ഫ്രാൻസീസ് പാപ്പാ "എക്യുപെ നോതൃ ദാം” എന്ന അൽമായപ്രസ്ഥാനത്തിൻറെ അന്താരാഷ്ട്ര നേതൃസംഘവുമൊത്ത് വത്തിക്കാനിൽ, 04/05/24 ഫ്രാൻസീസ് പാപ്പാ "എക്യുപെ നോതൃ ദാം” എന്ന അൽമായപ്രസ്ഥാനത്തിൻറെ അന്താരാഷ്ട്ര നേതൃസംഘവുമൊത്ത് വത്തിക്കാനിൽ, 04/05/24   (Vatican Media)

ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതയെ സഹായിക്കുക അടിയന്തരം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ “എക്യുപെ നോതൃ ദാം” എന്ന വൈവാഹിക ആദ്ധ്യാത്മിക അൽമായപ്രസ്ഥാനത്തിൻറെ അന്താരാഷ്ട്ര നേതൃത്വ സംഘത്തെ ശനിയാഴ്ച (04/05/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിവാഹജീവതത്തിന് സംരക്ഷണമേകുയെന്നാൽ കുടുംബത്തെ മുഴുവൻ പരിപാലിക്കലാണെന്നും ദമ്പതികൾക്ക് തുണയേകുകയെന്നത് ഇന്ന് ഒരു യഥാർത്ഥ ദൗത്യമാണെന്നും മാർപ്പാപ്പാ.

വിവാഹമെന്ന കൂദാശ അതിൻറെ പൂർണ്ണതയിൽ ജീവിക്കാൻ ദമ്പതികളെ സഹായിക്കുന്ന “എക്യുപെ നോതൃ ദാം” എന്ന വൈവാഹിക ആദ്ധ്യാത്മിക അൽമായപ്രസ്ഥാനത്തിൻറെ പതിനേഴു പേരടങ്ങിയ അന്താരാഷ്ട്ര നേതൃത്വ സംഘത്തെ ശനിയാഴ്ച (04/05/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഈ പ്രസ്ഥാനം ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കയാണെന്നും ക്രിസ്തീയ ജീവിതം ഒരു ദാനം എന്ന നിലയിൽ ജീവിക്കാൻ ശ്രമിക്കുന്ന കുടുംബങ്ങൾ ലോകത്തിൽ നിരവധിയാണെന്നും പറഞ്ഞ പാപ്പാ ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതീയുവാക്കളെ സഹായിക്കുകയെന്നത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്ന് പറഞ്ഞു.

തങ്ങൾ സ്വീകരിച്ച കൂദാശയുടെ കൃപ ലോകത്തിലേക്കു സംവഹിക്കുയും മാതാപിതാക്കളാകുകയും ചെയ്തുകൊണ്ട് സ്ത്രീയും പുരുഷനും സന്താനോൽപ്പാദന പ്രക്രിയയിൽ പൂർണ്ണമായി സ്വയം സാക്ഷാത്ക്കരിക്കുന്നതിന് ദൈവമേകുന്ന സവിശേഷ വിളിയാണ് അതെന്ന് പാപ്പാ വിശദീകരിച്ചു.

ദമ്പതികൾക്ക് സഹായഹസ്തം നീട്ടുകയും വിവാഹത്തിന് സംരക്ഷണമേകുകയും ചെയ്യുകയെന്ന ദൗത്യത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ വിവാഹം ജന്മമേകുന്ന എല്ലാ ബന്ധങ്ങളെയും സംരക്ഷിക്കുകയാണ് അതെന്നു പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള സ്നേഹം, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹം, മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കളും തമ്മിലുള്ള സ്നേഹം  ഇതൊക്കെ ഈ ബന്ധങ്ങൾക്ക് ഉദാഹരണമായി പാപ്പാ നിരത്തി.

അതു പോലെ തന്നെ സാധ്യവും എന്നും നിലനില്ക്കുന്നതും എന്നാൽ യുവജനം വിശ്വസിക്കാൻ പ്രയാസപ്പെടുന്നതുമായ സ്നേഹത്തിന് സാക്ഷ്യമേകുകയെന്നതും ഈ സംരക്ഷണദൗത്യത്തിൽ ഉൾപ്പെടുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. മാതാപിതാക്കൾ തങ്ങളെ സ്നേഹിച്ചതുപോലെ നാളെ തങ്ങൾക്കും സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കഴിയുന്നതിന് കുഞ്ഞുങ്ങൾക്ക്, ദൈവം അവരെ സ്നേഹത്താലാണ് സൃഷ്ടിച്ചത് എന്ന ഉറപ്പ് മാതാപിതാക്കളിൽ നിന്നു കിട്ടേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

“ല് എക്യുപെ നോതൃ ദാം” പ്രസ്ഥാനം  അടുത്ത ജൂലൈൽ ഇറ്റലിയിലെ ടൂറിൻ പട്ടണത്തിൽ അന്താരാഷ്ട്രസമ്മേളനം ചേരുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുകയും ഈ പ്രസ്ഥാനത്തിൻറെ ദൗത്യത്തെയും അവരുടെ കുടുംബങ്ങളെയും  പരിശുദ്ധ കന്യകാമറിയത്തിനു ഭരമേല്പിക്കുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2024, 18:23