീരുത്വം നിറഞ്ഞ അക്രമണത്തിനെതിരെ" പാപ്പാ ശബ്ദമുയർത്തിയത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ ഒപ്പിട്ടയച്ച ഈ സന്ദേശത്തിൽ, പതിനാലിലധികം ആളുകളുടെ മരണത്തിന് കാരണമാകുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ഈ ദാരുണസംഭവത്തിന്റെ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ തന്റെ പ്രാർത്ഥനകൾ നേരുകയും ദുഃഖം അറിയിക്കുകയും ചെയ്‌തു. സംഭവത്തിൽ മരണടഞ്ഞവർക്ക് പാപ്പാ നിത്വാശ്വാസം നേർന്നു. സംഭവത്തിൽ ദുഃഖിക്കുന്ന ഏവർക്കും തന്റെ ആത്മീയസാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പാ, ഏവരെയും കർത്താവിന് സമർപ്പിക്കുന്നുവെന്ന് എഴുതി. ഏവർക്കും ദൈവം ആശ്വാസം നല്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇതുപോലെയുള്ള ആക്രമണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനെ പാപ്പാ കുറ്റപ്പെടുത്തി.

പാവപ്പെട്ടവരും ദുർബലരുമായ മനുഷ്യരാണ് ഇതുപോലെയുള്ള ആക്രമണങ്ങളുടെ ഇരകളാകുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഇത്തരം സംഭവങ്ങളുടെ മുന്നിലും പ്രത്യാശ കൈവെടിയാതിരിക്കാൻ കോംഗോയിലെ ആളുകളോട് ആവശ്യപ്പെട്ട പാപ്പാ, സമാധാനവും സാഹോദര്യവും നിലനിറുത്തുവാനായി പ്രവർത്തിക്കുവാൻ അവിടുത്തെ രാഷ്ട്രീയപ്രവർത്തകരെ ആഹ്വാനം ചെയ്‌തു.

മെയ് എട്ടാം തീയതിയാണ് ഈ അപലപനീയമായ അക്രമണത്തിനെതിരെ പാപ്പാ സന്ദേശമയച്ചത്. കഴിഞ്ഞ വർഷം ജനുവരി മുപ്പത്തിയൊന്ന് മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള തീയതികളിൽ ഫ്രാൻസിസ് പാപ്പാ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ അപ്പസ്തോലിക സന്ദർശനം നടത്തിയിരുന്നു.

മെയ് മൂന്ന് വെള്ളിയാഴ്ചയാണ് വടക്കൻ കിവുവിലെ ഗോമ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മുഗുംഗ  അഭയാർഥിക്യാമ്പിൽ ബോംബാക്രമണമുണ്ടായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംഭവത്തിൽ പതിനാല് പേരാണ് മരിച്ചിട്ടുള്ളത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം പതിനേഴ് പേർ ഈ ആക്രമണത്തിൽ മരണമടഞ്ഞതായും നൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2024, 16:40