പാപ്പായുടെ ഇടവകസന്ദർശനം അവിസ്മരണീയം
സാൽവത്തോറെ ചെർണൂറ്റ്സിയോ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മെയ് മാസം പതിനാലാം തീയതി, ചൊവ്വാഴ്ച്ച ഫ്രാൻസിസ് പാപ്പാ, റോമിലെ മുതിർന്ന വൈദികരുമായുള്ള കൂടിക്കാഴ്ചയ്ക്ക് റോമിൻ്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ത്രിയോൻഫാലെ വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ എത്തിയപ്പോൾ, വിശ്വാസികളായ നിരവധിയാളുകൾ തങ്ങളുടെ ലളിതമായ രീതിയിൽ പാപ്പായ്ക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. നിരവധി സ്ത്രീകളും, കുട്ടികളും, മുതിർന്നവരും, രോഗബാധിതരായവരും പാപ്പായെ കണ്ട് അനുഗ്രഹം വാങ്ങി. വേദപാഠക്ലാസുകളിൽ ഉണ്ടായിരുന്ന ഇരുനൂറോളം കുട്ടികളെയും പാപ്പാ സന്ദർശിച്ചു.
പാപ്പായുടെ സന്ദർശനം റിപ്പോർട്ട് ചെയ്യുവാൻ വേണ്ടി എത്തിച്ചേർന്ന നിരവധി മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇറ്റാലിയൻ ദൃശ്യ-ശ്രാവ്യ മാധ്യമമായ റായിയിലെ (RAI) മാധ്യമപ്രവർത്തകയായ വലന്തീന, താൻ ഗർഭിണിയാണെന്ന കാര്യം പാപ്പായെ അറിയിച്ചപ്പോൾ, പ്രത്യേകം പ്രാർത്ഥന നടത്തിയതും ഏറെ ഹൃദ്യമായിരുന്നു.
മുതിർന്ന എഴുപതോളം വൈദികരെ സന്ദർശിച്ച പാപ്പാ, അവരോട് ഓർമ്മകളുടെ സാക്ഷികൾ ആയി ജീവിതം മുൻപോട്ടു നയിക്കുവാനും, യുവത്വത്തിന്റെ ധൈര്യം ആർജിക്കുവാനും ആഹ്വാനം ചെയ്തു. വിശുദ്ധ കുമ്പസാരത്തിന്റെ സ്വീകാര്യതയും, ഇടയന്റെ കരുണാർദ്രമായ ജീവിതശൈലിയും പാപ്പാ അടിവരയിട്ടു പറഞ്ഞു.
തുടർന്ന് കുട്ടികളെ സന്ദർശിച്ച പാപ്പാ, അവരോട് "നിങ്ങൾ സന്തോഷവാന്മാരാണോ?"എന്ന് ചോദിച്ചപ്പോൾ അതെ എന്ന മറുപടി ഉച്ചസ്വരത്തിൽ മുഴങ്ങിക്കേട്ടു. അവരോടൊപ്പം ചേർന്നുകൊണ്ട് പാപ്പാ പ്രാർത്ഥനയും നടത്തി. തിരികെ പോരുവാൻ തുടങ്ങുമ്പോഴും നിരവധിയാളുകൾ പാപ്പായ്ക്ക് ചുറ്റും കൂടിയിരുന്നു. തന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ടും, ആശീർവാദം നൽകിയും പിതാവ് എല്ലാവരെയും അനുഗ്രഹിച്ചു. ഗുരുതരമായ രോഗം ബാധിച്ച ഒരു വ്യക്തിയെയും പാപ്പാ തന്റെ അടുത്തിരുത്തി ആശീർവദിച്ചു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: