ഫ്രാൻസിലെ ലൂർദ്ദ് നാഥയുടെ ദേവാലയം, ഒരു നിശാദൃശ്യം. ഫ്രാൻസിലെ ലൂർദ്ദ് നാഥയുടെ ദേവാലയം, ഒരു നിശാദൃശ്യം.  (AFP or licensors)

ആയുധങ്ങളെ സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും സേവനത്തിനായി ഉപയോഗിക്കുക, പാപ്പാ!

ലൂർദ്ദിലേക്ക് അറുപത്തിനാലാം അന്താരാഷ്ട്ര സൈനിക തീർത്ഥാടനം, പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തീർത്ഥാടനം, ഒത്തൊരുമിച്ചുള്ള യാത്രയുടെ മനോഹാരിത കണ്ടെത്താൻ നമ്മെ സഹായിക്കുന്ന വിശ്വാസാനുഭവമാണെന്ന് മാർപ്പാപ്പാ.

ലൂർദ്ദുനാഥയുടെ സവിധത്തിലേക്കുള്ള സൈനികരുടെ അറുപത്തിനാലാം അന്താരാഷ്ട്ര തീർത്ഥാടനത്തോടനുബന്ധിച്ച് അതിൽ സംബന്ധിക്കുന്നവർക്കായി വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ടു നല്കിയ സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്. രാഷ്ട്രങ്ങളുമായും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ മേധാവിയായ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറിൻറെ നേതൃത്വത്തിൽ നടക്കുന്ന ഈ ത്രിദിന തീർത്ഥാടനം ഞായറാഴ്ച (26/05/24) സമാപിക്കും.

വിദ്വേഷത്തെയും ഭിന്നിപ്പിനെയുംകാൾ ശക്തമാണ് സ്നേഹം എന്ന ബോധ്യം ശക്തിപ്പെടുത്താനും പൊതുനന്മയ്ക്കായും വിശ്വശാന്തിക്കായും പ്രവർത്തിക്കുകയെന്ന പകരം വയ്ക്കാനാവാത്ത ദൗത്യം നിറവേറ്റാനും സൈനികർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഈ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. ധീരതയോടും സ്ഥൈര്യത്തോടും കൂടി മുന്നേറാൻ സൈനികർക്ക് പ്രചോദനം പകരുന്ന പാപ്പാ, ചരിത്രത്തിൻറെ ഇരുളടഞ്ഞ ഈ വേളയിൽ, പ്രത്യേകിച്ച്, ലോകത്തിന് അവരെ ആവശ്യമുണ്ടെന്നും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി ആയുധങ്ങളെ ഉപയോഗിക്കാൻ കഴിവുറ്റ വിശ്വാസികളായ സ്ത്രീപുരുഷന്മാരെയാണ് ആവശ്യമെന്നും പറയുന്നു.

ലൂർദ്ദിൽ സൈനികരുടെ ഈ ആദ്ധ്യാത്മിക ഇടവേള അവരുടെ സൈനിക വിളിയെക്കുറിച്ച് വിശ്വാസത്തിൻറെയും സ്വന്തം സഹോദരനോടും, ശത്രുവിനോടുപോലും പ്രകടിപ്പിക്കാൻ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്ന സ്നേഹത്തിൻറെയും വീക്ഷണത്തിൽ പുനർവിചിന്തനം ചെയ്യാനുള്ള സമയമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2024, 13:08