തിരയുക

ഒന്നാം ലോക ശിശുദിനത്തോടനുബന്ധിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയിൽ പാപ്പാ. ഒന്നാം ലോക ശിശുദിനത്തോടനുബന്ധിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയിൽ പാപ്പാ.  (Vatican Media)

പാപ്പാ: പരിശുദ്ധ ത്രിത്വം ഒരു കുടുംബം

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിൽ ഒന്നാം ആഗോള ശിശുദിനത്തിന്റെ സമാപനം കുറിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ മേയ് 26ആം തിയതി വത്തിക്കാനിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ നൽകിയ ഹൃദയംഗമമായ സന്ദേശത്തിൽ പരിശുദ്ധ ത്രിത്വത്തെ ഒരു കുടുംബത്തിന്റെ ആശ്ലേഷം പോലെയെന്ന് കുട്ടികൾക്ക് വിശദീകരിച്ച് നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യുസ്

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ ദിനത്തിൽ പാപ്പാ ദിവ്യബലി അർപ്പിക്കുകയും പ്രഥമ ആഗോള ശിശുദിനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും വത്തിക്കാനിലെത്തിയ 50,000 കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു.

സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായ കുഞ്ഞുങ്ങളെ അഭിസംബോധന ചെയ്ത പാപ്പാ ദൈവം എങ്ങനെയുള്ളവനാണെന്ന് ചോദിച്ച കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി അവനെയും അവന്റെ പിതാവിനെയും കെട്ടിപ്പിടിച്ചു ചുംബിച്ച അമ്മയുടെ ഹൃദയസ്പർശിയായ കഥ വിവരിച്ചുകൊണ്ട് ദൈവം ഒരു കുടുംബത്തിന് തുല്യമായ സ്നേഹത്തിന്റെ ആലിംഗനം പോലെയാണെന്ന് അവരോടു വിശദീകരിച്ചു.

"പ്രിയ മക്കളെ, അച്ഛനും അമ്മയും നിങ്ങളെ പുണരുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകാറുണ്ടോ?"  എന്ന പാപ്പയുടെ  ചോദ്യത്തിന്  കുട്ടികളുടെ കൂട്ടത്തിൽ നിന്ന് സന്തോഷകരമായ പ്രതികരണങ്ങളാണ് ലഭിച്ചത്. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹത്തിലെ ഐക്യം പോലെ, പരിശുദ്ധ ത്രിത്വം - പിതാവായ ദൈവവും, പുത്രനായ യേശുവും, പരിശുദ്ധാത്മാവും - ഒന്നാണെന്നും ദൈവം ഒരു കുടുംബമാണെന്നും വിവരിച്ച പാപ്പാ "ദൈവം സ്നേഹത്തിന്റെ ആലിംഗനമാണ്; അത് മറക്കരുത്!" എന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ സഹവാസത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്  "യുഗാന്ത്യം വരെ ഞാൻ എല്ലായ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും" (മത്തായി 28:20)  എന്ന തന്റെ ശിഷ്യരോടുള്ള യേശുവിന്റെ വാഗ്ദാനത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചു.

ഈ വാഗ്ദാനം കുട്ടികൾക്കും കൂടിയുള്ളതാണെന്നും നിരന്തരമായ സഹവാസവും സ്നേഹവും ഉറപ്പു നൽകുന്നതാണെന്നന്നും പാപ്പാ കുട്ടികളോടു പറഞ്ഞു. അതുകൊണ്ടാണ് നമ്മൾ ഇന്ന് ഈ തിരുനാൾ  ആഘോഷിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലും ഇടവകകളിലും നിന്ന് നമ്മൾ ഇവിടെ വന്നതിനുകാരണം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്തായ യേശു എല്ലായ്പോഴും നമ്മുടെ പക്ഷത്തുണ്ടാകുമെന്ന വാഗ്ദാനമാണ് എന്ന് പാപ്പാ വ്യക്തമാക്കി.

ശിഷ്യന്മാരുടെ എതിർപ്പ് വകവയ്ക്കാതെ യേശു കുട്ടികളെ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചെയ്ത സുവിശേഷത്തിലെ കഥകൾ രസകരമായി വിവരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ കുട്ടികളോടുള്ള യേശുവിന്റെ ആഴമായ വാത്സല്യം ചൂണ്ടിക്കാണിച്ചു.  വളരെയധികം സന്തോഷം കൈവരുത്തുന്ന ഈ ദിവ്യ സൗഹൃദം സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് യേശുവുമായി ചങ്ങാത്തം കൂടാൻ താൽപ്പര്യമുണ്ടോ എന്ന് പാപ്പാ കുട്ടികളോടു ചോദിച്ചു. യേശുവിന്റെ  സൗഹൃദം നമ്മെ സന്തോഷിപ്പിക്കുന്നതാണ് എങ്കിൽ, തനിച്ചിരിക്കാതെ, യേശു  തന്റെ സുഹൃത്തുക്കളെ സ്നേഹിക്കുന്നതുപോലെ, പരസ്പരം സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ ലഭിക്കുന്നതിലൂടെ ജീവിതത്തിൽ നിറയുന്ന സന്തോഷം കൈവരുമെന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.

അവർക്ക് ജന്മം നൽകുകയും സ്നേഹവും, പരിചരണവും, പിന്തുണയും നൽകി അവരെ വലയം ചെയ്യുകയും, പ്രധാനപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയും അവരുടെ സന്തോഷങ്ങളിലും ഭയങ്ങളിലും പങ്കുചേരുകയും ചെയ്യുന്ന മാതാപിതാക്കളെക്കൂടാതെ അവരുടെ ജീവിതത്തിൽ മുത്തശ്ശീ മുത്തച്ഛന്മാർ, അധ്യാപകർ, മതാദ്ധ്യാപകർ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ നിർണ്ണായക പങ്കും പാപ്പാ എടുത്തുപറഞ്ഞു.

യേശുവുമായി സൗഹൃദത്തിലാകാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്കു  ഒരു പ്രതിബദ്ധത കൂടിയുണ്ടെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. അത്  ഏറ്റവും ആദ്യം അവിടുത്തെ പ്രാർത്ഥനയിൽ തേടുക എന്നതാണ്. എല്ലാ ദിവസവും യേശുവിനോടു ഒരു കൂട്ടുകാരനോടെന്ന പോലെ സംസാരിക്കാൻ പാപ്പാ അവരോടു ആവശ്യപ്പെട്ടു. എന്നാൽ ഇതു മാത്രം പോരെന്നും യേശുവിന്റെ  സുഹൃത്തായിരിക്കുക എന്നാൽ അവൻ നമ്മെ സ്നേഹിക്കുന്നതു പോലെ പരസ്പരം സ്നേഹിക്കുക എന്നതാണെന്നും അങ്ങനെ നമ്മൾ ചെയ്യുമ്പോൾ  ലോകത്തിന് വ്യത്യാസം സംഭവിക്കുമെന്നും അത് യുദ്ധമില്ലാത്ത, അവരെപ്പോലുള്ള എല്ലാ കുട്ടികളും സന്തോഷമായിരിക്കുന്ന ഒരു ലോകമായി മാറുമെന്നും അതാണ് “കർത്താവ് എല്ലാം നവീകരിക്കു”മെന്ന ഈ ദിവസത്തിന്റെ  ശീർഷകം സൂചിപ്പിക്കുന്നതെന്നും പാപ്പാ കുട്ടികളോടു വിവരിച്ചു.

നമ്മൾ പരിവർത്തനത്തിനായി പരിശ്രമിക്കുമ്പോഴാണ് കർത്താവ് എല്ലാം രൂപാന്തരപ്പെടുത്തുന്നത്. ഇവിടെയില്ലാത്ത, യുദ്ധത്തിലും സംഘർഷക്കളുടെ മദ്ധ്യേ, ദുരിതത്തിലും ദാരിദ്ര്യത്തിലും ജീവിക്കുന്ന മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ യുദ്ധങ്ങളും, ദാരിദ്ര്യവും ദുരിതവും ഇല്ലാത്ത ഒരു ലോകത്തിനായി ആഗ്രഹിക്കാൻ പാപ്പാ അവരോട് ആവശ്യപ്പെട്ടു. മാത്രമല്ല ഓരോരുത്തരും അതിനായി സമർപ്പിക്കാനും അതു ചെയ്യേണ്ടത് പരസ്പരം സംഘർഷത്തിലേർപ്പെടാതെ സ്നേഹിക്കുന്നതിലൂടെയും, നന്മ ചെയ്യുന്നതിലൂടെയും യേശുവിനെ പോലെ വിശ്വസ്തതയുള്ള സുഹൃത്തുക്കളായിരിക്കുന്നതിലൂടയുമാണെന്ന് പാപ്പാ പറഞ്ഞു. അങ്ങനെ നമ്മൾ പരിശുദ്ധ ത്രിത്വത്തെപോലെ  സകലരും സ്നേഹത്തിന്റെ  ആലിംഗത്തിലമരുന്ന ഒരു കുടുംബം പോലെ ആയി മാറുമെന്നും പാപ്പാ കുഞ്ഞുങ്ങളെ ഓർമ്മിപ്പിച്ചു.

"പ്രിയ മക്കളെ, നിങ്ങൾ വീട്ടിൽ ചെല്ലമ്പോൾ, ഇത് ചെയ്യാൻ ശ്രമിക്കുക," അവരുടെ സഹോദരീ സഹോദരന്മാരോടും, മാതാപിതാക്കളോടും സഭയിലും - പരിശുദ്ധ പിതാവ് അവരെ ആഹ്വാനം ചെയ്തു. പരസ്പര സ്നേഹത്തോടും ദയയോടും കൂടെ ഒരു കുടുംബം പോലെ സൗഹൃദം പങ്കിടാൻ അവരെ പ്രോത്സാഹിപ്പിച്ച പാപ്പാ  യേശുവുമായുള്ള സൗഹൃദം മറക്കരുതെന്നും അവൻ  'എല്ലാ ദിവസവും, ലോകാവസാനം വരെ' അവരോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്നു" എന്നും വീണ്ടും ആവർത്തിച്ചുകൊണ്ടാണ് വചന പ്രഘോഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2024, 15:05