ബുദ്ധ സന്യാസിമാരുടെ  പ്രതിനിധികളുമായി പാപ്പാ. ബുദ്ധ സന്യാസിമാരുടെ പ്രതിനിധികളുമായി പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ : പ്രാർത്ഥനയും ധ്യാനവും ഹൃദയ പരിവർത്തനത്തിന് വഴികാട്ടും

തായ്‌ലൻഡിലെ ബുദ്ധ സന്യാസിമാരുമായി പാപ്പാ കൂടികാഴ്ച നടത്തി. ഐക്യത്തിനും സമാധാനത്തിനും ഊന്നൽ നൽകി കൊണ്ട് പാപ്പാ അവരുമായി തന്റെ സന്ദേശം പങ്കുവച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യുസ്

2024 മെയ് 27ന് പാപ്പാ തായ്‌ലൻഡിൽ നിന്നുള്ള ബുദ്ധ സന്യാസിമാരുടെ  പ്രതിനിധി സംഘത്തെ വത്തിക്കാനിലേക്ക് സ്വാഗതം ചെയ്തു. കത്തോലിക്കാ സഭയും ബുദ്ധമത സമൂഹവും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തെ പാപ്പാ ഉയർത്തിക്കാട്ടി. 2019 നവംബറിൽ തായ്ലാന്റ് സന്ദർശന സമയത്തിൽ തനിക്ക് ലഭിച്ച അസാധാരണമായ ആതിഥ്യമര്യാദയ്ക്ക്  പാപ്പാ നന്ദി അറിയിച്ചു.

രണ്ട് മത പാരമ്പര്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനവും ആഴത്തിലുള്ള ബന്ധവും അടിവരയിട്ടുകൊണ്ട് തായ്‌ലൻഡിലെ പരമോന്നത പാത്രിയാർക്കീസിന് പാപ്പാ സ്നേഹപൂർവ്വമായ ആശംസകൾ നേർന്നു. കഴിഞ്ഞ നവംബറിൽ തായ്‌ലാൻഡിൽ

ഏഷ്യയിലെമ്പാടും നിന്നുള്ള 150-ലധികം പേർ പങ്കെടുത്ത ഏഴാമത് ബുദ്ധ-ക്രിസ്ത്യൻ കൊളോക്വിയത്തെ പ്രശംസിച്ച പാപ്പാ അതിന്റെ പ്രഖ്യാപനങ്ങളിൽ നിന്നുമെടുത്ത വാക്കുകളാണ് സന്ദേശത്തിൽ എടുത്തു പറഞ്ഞു.

"മുറിവുള്ള മനുഷ്യരാശിയുടെയും ഭൂമിയുടെയും സൗഖ്യത്തിനായി കരുണയും അഗാപെയും സംവാദത്തിൽ" എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ , ആഗോള ദുരിതങ്ങളും പാരിസ്ഥിതിക തകർച്ചയും പരിഹരിക്കുന്നതിനുള്ള സഹകരണ ശ്രമങ്ങളുടെ അടിയന്തര ആവശ്യകതയെ ഊന്നിപ്പറഞ്ഞതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. "ഇന്ന് മാനവികതയും നമ്മുടെ പൊതുഭവനമായ ഭൂമിയും തീർച്ചയായും മുറിവേറ്റിരിക്കുന്നു! എത്രയെത്ര യുദ്ധങ്ങൾ, എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യാ൯ നിർബന്ധിതരായ എത്രയോ ആളുകൾ,അക്രമം ബാധിച്ച നിരവധി കുട്ടികൾ," എന്ന് പാപ്പാ തന്റെ ഖേദം പ്രകടിപ്പിച്ചു. അന്ന് നടന്ന ചർച്ചകളിൽ നിന്നുള്ള മൂന്ന് പ്രധാന വിഷയങ്ങൾ ഫ്രാ൯സിസ് പാപ്പാ ഉയർത്തിക്കാട്ടി.

പരസ്പരബന്ധിതമായ രക്ഷ

"ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല; നാം പരസ്പരം ബന്ധപ്പെട്ടവരും പരസ്പരാശ്രിതരുമായതിനാൽ നമുക്ക് ഒരുമിച്ച് മാത്രമേ രക്ഷപെടാൻ കഴിയൂ." എന്ന് രേഖപ്പെടുത്തിയ കൊളോക്വിയത്തിന്റെ അന്തിമ പ്രമാണം ഉദ്ധരിച്ച പാപ്പാ സമാധാനവും സാഹോദര്യവും പരിപോഷിപ്പിക്കുന്നതിന് സിവിൽ സമൂഹം, മതങ്ങൾ, സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക്, ശാസ്ത്ര സമൂഹങ്ങൾ എന്നിവയുമായി സഹകരിക്കാൻ പാപ്പാ പ്രോത്സാഹിപ്പിച്ചു.

പരിസ്ഥിതിയെ പരിചരിക്കാനും പരസ്പരം പങ്കുവയ്ക്കാനും യുവതലമുറയെ അഭ്യസിപ്പിക്കൽ

പരസ്പരവും പരിസ്ഥിതിയുമായുള്ള ബന്ധം പരിപോഷിപ്പിക്കുന്നതിൽ യുവതലമുറയെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും കൂടുതലായി സകലരേയും ഉൾക്കൊള്ളുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് നിർണ്ണായകമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ശക്തി

ആത്മീയ പരിശീലനങ്ങൾക്ക് ഊന്നൽ നൽകിയ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ഹൃദയങ്ങളെയും മനസ്സുകളെയും പരിവർത്തനം ചെയ്യാനും സ്നേഹം, ദയ, കരുണ, ക്ഷമ, ബഹുമാനം, മറ്റുള്ളവരോടും ഭൂമിയോടും കരുതൽ എന്നിവ വളർത്താനും കഴിയുമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ത്രസ്ത്തേവരയിലെ സാന്താ മരിയ ബസിലിക്കയിൽ സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ പ്രതിനിധി സംഘം പങ്കെടുക്കുമെന്നതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ, ഇത് സർവ്വമത ഐക്യദാർഢ്യത്തിന്റെ സുപ്രധാന അടയാളമായി കാണുന്നതായി വെളിപ്പെടുത്തി.

പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് ഫ്രാൻസിസ് പാപ്പാ നന്ദി പറയുകയും തായ് ലൻഡിലെ ബുദ്ധ, കത്തോലിക്കാ സമൂഹങ്ങൾ തമ്മിലുള്ള സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തായ്ല൯ഡിലെ സന്യാസിമാർക്കും എല്ലാ ജനങ്ങൾക്കും തന്റെ ആശീർവ്വാദം നൽകിയ പാപ്പാ പരസ്പരം പങ്കിടുന്ന  സമാധാനത്തിന്റെയും പരസ്പര ധാരണയുടെയും ഭാവിയിലേക്കുള്ള തന്റെ പ്രതിബദ്ധത ഉറപ്പു നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2024, 15:11