തിരയുക

വരണ്ടുണങ്ങിയ സാഹേൽ പ്രദേശത്തിൻറെ ഒരു കാഴ്ച വരണ്ടുണങ്ങിയ സാഹേൽ പ്രദേശത്തിൻറെ ഒരു കാഴ്ച 

ഐക്യദാർഢ്യ പ്രവർത്തനത്തിനാധാരം ദൈവവിശ്വാസവും പരസ്നേഹവും, പാപ്പാ!

1984-ൽ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ സ്ഥാപിച്ച സാഹേലിനു വേണ്ടിയുള്ള ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷൻറെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ചേർന്നിരിക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി ഫ്രാൻസീസ് പാപ്പാ ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കയിലെ സാഹേൽ പ്രദേശത്തിൻറെ സുരക്ഷിതത്വത്തിനും അവിടെ നീതിയും സമാധാനവും വാഴുന്നതിനും വേണ്ടി പരിശ്രമിക്കാൻ പാപ്പാ അഭ്യർത്ഥിക്കുന്നു.

1984-ൽ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ സ്ഥാപിച്ച സാഹേലിനു വേണ്ടിയുള്ള ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷൻറെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ചേർന്നിരിക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി അതിൻറെ പ്രസിഡൻറായ കർദ്ദിനാൾ മൈക്കിൾ ചേർണിക്ക് നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ഈ അഭ്യർത്ഥന ആവർത്തിച്ചത്.

ഈ ഉന്നതതല സമ്മേളനം മരുഭൂവൽക്കരണം എന്ന വിഷയം ചർച്ചചെയ്യുന്നതിൻറെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടി. വെള്ളവും അന്നവും കിട്ടാതെ മരണമടഞ്ഞ നിരപരാധികളുടെയും സ്വരമുയർത്തിയവരുടെയും   സ്വരമായിരുന്ന, 1980 മെയ് 10-ന് ഔഗദുഗുവിൽ വച്ച് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ നടത്തിയ അഭ്യർത്ഥനയിലേക്ക് തൻറെ ചിന്തകളെ ആനയിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

ബാഹ്യമരുഭൂമികൾ ആന്തരികമരുഭൂമികളുടെ പ്രതിഫലനമാണെന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ആശയം പാപ്പാ അനുസ്മരിച്ചു. മനുഷ്യൻ പ്രകൃതിയോട് എങ്ങനെയാണോ പെരുമാറുന്നത് അത് അവനവനോടുള്ള പെരുമാറ്റത്തെ സ്വാധീനിക്കുമെന്നും നേരെ മറിച്ചും സംഭവിക്കുന്നുവെന്നും ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞിട്ടുള്ളതും പാപ്പാ ഉദ്ധരിച്ചു.

ഐക്യദാർഢ്യത്തിൻറെയും ഉത്തരവാദിത്വത്തിൻറെയുമായ നമ്മുടെ പ്രവർത്തനത്തിനാധാരം സ്രഷ്ടാവായ ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും നമ്മുടെ പരസ്പര സ്നേഹവുമാണെന്ന് പാപ്പാ പറഞ്ഞു. ആകയാൽ നമ്മുടെ പൊതുഭവനത്തിൻറെ പരിപാലനവും ദൈവത്തിൻറെ ഛായയിലും സാദൃശത്തിലും സൃഷ്ടിക്കപ്പെട്ട ഓരോ വ്യക്തിയോടുമുള്ള കരുതലും കൈകോർത്തുപോകുന്ന മനോഭാവങ്ങളാണെന്നും അവ ഉപവിയിൽ ഉൾപ്പെടുകയും ക്രിസ്തുവിൻറെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു, ഉപവിയുടെ സജീവ അടയാളമായിത്തീരുകയും ചെയ്യുന്നവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവഹിതാനുസാരമുള്ള ക്രമത്തിനായുള്ള അന്വേഷണത്തിൽ അനുദിനം പടുത്തയർത്തപ്പെടുന്ന സമഗ്ര മാനവപുരോഗതി സാധ്യമാക്കിത്തീർക്കുന്നത് സമാധാനമാണെന്നും പാപ്പാ പറയുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2024, 14:40