പരിചരണവും പരിചയവും ക്ലേശിതന് മഹത്തായ സമ്മാനങ്ങൾ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രോഗിക്ക് വിദഗ്ദ്ധ ചികിത്സയേകുന്നതിനു പുറമെ ഊഷ്മളത പകരാനും കുടുംബ വൈദ്യന് കഴിയുമെന്നും അതിനു കാരണം അദ്ദേഹത്തിന് രോഗിയുമായും രോഗിയുടെ ബന്ധുക്കളുമായും ഉള്ള അടുത്ത പരിചയമാണെന്നും പാപ്പാ പറയുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്ക് നഗരം ആസ്ഥാനമായുള്ള “സോമോസ്” (SOMOS) ആരോഗ്യസേവന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവരെ ശനിയാഴ്ച (25/05/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ആരോഗ്യരംഗത്തും സാമൂഹ്യ രംഗത്തും കുടുംബ ഭിഷഗ്വരൻറെ പങ്കും സാന്നിധ്യവും പുനർമൂല്യനിർണ്ണയനം ചെയ്യേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഈ സമ്മേളനം ഈ ദിവസങ്ങളിൽ ചർച്ച ചെയ്തതിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ കുടുംബ വൈദ്യനിൽ വൈദഗ്ദ്ധ്യവും സാമീപ്യവും സമന്വയിക്കുന്നുവെന്ന് പ്രസ്താവിച്ചു.
ചികിത്സിക്കുന്നവനാണ് വൈദ്യൻ എന്നിരിക്കിലും രോഗം വരുമ്പോൾ നമ്മൾ ചികിത്സാ നൈപുണ്യത്തിനു പുറമേ നമുക്കു വിശ്വാസമർപ്പിക്കാവുന്ന സൗഹൃദ സാമീപ്യവും ഒരു ഭിഷഗ്വരനിൽ തേടുന്നുവെന്ന് പാപ്പാ പറഞ്ഞു. ആകയാൽ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ആയിരിക്കുകയെന്ന കുടുംബവൈദ്യൻറെ പങ്കിനെക്കുറിച്ചും പാപ്പാ വിശദീകരിച്ചു.
കുടുബ ഡോക്ടറുടെ സാന്നിധ്യം സ്നേഹത്തിൻറെയും പങ്കുവയ്ക്കലിൻറെയും ഐക്യദാർഢ്യത്തിൻറെയും ശൃംഖലയാൽ വലയിതനാകുന്നതിന് രോഗിയെ സഹായിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. അങ്ങനെ ഈ സാന്നിധ്യം രോഗനിർണ്ണയനത്തിൻറെയും ചികിത്സയുടെയും ഘട്ടങ്ങൾക്കപ്പുറം കടന്ന് മാനുഷിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സഹനത്തെ, രോഗിയുടെ മാത്രമല്ല എല്ലാവരുടെയും, നന്മയ്ക്കായി ഒത്തൊരുമിച്ചു ജീവിക്കേണ്ട കൂട്ടായ്മയുടെ ഒരു നമിഷമാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പരിചരണവും പരിചയവും യാതനയനുഭവിക്കുന്നയാളെ സംബന്ധിച്ച് മഹത്തായ രണ്ടു സമ്മാനങ്ങളാണ്, പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: