ജനങ്ങൾക്കിടയിൽ സഹോദര്യവും ഐക്യദാർഢ്യവും പരിപോഷിപ്പിക്കുക, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദിവ്യകാരുണ്യത്താൽ പ്രചോദിതരായും താങ്ങിനിറുത്തപ്പെട്ടും വിശ്വാസത്തിനും സമൂർത്ത സോദരസ്നേഹത്തിനും സന്തോഷത്തോടെ സാക്ഷ്യം വഹിക്കാൻ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.
നെതർലാൻറ്സിൻറെ തലസ്ഥാനനഗരമായ ആംസ്റ്റർഡാമിൻറെ എഴുന്നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധിച്ച് ഹാർലെം ആംസ്റ്റർഡാം രൂപതാമെത്രാൻ ജൊഹാന്നെസ് ഹെൻഡ്രിക്സിൻറെ നേതൃത്വത്തിൽ വത്തിക്കാനിലെത്തിയ 50 പേരോളമടങ്ങിയ തീർത്ഥാടകസംഘത്തെ ശനിയാഴ്‌ച (04/05/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ അവർക്ക് ഈ ആശംസ നേർന്നത്.
ആംസ്റ്റർഡാമിൻറെ ഉത്ഭവവും വികസനവും വിശ്വാസവുമായും കത്തോലിക്കാ സഭയുമായും ബന്ധപ്പെട്ടിരിക്കുന്നത് പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു. 1345ൽ ആംസ്റ്റർഡാമിൽ നടന്ന ഒരു ദിവ്യകാരുണ്യാത്ഭുതം ആ നഗരത്തിൻറെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്നും അത് ഇന്നും മൗന പ്രദക്ഷിണത്തോടും ദിവ്യകാരുണ്യാരാധനയോടുംകൂടി ആചരിക്കപ്പെടുന്നുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു.
പാവപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും വേണ്ടി ആംസ്റ്റർഡാമിലെ നിരവധിപ്പേർ മദർ തെരേസയുടെ സഹോദരികളുടെ പ്രവർത്തനങ്ങളുമായും മയക്കുമരുന്നിന് അടിമകളായവർക്കു വേണ്ടിയുള്ള അജപാലനപരിപാടിയുമായും വിശുദ്ധ എജീദിയോയുടെ സമൂഹവുമായും സഹകരിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
സോദരങ്ങളെപ്പോലെ ഒരുമയിൽ ജീവിക്കാൻ വിളിക്കപ്പെട്ട വിവിധ രാജ്യക്കാരയ ജനങ്ങൾ വസിക്കുന്ന നഗരമാണ് ആംസ്റ്റർഡാം എന്നും അവിട ദേവാലയങ്ങൾ സകലവിധ സാമൂഹ്യസാംസ്കാരിക ചുറ്റുപാടുകളിലുള്ളവർ ഒന്നുചേരുന്ന ഇടങ്ങളാണെന്നും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: