“നീതിയും സമാധാനവും ആശ്ലേഷിക്കും” - ഇറ്റലിയിലെ വെറോണയിലെ "അരേന"യിൽ സമ്മേളിച്ചിരിക്കുന്നവരെ ഫ്രാൻസീസ് പാപ്പാ സംബോധന ചെയ്യുന്നു, 18/05/24 “നീതിയും സമാധാനവും ആശ്ലേഷിക്കും” - ഇറ്റലിയിലെ വെറോണയിലെ "അരേന"യിൽ സമ്മേളിച്ചിരിക്കുന്നവരെ ഫ്രാൻസീസ് പാപ്പാ സംബോധന ചെയ്യുന്നു, 18/05/24  (ANSA)

സമാധാനത്തിന് സ്വന്തം കടമകളും കഴിവുകളുമനുസരിച്ച് ഓരോ വ്യക്തിയും പ്രവർത്തിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ വെറോണയിൽ.“നീതിയും സമാധാനവും ആശ്ലേഷിക്കും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരുന്ന “സമാധാന അരങ്ങിൽ” പാപ്പാ സംസാരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിസ്സംഗതയിലും അതിൻറെ ന്യായീകരണങ്ങളിലും നിന്നു പുറത്തു കടക്കുകയും ആക്രണ വിധേയരുടെ ചാരെ ആയിരിക്കുകയും ചെയ്യുക സമാധാനപ്രക്രിയയിൽ ആവശ്യമായ ഘടകമാണെന്ന് മാർപ്പാപ്പാ.

“നീതിയും സമാധാനവും ആശ്ലേഷിക്കും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരുന്ന “സമാധാന അരങ്ങിൽ” സംബന്ധിക്കുന്നതിൻറെ ഭാഗമായി, വത്തിക്കാനിൽ നിന്ന് 500-ലേറെ കിലോമീറ്റർ കരദൂരം അകലെ വടക്കെ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന വെറോണയിൽ മെയ് 18-ന് ശനിയാഴ്ച ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ  അവിടത്തെ “അരേന”യിൽ ഈ “സമാധാന അരങ്ങിൽ” സമ്മേളിച്ചിരുന്നവരുമായുള്ള കൂടിക്കാഴ്ച നടത്തവേ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.

കുടിയേറ്റം, തൊഴിലും സമ്പദ്ഘടനയും, പരിസ്ഥിതിയും സൃഷ്ടിയും, നിരായുധീകരണം, പ്രജാധിപത്യവും അവകാശങ്ങളും എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഉയർന്നത്.

തൻറെ പ്രവൃത്തികളിലൂടെ, യേശു കീഴ്വഴക്കങ്ങളും മുൻവിധികളും തകിടം മറിച്ചതും, തൻറെ കാലത്തെ സമൂഹം മറച്ചുവെയ്ക്കുകയോ നിന്ദിക്കുകയോ ചെയ്ത ആളുകളെ വെളിച്ചത്തുകൊണ്ടുവരുന്നതും പാപ്പാ അനീതിക്കിരകളായവരുടെ ചാരെ ആയിരിക്കേണ്ടത് സമാധാനസംസ്ഥാപന പ്രക്രിയയിൽ ആദ്യ ചുവടു വയ്പ്പായി അവതരിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിനു പ്രത്യുത്തരമായി നല്കി.

യുവജനത്തിൻറെ സമഗ്രപുരോഗതി സാധ്യമാക്കുന്നതായ അവസ്ഥകൾ സംജാതമാക്കേണ്ടതിൻറെ ആവശ്യകത പാപ്പാ സാമ്പത്തികനീതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരം നൽകവെ ചൂണ്ടിക്കാട്ടി.

ഏറ്റവും താഴെക്കിടയിലുള്ളവൻറെ നയനങ്ങളിലൂടെ സാമ്പത്തിക, സാമൂഹ്യ, തൊഴിൽ പ്രതിഭാസങ്ങളെ നോക്കണമെന്ന ആശയം പാപ്പാ ആവർത്തിച്ചു. പ്രയോജനം, സമ്പാദനം, ആത്മാരാധനയുടെ സ്ഥിരീകരണം എന്നിവയുടെതായ യുക്തിയുമായി പലപ്പോഴും കെട്ടപ്പെട്ട ചില മാനങ്ങളിൽ മനുഷ്യവ്യക്തിയെ ഒതുക്കുന്ന ശക്തമായ പ്രവണതകൾ ഇന്ന് ദൃശ്യമാണെന്ന വസ്തുതയും പാപ്പാ എടുത്തു പറഞ്ഞു.  

എല്ലാം ഉടനടി വേണമെന്ന മനോഭാവം, അക്ഷമ തുടങ്ങിയ മനോഭാവങ്ങൾ ആധ്യപത്യം പുലർത്തുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ മനുഷ്യരിൽ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുള്ള താളങ്ങളും അനുബന്ധ പരിമിതികളും തിരിച്ചറിയുകയെന്നതാണ് നാം നടത്തേണ്ട വിപ്ലവകരമായ നീക്കമെന്ന് ഉദ്ബോധിപ്പിച്ചു.

ശ്രദ്ധാപൂർവ്വമായ ശ്രവണം, അനുഭവത്തെ പക്വമാകുന്നതിനനുവദിക്കുന്ന നിശബ്ദത, ചിന്താധിഷ്ഠിത വചനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സംഭാഷണം ജീവിതത്തിലെ പരിമുറുക്കങ്ങൾക്കറുതിവരുത്തുന്നതിന് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2024, 13:55