മോന്തേവെർജിൻ ആബി സന്യാസസമൂഹത്തിന് അവരുടെ 900-ആം വാർഷികത്തിൽ പാപ്പാ ആശംസകൾ അർപ്പിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
വെർസെല്ലിയിലെ വിശുദ്ധ ഗുലിയെൽമോയാൽ 1124-ൽ സ്ഥാപിതമായ ഈ സമൂഹം ഈ പ്രദേശത്തെ പ്രാർത്ഥനയുടെയും സുവിശേഷവൽക്കരണത്തിന്റെയും ജീവകാരുണ്യത്തിന്റെയും ഒരു വഴിവിളക്കായി നിലകൊള്ളുന്ന സമൂഹമാണ് മോന്തേവെർജിൻ ആബി സന്യാസസമൂഹം.
ആശ്രമത്തിന്റെ എളിയ തുടക്കത്തെക്കുറിച്ച് പ്രതിപാദിച്ച ഫ്രാൻസിസ് പാപ്പാ സന്യാസിമാരുടെ ജീവിതത്തിലും പ്രേഷിതത്വത്തിലും പ്രാർത്ഥനയുടെയും സേവനത്തിൻന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. വിശുദ്ധ അഗസ്തീനെ ഉദ്ധരിച്ചുകൊണ്ട്, "ദൈവത്തിനുള്ള ഒരു ദാനം, ദൈവത്തിന്റെ ദാനമാകാൻ" പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു..
എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനമെന്ന നിലയിൽ പ്രാർത്ഥനയിൽ വേരൂന്നിയ മോന്തേവെർജിൻ സന്യാസ വിളിയുടെ സത്തയെ പാപ്പാ അടിവരയിട്ടു. പ്രത്യേകിച്ച് മോന്തേ വെർജീനിയ മാതാവിന്റെ മധ്യസ്ഥതയിലൂടെ തീർത്ഥാടകർ ആശ്വാസവും ശക്തിയും തേടുന്ന സ്ഥലമായ തീർത്ഥാടന കേന്ദ്രത്തിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു,
1939 നും 1946 നും ഇടയിൽ, പ്രസിദ്ധമായ പുരാവസ്തുക്കൾ അതിയായി ആഗ്രഹിച്ച ഹിറ്റ്‌ലറിൽ നിന്ന് മറയ്ക്കാൻ ടൂറിനിലിരിക്കുന്ന കർത്താവിന്റെ മൃതശരീരം പൊതിഞ്ഞിരുന്ന കച്ച സൂക്ഷിച്ചിരുന്ന രഹസ്യ സ്ഥലമായിരുന്നു സങ്കേതം. രണ്ടാം ലോകമഹായുദ്ധ സമയത്ത് നടന്ന ആ സംഭവത്തെയും ഫ്രാൻസിസ് പാപ്പാ വിവരിച്ചു.
സന്യാസിമാരെ അഭിസംബോധന ചെയ്തുകൊണ്ട്, തീർത്ഥാടകർക്ക് ഉദാരമായ ആതിഥേയരാകാനും അവർക്ക് കൂദാശകളും മറിയത്തിന്റെ സാന്ത്വന സാന്നിധ്യവും നൽകാനും പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. ലൗകിക പ്രത്യയശാസ്ത്രങ്ങളാൽ വശീകരിക്കപ്പെടാതെ, ദൈവത്തോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാനും, അവന്റെ സാന്നിധ്യത്തിന്റെ ജീവനുള്ള സാക്ഷിയായി സേവിക്കാനും പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. സമൂഹത്തിന്റെ സമർപ്പണത്തിന് നന്ദി പ്രകടിപ്പിക്കുകയും പാപ്പാ തനിക്കുവേണ്ടി അവരുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: