സിനഡാത്മകതയുടെ മിഷനറിമാരാകാൻ ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഏപ്രിൽ ഇരുപത്തിയൊൻപത് മുതൽ മെയ് രണ്ടുവരെ വത്തിക്കാനിൽ നടന്ന "സിനഡിനായി ഇടവകവൈദികർ" എന്ന സമ്മേളനത്തിൽ സംബന്ധിച്ച വൈദികർക്ക് സിനഡാത്മകതയുടെ വക്താക്കളും പ്രവർത്തകരുമാകാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പാ. ലോകമെമ്പാടുമുള്ള ഇടവകവൈദികരുടെ പ്രതിനിധികളായി എത്തിയ വൈദികർക്ക് മെയ് രണ്ട് വ്യാഴാഴ്ച വത്തിക്കാനിൽവച്ച് കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ഇതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നൽകിയ പുതിയ ഒരു നിർദ്ദേശത്തിൽ, ഇടവകകളിൽ സേവനമനുഷ്ഠിക്കുന്ന മറ്റു വൈദികരോട് സിനഡാത്മകതയുമായി ബന്ധപ്പെട്ട് സംസാരിക്കാനും, അതിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ സിനഡിന്റെ സെക്രെട്ടറിയേറ്റിനെ അറിയിക്കാനും നിർദ്ദേശം നൽകി.
മെത്രാന്മാരുടെ സിനഡിന്റെ രണ്ടാം ഭാഗം നടക്കാനിരിക്കെയാണ്, സിനഡാത്മകപ്രവർത്തനങ്ങൾ സംബന്ധിച്ച് ഇടവകകളിൽ സേവനമനുഷ്ഠിക്കുന്ന വൈദികരുടെ അഭിപ്രായങ്ങൾ നാം ശ്രവിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. മെയ് മാസം ആദ്യം നടന്ന സമ്മേളനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, എന്നാൽ സിനഡെന്ന യാഥാർത്ഥ്യത്തിന്റെ ക്രിയാത്മകത കൂടുതലായി മനസ്സിലാക്കാൻ വൈദികരുടെ ചെറിയൊരു സമ്മേളനം മാത്രം പോരെന്ന് വ്യക്തമാക്കി. സിനഡിന്റെ സെക്രെട്ടറിയേറ്റോ, ഈയൊരു സമ്മേളനം സംഘടിപ്പിച്ച റോമൻ കൂരിയകളിലെ ഡികാസ്റ്ററികളോ മാത്രം വിചാരിക്കുന്നതിലൂടെ സിനഡാത്മകതയുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾ എല്ലാം സമാഹരിക്കാൻ സാധിക്കില്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ഈയൊരു സാഹചര്യത്തിൽ, ഇടവകകളിൽ സേവനമനുഷ്ഠിക്കുന്ന നിങ്ങളുടെ സഹോദരവൈദികർക്ക് മുന്നിൽ സിനഡാത്മകതയുടെ മിഷനറിമാരായി മാറാനും, സിനഡാത്മകതയും മിഷനറി ചൈതന്യവും കേന്ദ്രമാക്കി, ഇടവകകളിൽ വൈദികർ നൽകുന്ന സേവനത്തിന്റെ നവീകരണം സംബന്ധിച്ച വിചിന്തനങ്ങൾ നയിക്കാൻ പാപ്പാ വൈദികരോട് ആവശ്യപ്പെട്ടു. ഈയൊരു സംരംഭം യാഥാർത്ഥ്യമാക്കുവാനായി ആവശ്യമെങ്കിൽ പുതുതായ സമ്മേളനങ്ങൾ വിളിച്ചുകൂട്ടാനും, നിലവിൽ തയ്യാറാക്കിയിരിക്കുന്ന സമ്മേളനങ്ങൾ ഉപയോഗിക്കാനും പാപ്പാ നിർദ്ദേശം നൽകി. അങ്ങനെയുള്ള സമ്മേളനങ്ങളിൽ ഉളവാകുന്ന ആശയങ്ങൾ മെത്രാന്മാരുടെ സിനഡിന്റെ സെക്രെട്ടറിയേറ്റിനെ അറിയിക്കാനും പാപ്പാ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ സംബന്ധിച്ച വൈദികരോട്, സിനഡാത്മകതയുമായി ബന്ധപ്പെട്ട ചിന്തകൾ തങ്ങളുടെ മെത്രാന്മാരുമായും അതതുരാജ്യങ്ങളിലെ മെത്രാൻ സമിതിയുമായും പങ്കുവയ്ക്കാൻ നിർദ്ദേശിച്ച പാപ്പാ, താനാണ് ഇതിന് അവർക്ക് നിർദ്ദേശം നൽകിയതെന്ന് പറയുവാൻ ആവശ്യപ്പെട്ടു.
ലോകം മുഴുവനുമുള്ള ഇടവകവൈദികർക്ക് സിനഡാത്മകത സംബന്ധിച്ച് കത്തെഴുതിയ കാര്യം തന്റെ നിർദ്ദേശപത്രത്തിൽ പരാമർശിച്ച പാപ്പാ, ഈയൊരു സിനാദാത്മകതയുടെ മിഷനറിമാരായാണ് സമ്മേളനത്തിൽ സംബന്ധിച്ച വൈദികരെ താൻ മുന്നിൽ നിറുത്തുന്നതെന്ന് എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: