പാപ്പാ: കുഞ്ഞുങ്ങളിൽ ജീവന്റെയും ഭാവിയുടെയും വർത്തമാനം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യുസ്
സഭയുടെ ആദ്യത്തെ ലോക ശിശുദിനാഘോഷത്തിൽ (WCD) പങ്കെടുക്കാൻ, ശനിയാഴ്ച മെയ് ഇരുപത്തഞ്ചാം തിയതി വൈകുന്നേരം 4:40 ന് പാപ്പാ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ എത്തി. പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് റോമാ രൂപതയുടെ ഗായകസംഘം "എ ബ്യൂട്ടിഫുൾ വേൾഡ്" എന്ന ഗാനം ആലപിച്ചു. പാപ്പാമെബൈലിൽ എത്തിയ പാപ്പായെ കുട്ടികൾ കരഘോഷങ്ങളോടെ സ്വീകരിച്ചു. സമാധാനമായിരുന്നു ഈ ആദ്യ ലോക ശിശുദിനാഘോഷ പരിപാടിയുടെ മുഖ്യ വിഷയം.
കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പാപ്പാ, "കുട്ടികളിൽ എല്ലാം ജീവനെയും ഭാവിയെയും കുറിച്ചാണ് സംസാരിക്കുന്നത്" എന്ന് അടിവരയിട്ടു. "ഒരു അമ്മയെന്ന നിലയിൽ" സഭ കുട്ടികളെ "ആർദ്രതയോടെയും പ്രത്യാശയോടെയും" ആശ്ലേഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അവർക്ക് ഉറപ്പുനൽകി.
"ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും നമുക്ക് പഠിക്കാം" എന്ന വിഷയത്തിൽ കഴിഞ്ഞ നവംബർ 7ന് വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ നിന്നാണ് തനിക്ക് ഒരു ആഗോള ശിശുദിനം എന്ന ആശയത്തിന്റെ പ്രചോദനം ഉണ്ടായതെന്ന് പാപ്പാ വിശദീകരിച്ചു. ഇത്തരമൊരു നിരന്തര സംവാദം കൂടുതൽ കുട്ടികളുമായും യുവാക്കളുമായും നടത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതിൽ നിന്നാണ് ഇതുണ്ടായതെന്നും അതാണ് ആഗോള ശിശുദിനത്തിന്റെ ഉദ്ദേശമെന്നും പാപ്പാ വിശദീകരിക്കുകയും ചെയ്തു.
യുദ്ധവും അനീതിയും അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കണം
കുട്ടികളുമായി നടത്തിയ ഹൃദയംഗമമായ സംവാദത്തിൽ, നിരന്തരമായ സംഘട്ടനങ്ങളും അനീതികളും കാരണം ലോകമെമ്പാടും കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന കഠിനമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.
“യുദ്ധങ്ങളെ കുറിച്ച് നിങ്ങൾക്ക് സങ്കടമുണ്ടോ?” യുദ്ധമൊരു നല്ല കാര്യമാണോ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി കുട്ടികളെ ചിന്തിക്കുവാ൯ പ്രേരിപ്പിച്ച പാപ്പാ സമാധാനത്തിന്റെ മൂല്യത്തെക്കുറിച്ചും യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളെ ധരിപ്പിച്ചു. യുക്രെയ്നിൽ നിന്ന് പലായനം ചെയ്ത കുട്ടികളെക്കുറിച്ചും, സംഘർഷം കാരണം അവർ അനുഭവിച്ച വേദനയെക്കുറിച്ചും പരിക്കുകളെക്കുറിച്ചും വിശദീകരിച്ച് “യുദ്ധം ഒരു നല്ല കാര്യമാണോ?" എന്ന പാപ്പായുടെ ചോദ്യത്തിന് കുട്ടികൾ ഇല്ല എന്ന് ഉത്തരം നൽകി.
യുദ്ധങ്ങളാൽ കഷ്ടപ്പെടുന്ന, സ്കൂളിൽ പോകാൻ കഴിയാത്ത, പട്ടിണി അനുഭവിക്കുന്ന, അല്ലെങ്കിൽ അവഗണന നേരിടുന്ന സമപ്രായക്കാർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ കുട്ടികളെ ഉദ്ബോധിപ്പിച്ചു.“ഇതാ, ഞാൻ എല്ലാം നവീകരിക്കുന്നു”(വെളിപാട് 21:5) എന്ന ഈ ആഗോള ശിശുദിന മുദ്രാവാക്യത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് “ദൈവം പുതിയ കാര്യങ്ങൾ ഉണ്ടാകുന്നുവെന്ന് നമ്മോടു പറയുന്നത് മനോഹരമാണ്” എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. കുഞ്ഞുങ്ങളിൽ സഹാനുഭൂതിയും പ്രതീക്ഷയും വളർത്തുക എന്ന ലക്ഷ്യത്തോടെ നൽകിയ പാപ്പായുടെ സന്ദേശം അനുകമ്പയ്ക്കും ഐക്യദാർഢ്യത്തിനുമുള്ള ആഹ്വാനമായിരുന്നു.
സമാധാനത്തിന്റെ പ്രാധാന്യവും, ദുരിതമനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിലും, പ്രാർത്ഥിക്കാനുമുള്ള കൂട്ടായ ഉത്തരവാദിത്തത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു പാപ്പാ കുഞ്ഞുങ്ങൾക്ക് സന്ദേശം നൽകിയത്.
സമാധാനത്തിനായി പ്രവർത്തിക്കുക സന്തോഷമായിരിക്കുക
ധൈര്യത്തോടും സന്തോഷത്തോടും കൂടി മുന്നോട്ട് പോകാൻ ഫ്രാൻസിസ് പാപ്പാ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. അതാണ് "ആത്മാവിന്റെ ആരോഗ്യം" എന്ന് വിശേഷിപ്പിച്ച പാപ്പാ യേശു അവരെ സ്നേഹിക്കുന്നുവെന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു. തന്നോടൊപ്പം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലാൻ കുട്ടികളെ ക്ഷണിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് സന്ദേശം അവസാനിപ്പിച്ചത്.
പിന്നീടു കുട്ടികളുമായി നടന്ന സജീവമായ സംവാദത്തിൽ, വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കുട്ടികൾ സമാധാനത്തെക്കുറിച്ചും ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിനെക്കുറിച്ചും പാപ്പായോടു ചോദ്യങ്ങൾ ചോദിച്ചു. സമാധാനം എപ്പോഴും സാധ്യമാണോ എന്നായിരുന്നു കൊളംബിയയിൽ നിന്നുള്ള ജെറോണിമോയുടെ സംശയം. മാപ്പ് പറയേണ്ടതിന്റെയും ക്ഷമ ചോദിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് അതിന് പാപ്പാ ഉത്തരം നൽകിയത്.
കുട്ടികൾക്ക് എങ്ങനെ ലോകത്തെ മെച്ചപ്പെടുത്താനാകുമെന്ന ബുറുണ്ടിയിൽ നിന്നുള്ള ലിയ മാരിസിന്റെ ചോദ്യത്തിന് "തർക്കിക്കരുത്, മറ്റുള്ളവരെ സഹായിക്കൂ" എന്ന് പാപ്പാ ഉത്തരം നൽകി. വരുന്ന സെപ്റ്റംബറിൽ പാപ്പാ സന്ദർശിക്കാനിരിക്കുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു പെൺകുട്ടി പാപ്പാ എന്ത് അത്ഭുതമാണ് ചെയ്യാൻ തിരഞ്ഞെടുക്കുക എന്നാരാഞ്ഞു. എല്ലാ കുട്ടികൾക്കും ജീവിക്കാനും ഭക്ഷിക്കാനും കളിക്കാനും സ്‌കൂളിൽ പോകാനും ആവശ്യമായത് ലഭ്യമാക്കുക എന്ന അത്ഭുതം ചെയ്യാനാണ് തന്റെ ആഗ്രഹം എന്ന് ചിരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ദുരിതമനുഭവിക്കുന്ന കുട്ടികളെ എങ്ങനെ സഹായിക്കാനാവും എന്ന ചോദ്യമുന്നയിച്ച ഇറ്റലിയിൽ നിന്നുള്ള ഫ്രദറിക്കോയോടു അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാവാത്ത കുട്ടികളുണ്ടെന്നും എല്ലാവരും തുല്യരായിക്കേണ്ട സ്ഥാനത്ത് ഇന്നത്തെ സ്ഥിതി അതല്ല എന്നും പാപ്പാ പറഞ്ഞു. സ്വാർത്ഥതയും അനീതിയും മൂലമുണ്ടാകുന്ന അസമത്വത്തെ ഉയർത്തിക്കാട്ടുകയും ആഗോള അനീതി കുറയ്ക്കുന്നതിനായി പ്രവർത്തിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.
അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള നിർഭാഗ്യരായ കുട്ടികൾക്കായി ഒരു നിമിഷം മൗനമാചരിച്ചാണ് പാപ്പാ കുട്ടികളുമായുള്ള സംവാദം സമാപിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: