പരിശുദ്ധ പിതാവിനെ മാർ റാഫേൽ തട്ടിൽ  സന്ദർശിച്ചപ്പോൾ. പരിശുദ്ധ പിതാവിനെ മാർ റാഫേൽ തട്ടിൽ സന്ദർശിച്ചപ്പോൾ.  (VATICAN MEDIA Divisione Foto)

പാപ്പാ: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കൂദാശയായ പരിശുദ്ധ കുർബ്ബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല

പരിശുദ്ധ പിതാവ് ഫ്രാ൯സിസ് പാപ്പാ സീറോ-മലബാർ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ നൽകിയ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

സീറോ-മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി റോമിൽ സന്ദർശനത്തിനെത്തുന്ന മാർ റാഫേൽ തട്ടിലും സംഘവും റോമിലുള്ള സീറോ മലബാർ സഭയുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മെയ് 13ന് പരിശുദ്ധ പിതാവിനെ സന്ദർശിച്ചു. 

സന്ദർശനത്തിനെത്തിയ സമൂഹത്തിനു നൽകിയ സന്ദേശത്തിൽ, അവരുടെ വിശ്വാസത്തിന്റെ പുരാതന വേരുകളെക്കുറിച്ച് സംസാരിച്ച പാപ്പാ, സഭയിലെ ഐക്യത്തിനു വേണ്ടി പ്രാർത്ഥനയും പ്രവർത്തനവും സമന്വയിപ്പിക്കാൻ ആവശ്യപ്പെട്ടു.

അപ്പോസ്തലനായ തോമാശ്ലീഹായുടെ രക്തസാക്ഷ്യത്തിൽ വേരൂന്നിയ സ്വയം ഭരണാവകാശമുള്ള സ്വതന്ത്ര സഭയായ സീറോ-മലബാർ സഭയുടെ വിശ്വാസ തീക്ഷണതയും ഭക്തിയും ശ്ലാഘിച്ച ഫ്രാൻസിസ് പാപ്പാ അവർ നേരിട്ടതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ ചരിത്രപരമായ ബുദ്ധിമുട്ടകളിൽ പത്രോസിന്റെ പിൻഗാമിയോടൊപ്പം വിശ്വസ്തരായി നിന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.

എല്ലാം ഉടനെ ഉപയോഗപ്രദമാവണമെന്നതിന്റെ വെളിച്ചത്തിൽ പഴമയുമായുള്ള നമ്മുടെ ബന്ധത്തിന്റെ വേരുകളെ അപകടപ്പെടുത്തുന്ന ഇന്നത്തെ കാലത്ത് അവരുടെ തനതായതും അമൂല്യവുമായ ചരിത്രവും പ്രത്യേക പൗരസ്ത്യ പാരമ്പര്യവും സഭയുടെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു സമ്പന്നതയാണ് എന്ന് പാപ്പാ പറഞ്ഞു.

പൗരസ്ത്യ ക്രൈസ്തവർ, സഭയെ പുരാതനവും അതേ സമയം ആധുനികവുമായ ആത്മീയതയുടെ ഉറവിടങ്ങളിൽ നിന്ന് ഫലമെടുക്കാൻ സഭയെ സജീവമാക്കുന്ന ഒരു ശക്തിയാകാൻ സഹായിക്കും. അതിനാൽ റോമിന്റെ മെത്രാൻ എന്ന നിലയിൽ സീറോ-മലബാർ കത്തോലിക്കാ വിശ്വാസികളെ, അവർ എവിടെ ആയിരുന്നാലും അവരുടെ മഹത്തായ ആരാധനാക്രമവും ആത്മീയ സാംസ്കാരിക പൈതൃകവും പ്രകാശിപ്പിക്കുന്നതിൽ സഭയോടു ചേർന്നു നിൽക്കാനുള്ള ബോധം വളർത്തിയെടുക്കാൻ, പാപ്പാ പ്രോൽസാഹിപ്പിച്ചു.

സ്വതന്ത്ര സഭയായ അവർക്ക് അവർ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും സ്വയം പരിശോധിക്കാനും ഉത്തരവാദിത്വത്തോടും സുവിശേഷാത്മക ധൈര്യത്തോടും കൂടെ ആവശ്യമായ നടപടികൾ എടുക്കാനും അധികാരമുള്ളതിനാൽ, മേജർ ആർച്ചുബിഷപ്പിന്റെയും സിനഡിന്റെയും നിർദ്ദേശങ്ങളോടു വിശ്വസ്തത പുലർത്തിക്കൊണ്ട് അവരെ സഹായിക്കാനാണ്, അല്ലാതെ മറികടക്കാനല്ല, താൻ ആഗ്രഹിക്കുന്നതെന്ന് പാപ്പാ അടിവരയിട്ടു. ഈ ലക്ഷ്യം വച്ചാണ് ഒരു വിശദാംശത്തെ മാത്രം കേന്ദ്രീകരിച്ചു സഭയ്ക്ക് ദോഷം വരുത്തുന്ന തരത്തിൽ നടത്തുന്ന അപകടകരമായ പ്രലോഭനത്തെയും അതിനെ വിട്ടു കളയാൻ തയ്യാറാകാത്തതിനെക്കുറിച്ചും മുന്നറിയിപ്പു നൽകിക്കൊണ്ട് താൻ കത്തെഴുതിയതും വീഡിയോ സന്ദേശം നൽകിയതുമെന്ന് പാപ്പാ വിശദീകരിച്ചു.

ഇവിടെയാണ് വിഘടകനായ സാത്താൻ നുഴഞ്ഞു കയറി മരിക്കുന്നതിനു മുന്നേ കർത്താവ് പ്രകടിപ്പിച്ച "ഐക്യ"ത്തിനായുള്ള ഹൃദയങ്കമമായ ആഗ്രഹം (യോഹ 17:21) അട്ടിമറിക്കുന്നത്. അതിനാൽ വിശ്വാസികൾക്ക് സ്നേഹത്തിന്റെയും ശാന്തയുടെയും മാതൃകയാകേണ്ട,  അനുസരണ വ്രതമാക്കിയ  പുരോഹിതരെ സംബന്ധിച്ചിടത്തോളം ഐക്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഒരു ഭക്തിപ്രബോധനമല്ല കടമയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദാർഢ്യത്തിലേക്കും വിഘടനത്തിലേക്കും നയിക്കുന്ന ലൗകീകതയാൽ പ്രലോഭിതരായ നമ്മുടെ സഹോദരീ സഹോദരന്മാർ അവരെ സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനായി അക്ഷീണം പ്രാർത്ഥിച്ചു കൊണ്ട് ഐക്യം സംരക്ഷിക്കാനായി ഉറച്ച തീരുമാനത്തോടെ പ്രവർത്തിക്കാമെന്ന് പാപ്പാ ആശംസിച്ചു. ധൂർത്ത പുത്രന്റെ ഉപമയിലെ പിതാവിനെ പോലെ വാതിലുകൾ തുറന്നിടാമെന്നും പശ്ചാത്തപിച്ചു തിരിച്ചു വരുമ്പോൾ അവർക്ക് തിരിച്ചുകയറാൻ ബുദ്ധിമുട്ടണ്ടാകാതിരിക്കട്ടെ എന്നും എവാഞ്ചെലി ഗൗദിയൂം 46 ആം ഖണ്ഡിക ഉദ്ധരിച്ചു കൊണ്ട് പാപ്പാ കൂട്ടിച്ചേർത്തു.

ഭയമില്ലാതെ കൂടിക്കാഴ്ചകളും ചർച്ചകളും നടത്താനും അഭിപ്രായവ്യത്യാസങ്ങളെ അനുരഞ്ജിപ്പിക്കുകയും സംഘർഷങ്ങളെ ഐക്യത്തിലേക്ക് നയിക്കുകയും തർക്കങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രകാശത്തിനായി എല്ലാറ്റിലുമുപരി പ്രാർത്ഥിക്കാനും പാപ്പാ ആവശ്യപ്പെട്ടു. അഹങ്കാരം, പ്രതികാരം, അസൂയ എന്നിവ കർത്താവിൽ നിന്നല്ല എന്നത് തീർച്ച. അവ ഒരിക്കലും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുകയുമില്ല. നമ്മുടെയിടയിലെ അവിടത്തെ സാന്നിധ്യത്തിന്റെ അത്യുന്നത രൂപമായ കൂദാശ  എങ്ങനെ പരികർമ്മണം ചെയ്യണം എന്നതിന്റെ വിശദാംശങ്ങളെക്കുറിച്ചു തർക്കിച്ച് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കൂദാശയായ പരിശുദ്ധ കുർബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല. നമ്മെ നയിക്കേണ്ട പരിശുദ്ധാത്മാവിൽ നിന്നു വരുന്ന സത്യമായ ആത്മീയ മാനദണ്ഡം കൂട്ടായ്മയാണ് എന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു കൊണ്ട് ഐക്യത്തിനായുള്ള നമ്മുടെ പ്രതിബദ്ധതയെക്കുറിച്ചും നമ്മൾ സ്വീകരിച്ച ദാനങ്ങളോടുള്ള വിശ്വസ്തയും, എളിമയും, ബഹുമാനമാർന്ന അനുസരണയോടെയുള്ള കരുതലും ആത്മശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടു.

ബുദ്ധിമുട്ടിന്റെയും പ്രതിസന്ധിയുടേയും നേരത്ത്  നിരുൽസാഹപ്പെടാതെയും പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും കർത്താവ് നമ്മെ ഏൽപ്പിച്ചിട്ടുള്ള ദൗത്യത്തിന്റെ വിശാലമായ ചക്രവാളങ്ങളെക്കുറിച്ച് ചിന്തിക്കാനും പാപ്പാ ഉദ്ബോധിപ്പിച്ചു. ആ ദൗത്യം ലോകത്തിൽ അവ ന്റെ സ്നേഹത്തിന്റെ സാന്നിധ്യമാകാനാണ് അല്ലാതെ അവിശ്വാസികൾക്ക് ഉതപ്പാകാനുള്ളതല്ല. തീരുമാനങ്ങളിൽ ഇന്ത്യയിലെയും പ്രവാസികളിലെയും ദരിദ്രരേയും, പുറമ്പോക്കുകളിലുള്ളവരേയും ഓർമ്മിക്കാനും, തിന്മയോടു നന്മ കൊണ്ട് പ്രതികരിക്കുന്നവരും മനുഷ്യകുലത്തിന്റെ നന്മയ്ക്കായി എല്ലാ മതവിശ്വാസികളുമൊത്ത് അക്ഷീണം പ്രയത്നിക്കുന്നവരുമാണ് ക്രൈസ്തവരെന്നും പാപ്പാ അനുസ്മരിച്ചു.

ക്രൂശിതനാവുകയും ഉത്ഥാനം ചെയ്കയും, നമ്മെ സ്നേഹിച്ച് ഒരു കുടുംബമായി ഒരൾത്താരയ്ക്കു ചുറ്റും ഒരുമിപ്പിക്കാനാഗ്രഹിക്കുന്ന യേശുവിലേക്ക് നോക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. അവന്റെ മുറിവിലേക്ക്  നോക്കി അവ വി. തോമായും മറ്റുശിഷ്യരും ക്ഷമയുടേയും കരുണയുടെയും വഴികളാക്കി. വിശക്കുന്ന, ദാഹിക്കുന്ന, തഴയപ്പെട്ട, തsവിൽ കഴിയുന്ന, ആശുപത്രികളിലും, തെരുവിലും കഴിയുന്ന ഓരോരുത്തരിലും ഇന്നും തെളിയുന്ന കർത്താവിന്റെ മുറിവുകൾ, കർത്താവിന്റെ മുറിവിലേക്കു നോക്കി ദൈവ മഹത്വത്തിന്റെ മുന്നിലനുഭവിച്ച അത്ഭുതപാരവശ്യം അതിരുകൾക്കപ്പുറത്തേക്കിറക്കിയ തോമാശ്ലീഹായെപ്പോലെ വിശ്വാസത്തിന്റെ പിതാക്കളാകാൻ അവരെ പ്രചോദിപ്പിക്കട്ടെ എന്ന് പരിശുദ്ധ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകം മുഴുവനിലും സീറോ മലബാർ സഭയുടെ ഉള്ളിൽ തന്നെ  ഐക്യമുണ്ടാകുവാനായി പ്രത്യേകം  പ്രാർത്ഥിക്കാനും സഹകരിക്കാനുമുള്ള റോമിലെ സീറോ-മലബാർ സമൂഹത്തിന്റെ പ്രത്യേക കർത്തവ്യത്തെ ഓർമ്മിപ്പിക്കാനും പാപ്പാ മറന്നില്ല.

സാഹോദര്യ സന്ദർശനത്തിന് മേജർ ആർച്ചുബിഷപ്പിന് നന്ദി പറഞ്ഞു കൊണ്ട് എല്ലാവരേയും ആശീർവദിച്ച് കന്യകമറിയത്തിന്റെയും തോമാശ്ലീഹായുടേയും സംരക്ഷണത്തിന് അവരെ ഭരമേൽപ്പിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചത്.  തന്നെ മറക്കരുതെന്നും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ അവരോടു അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2024, 14:20