പാപ്പാ : വ്യക്തിപര വിജയത്തിൽ നിന്ന് സാമുദായിക ക്ഷേമം ലക്ഷ്യം വച്ച വിദ്യാഭ്യാസ നയമാറ്റം അനിവാര്യം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ജെസ്യൂട്ട് സ്‌കൂളുകളും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിശുദ്ധ പിതാവ് ഇന്റനാഷണൽ കമ്മീഷൻ ഓഫ് ജെസ്യൂട്ട് എജ്യുക്കേഷണൽ അപ്പോസ്റ്റലേറ്റിന് (ICAJE) കൂടികാഴ്ചയിൽ സന്ദേശം നൽകി.
വിശുദ്ധ ഇഗ്നേഷ്യസിന്റെ കാലം മുതലുള്ള ജെസ്യൂട്ട് വിദ്യാഭ്യാസ ദൗത്യത്തിന്റെ പരിണാമം ഉയർത്തിക്കാട്ടിയ പാപ്പാ, യേശു കേന്ദ്രീകൃതമായി വിദ്യാഭ്യാസ കാര്യങ്ങളെ സുവിശേഷവൽക്കരണവുമായി സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ ആഗോള ഉടമ്പടിയുമായി ഒത്തുചേർന്ന് കേവലം വ്യക്തിപരം മാത്രമായ വിജയ ലക്ഷ്യത്തിൽ നിന്ന് സാമുദായിക ക്ഷേമം ലക്ഷ്യം വച്ചുള്ള വിദ്യാഭ്യാസ നയം മാറ്റേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു. വിദ്യാഭ്യാസത്തെ മാനുഷികവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും "മറ്റുള്ളവർക്കായുള്ള വ്യക്തികൾ" എന്ന നിലയിൽ വിദ്യാർത്ഥികളുടെ രൂപീകരണത്തിന് മുൻഗണന നൽകാനും ഈ പരിവർത്തന പ്രക്രിയയുടെ കേന്ദ്രത്തിൽ അദ്ധ്യാപകർ തന്നെ സ്വയം സാക്ഷികളായി തീരേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഉയർത്തി കാട്ടി.
അധ്യാപകർക്ക് കർത്താവുമായുണ്ടാകേണ്ട ആഴത്തിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും പാപ്പാ ആവർത്തിച്ചു, ഇത് ഫലപ്രദമായി പഠിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. സുവിശേഷവുമായുള്ള യുവാക്കളുടെ ഇടപഴകൽ കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ട് നടക്കാനിരിക്കുന്ന യോഗ്യകർത്താ അന്താരാഷ്ട്ര സെമിനാറിനെ പാപ്പാ അഭിനന്ദിച്ചു.
വിദ്യാഭ്യാസ പ്രക്രിയ വളരെ കാലം ക്ഷമയോടെ നീളുന്ന ഒന്നാണെന്നും, പെട്ടെന്ന് അതിന്റെ ഫലങ്ങൾ കണ്ടെത്താനാവില്ലെന്നും യേശുവിനുപോലും തുടക്കത്തിൽ തന്റെ ശിഷ്യന്മാരിൽ നിന്ന് അത് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട്, ഫ്രാൻസിസ് പാപ്പാ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതിന് സമാനമായി നീങ്ങാൻ അവരോടു ആവശ്യപ്പെട്ടു. വിദ്യാഭ്യാസം നൽകുക എന്നത് കാത്തിരിക്കുകയും, സ്ഥിരോത്സാഹത്തോടെയും, സ്നേഹത്തോടും കൂടെ നിർബന്ധിക്കുകയുമാണ് എന്ന് പരിശുദ്ധ പിതാവ് അവരെ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: