പ്രാർത്ഥിക്കുക, സമാധാനത്തിനായി, യുദ്ധാന്ത്യത്തിനായി, പാപ്പാ കുഞ്ഞുങ്ങളോട്!

കത്താലിക്കാ സഭ പ്രഥമ ലോക ശിശുദിനം ആചരിച്ചു. മെയ് 25,26 തീയതികളിൽ നടന്ന ഈ ആചരണത്തോടനുബന്ധിച്ച് ഇരുപത്തിയാറാം തീയതി ഞായറാഴ്ച പാപ്പാ വത്തിക്കാനിൽ ദിവ്യബലി അർപ്പിച്ചു. അമ്പതിനായിരത്തിലേറെപ്പേർ വിശുദ്ധ കുർബ്ബാനയിൽ പങ്കുകൊണ്ടു. ഈ ദിവ്യബലി മദ്ധ്യേ പാപ്പാ കുഞ്ഞുങ്ങൾക്കായി സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെയ് 25-26 തീയതികളിൽ കത്തോലിക്കാസഭ ആചരിച്ച പ്രഥമ ലോക ശിശുദിനത്തോനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ, പരിശുദ്ധതമ ത്രിത്വത്തിൻറെ തിരുന്നാൾ ദിനമായിരുന്ന ഈ ഞായറാഴ്ച (26/05/24) രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സഘോഷമായ ദിവ്യബലി അർപ്പിച്ചു. പാപ്പാ മുഖ്യകാർമ്മികനായും കർദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സഹകാർമ്മികരായും അർപ്പിക്കപ്പെട്ട ഈ സമൂഹ ദിവ്യബലിയിൽ വിവിധരാജ്യക്കാരായിരുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ഇതര വിശ്വാസികളുമുൾപ്പടെ 50000-ത്തിലേറെപ്പേർ സംബന്ധിച്ചു. ഇതിൽ പങ്കെടുത്ത പ്രമുഖരിൽ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോണിയും ഉൾപ്പെടുന്നു.

കത്തോലിക്കാസഭയുടെ രണ്ടാം ലോക ശിശുദിനം 2026 സെപ്റ്റംബറിൽ

പാപ്പാ ദിവ്യബലിയുടെ അവസാനം, ആശീർവാദാനന്തരം കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. ത്രികാലപ്രാർത്ഥനയ്ക്കു മുമ്പ് പതിവുള്ള വിചിന്തനം പാപ്പാ നടത്തിയില്ല. ദിവ്യബലിക്കു ശേഷം പൂജാവസ്ത്രങ്ങൾ മാറിയതിനു ശേഷം ചത്വരത്തിൽ വച്ചുതന്നെ കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അവസാനം പാപ്പാ അടുത്ത ലോക ശിശുദിനം, അതായത്, കത്തോലിക്കാസഭയുടെ രണ്ടാം ലോക ശിശുദിനം 2026 സെപ്റ്റംബറിൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. പാപ്പാ, വിശുദ്ധ കുർബ്ബാനമദ്ധ്യേ കുഞ്ഞുങ്ങൾക്കായി നല്കിയ സന്ദേശം, മുൻകൂട്ടി തയ്യാറാക്കിയതിൽ നിന്ന വിഭിന്നമായി, മനോധർമ്മാനുസാരമുള്ളതായിരുന്നു.

പാപ്പായുടെ സന്ദേശം: പ്രാർത്ഥിക്കുന്നതിനായി നാം ഒന്നു ചേർന്നിരിക്കുന്നു, ത്രിയേക ദൈവത്തോടുള്ള പ്രാർത്ഥന 

വത്സല ബാലികാബാലന്മാരേ, നാമിവിടെ സമ്മേളിച്ചിരിക്കുന്നത് പ്രാർത്ഥിക്കാനാണ്, ഒരുമിച്ച് ദൈവത്തോട് പ്രാർത്ഥിക്കാനാണ്. ശരിയല്ലേ? ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? അങ്ങനെയല്ലേ? നമ്മൾ ദൈവത്തോട്, പിതാവായ ദൈവത്തോടും പുത്രനായ ദൈവത്തോടും പരിശുദ്ധാത്മാവായ ദൈവത്തോടും പ്രാർത്ഥിക്കുന്നു. എത്ര "ദൈവങ്ങൾ" ഉണ്ട്? ഒരു ദൈവം മൂന്നാളുകൾ ചേർന്ന്: നമ്മെ എല്ലാവരെയും സൃഷ്ടിച്ച പിതാവ്, നമ്മെ വളരെയധികം സ്നേഹിക്കുന്ന ദൈവം, പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ പ്രാർത്ഥന എന്താണ് പ്രാർത്ഥന, നാമെല്ലാവരും ചൊല്ലുന്ന പ്രാർത്ഥന ഏതാണ്? പാപ്പായുടെ ഈ ചോദ്യത്തിന് കുട്ടികൾ പ്രത്യുത്തരിക്കുന്നു:  സ്വർഗ്ഗസ്ഥനായ പിതാവേ. ജീവിതത്തിൽ നമ്മെ തുണയ്ക്കാനും നമ്മെ വളർത്താനും നമ്മൾ എപ്പോഴും പിതാവായ ദൈവത്തോട് ആവശ്യപ്പെടുന്നു, പുത്രൻറെ പേരെന്താണ്?  ഈ ചോദ്യത്തിന് കുട്ടികൾ ഉത്തരം നൽകുന്നു: യേശു. അപ്പോൾ പാപ്പാ പറയുന്നു: എനിക്ക് നന്നായി കേൾക്കാൻ കഴിയുന്നില്ലല്ലോ! യേശു! നമ്മെ സഹായിക്കാനും നമ്മുടെ ചാരെ ആയിരിക്കാനും നാം യേശുവിനോട്, പ്രാർത്ഥിക്കുന്നു, ഒപ്പം കുർബ്ബാന കൈക്കൊള്ളുമ്പോൾ നാം യേശുവിനെ സ്വീകരിക്കുകയും യേശു നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്യുന്നു. യേശു എല്ലാം ക്ഷമിക്കുന്നു എന്നത് സത്യമാണോ? കുഞ്ഞുങ്ങൾ പ്രത്യുത്തരിക്കുന്നു: അതെ .... ഇത് സത്യമാണോ? അതെ! അവിടന്ന് എപ്പോഴും എല്ലാം ക്ഷമിക്കുമോ? ഉത്തരം: ക്ഷമിക്കും. ഒരു പുരുഷനോ സ്ത്രീയോ, പാപിയോ, പാപിനിയോ, നിരവധി പാപങ്ങളുള്ളയാളോ ആണെങ്കിൽ യേശു അവരോട് പൊറുക്കുമോ? കുട്ടികൾ ഉത്തരമേകുന്നു: പൊറുക്കും. പാപികളിൽ ഏറ്റവും മോശമായ ആളോടു ക്ഷമിക്കുമോ? കുഞ്ഞുങ്ങളുടെ ഉത്തരം: അതെ. ശരിയായണ്! ഇത് നിങ്ങൾ മറക്കരുത്: യേശു എല്ലാം ക്ഷമിക്കുന്നു, എപ്പോഴും ക്ഷമിക്കുന്നു, ക്ഷമ ചോദിക്കാനുള്ള എളിമ നമുക്കുണ്ടായിരിക്കണം. “കർത്താവേ, എന്നോട് ക്ഷമിക്കൂ, എനിക്ക് തെറ്റുപറ്റി. ഞാൻ ബലഹീനനാണ്. ജീവിതം എന്നെ പ്രയാസത്തിലാക്കി, എന്നാൽ നീയാകട്ടെ എല്ലാം പൊറുത്തു. എൻറെ ജീവിതം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു, നീ എന്നെ സഹായിക്കേണമേ." അവിടന്ന് എല്ലാം പൊറുക്കുന്നു എന്നത് ശരിയാണോ? കുട്ടികൾ ഉത്തരമേകുന്നു: അതെ.  ഇത് നിങ്ങൾ മറക്കരുത്, നിങ്ങൾ മിടുക്കരാണ്.

നമ്മെ തുണയ്ക്കുന്ന, സാന്ത്വനദായകനായ പരിശുദ്ധാരൂപി 

പ്രശ്നം ഇവിടെയാണ്: ആരാണ് പരിശുദ്ധാത്മാവ്? ഇത്  അത്ര എളുപ്പമല്ല, കാരണം പരിശുദ്ധാത്മാവ് ദൈവമാണ്, അവിടന്ന് നമ്മുടെ ഉള്ളിലാണ്. മാമ്മോദീസായിൽ നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു, കൂദാശകളിൽ നാം അവിടത്തെ സ്വീകരിക്കുന്നു. ജീവിതത്തിൽ നമുക്കു തുണയേകുന്നത് പരിശുദ്ധാത്മാവാണ്. ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമുക്ക് ഒരുമിച്ച് പറയാം: "പരിശുദ്ധാത്മാവ് ജീവിതത്തിൽ നമ്മെ തുണയ്ക്കുന്നു". എല്ലാവരും ഏകയോഗമായി: "പരിശുദ്ധാത്മാവ് ജീവിതത്തിൽ നമുക്ക് തുണയേകുന്നു". നാം  ചെയ്യേണ്ടുന്നതായ നല്ല കാര്യങ്ങളെക്കുറിച്ച് നമ്മുടെ ഹൃദയത്തിൽ മന്ത്രിക്കുന്നത് പരിശുദ്ധാത്മാവാണ്. ആവർത്തിക്കാം: "പരിശുദ്ധാത്മാവ് ജീവിതത്തിൽ നമ്മെ തുണയ്ക്കുന്നു". നമ്മൾ എന്തെങ്കിലും തെറ്റു ചെയ്താൽ ഉള്ളിൽ നമ്മെ ശാസിക്കുന്നതും അവിടന്നാണ്. "പരിശുദ്ധാത്മാവ്..." നിങ്ങൾ മറന്നില്ലല്ലോ! പരിശുദ്ധാത്മാവാണ് നമുക്ക് ശക്തി പ്രദാനം ചെയ്യുന്നതും പ്രയാസങ്ങളിൽ നമ്മെ ആശ്വസിപ്പിക്കുന്നതും. നമുക്ക് ഒരുമിച്ചു പറയായം: "പരിശുദ്ധാത്മാവ് ജീവിതത്തിൽ നമ്മെ തുണയ്ക്കുന്നു".

ആനന്ദപ്രദായക വിശ്വാസം

ആകയാൽ, പ്രിയ സഹോദരീ സഹോദരന്മാരേ, ബാലികാബാലന്മാരേ, വിശ്വസിക്കുന്നതിനാൽ നാമെല്ലാവരും സന്തുഷ്ടരാണ്. വിശ്വാസം നമ്മെ സന്തോഷിപ്പിക്കുന്നു. "പിതാവും പുത്രനും പരിശുദ്ധാത്മാവും" ആയ ദൈവത്തിൽ നമ്മൾ വിശ്വസിക്കുന്നു. എല്ലാവരും ഒരുമിച്ചു പറയുക: "പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്". പിതാവ് നമ്മെ സൃഷ്ടിച്ചു, യേശു നമ്മെ രക്ഷിച്ചു, പരിശുദ്ധാത്മാവ് എന്താണ് ചെയ്യുന്നത്?

നമ്മുടെ അമ്മ

നിങ്ങൾക്ക് വളരെ നന്ദി, പക്ഷേ ഉറപ്പാക്കുന്നതിനു വേണ്ടി ചോദിക്കുകയാണ്, ക്രൈസ്തവർക്ക്, നമുക്ക്, ഒരു അമ്മയുണ്ട്, നമ്മുടെ ആ അമ്മയുടെ പേരെന്താണ്? നമ്മുടെ സ്വർഗ്ഗീയാംബയുടെ പേരെന്താണ്? കുട്ടികൾ ഉത്തരം നൽകുന്നു: മറിയം മതാവിനോട് പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്ന് നിങ്ങൾക്കറിയാമോ? അവരുടെ ഉത്തരം: അറിയാം. നിങ്ങൾക്ക് ഉറപ്പാണോ? നമുക്ക് ഇപ്പോൾ അത് ചെയ്യാം, എനിക്ക് അത് കേൾക്കണം...കുട്ടികൾ നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി..... അതിനു ശേഷം പാപ്പാ അവരെ അഭിനന്ദിച്ചുകൊണ്ട് തുടർന്നു: നിങ്ങൾ മിടുക്കരാണ്.  ആൺകുട്ടികളും പെൺകുട്ടികളും, മിടുക്കന്മാരാണ്, മിടുക്കികളാണ്. പിതാവ് നമ്മെ സൃഷ്ടിച്ചു, പുത്രൻ നമ്മെ രക്ഷിച്ചു, പരിശുദ്ധാത്മാവ് എന്താണ് ചെയ്തികൊണ്ടിരുന്നത്?

ശാന്തിക്കായി, യുദ്ധവിരാമത്തിനായി പ്രാർത്ഥിക്കുക

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞങ്ങൾക്ക് മുന്നേറാൻ കഴിയുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക, ഞങ്ങൾക്കെല്ലാവർക്കും വേണ്ടി, മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക, അപ്പൂപ്പനമ്മൂമ്മമാർക്കായി പ്രാർത്ഥിക്കുക, രോഗികളായ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കുക. ഇവിടെ എൻറെ പിന്നിലായി രോഗികളായ ധാരാളം കുട്ടികൾ ഉണ്ട്. സദാ പ്രാർത്ഥിക്കുക, സർവ്വോപരി സമാധാനത്തിനായി പ്രാർത്ഥിക്കുക, യുദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുക. ഇനി നമുക്ക് കുർബ്ബാന തുടരാം, മറന്നുപോകാതിരിക്കുന്നതിനായി ചോദിക്കുന്നു, പരിശുദ്ധാത്മാവ് എന്താണ് ചെയ്തിരുന്നത്? നിങ്ങൾ മിടുക്കരാണ്. മുന്നോട്ടു പോകുക.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2024, 11:43