ദൈനംദിന ജീവിതയാത്രയിൽ യുവതയ്ക്ക് അജപാലന സഹായം ലഭ്യമാക്കണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഓജസുറ്റ യുവ ഭൂഖണ്ഡമായ ഏഷ്യയിലും, ലോകത്തിൻറെ ഇതര ഭാഗങ്ങളിലെന്ന പോലെ, പ്രത്യാശയുടെയും അന്തർമുഖതയുടെയും പിടിയിലമരുന്ന യുവതീയുവാക്കൾ നിരവധിയാണെന്ന് മാർപ്പാപ്പാ.
അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഈ 23-25 വരെ സംഘടിപ്പിക്കപ്പെട്ട യുവജന അജപാലന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറോളം പേരടങ്ങിയ ഒരു സംഘത്തെ ശനിയാഴ്‌ച (25/05/24) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ, ലോകയുവജനദിനങ്ങൾ, യുവജന ജൂബിലി തുടങ്ങിയ മഹാസംഭവങ്ങൾ ലക്ഷ്യം വച്ചു മാത്രമല്ല യുവതയുടെ സാധാരണ ജീവിതയാത്രയ്ക്കും അവർക്ക് അജപാലന സഹായം ലഭ്യമാക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞത്.
ദൈനംദിന ജീവിതത്തിനു സഹായകമായ ചെറു അജപാലന പരിപാടികൾ യുവതയുടെ ഹൃദയത്തിൻറെ അടിത്തട്ടിലേക്കു കടക്കുകയും നീണ്ടുനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു. ദൈവം സ്നേഹമാണ്, ക്രിസ്തു രക്ഷിക്കുന്നു, അവിടന്നു ജീവിക്കുന്നു, ആത്മാവ് ജീവൻ പ്രദാനം ചെയ്യുന്നു തുടങ്ങിയ മൗലിക ഉറപ്പുകൾ യുവജനത്തിൻറെ ഹൃദയത്തിൽ വേരുപിടിക്കാൻ അനുദിന യുവജന അജപാലനത്തിലൂടെ അവരെ സഹായിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ വിശദീകരിച്ചു.
നമ്മെ വലയം ചെയ്യുന്ന നിഷേധാത്മക വാർത്തകൾ യുവതീയുവാക്കളെ സവിശേഷമാം വിധം ബാധിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ഈ വാർത്തകൾ, ഉത്ഥിതൻ അവർക്കൊപ്പമുണ്ട്, അവിടന്ന് എതൊരു തിന്മയെയും വെല്ലുന്ന ശക്തനാണ് എന്ന ഉറപ്പിനെ ഇരുളിലാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി.
യുവജന അജപാലനത്തിൽ ആവശ്യമായ ആത്മീയമായ വിവേചന ബുദ്ധിയുടെ പ്രാധാന്യവും പാപ്പാ എടുത്തുകാട്ടി. മറ്റുള്ളവർ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നതിന് യുവതയെ ഉപകരണങ്ങളാക്കരുതെന്നും പ്രത്യുത, സംഭാഷണത്തിലും തീരുമാന പ്രക്രിയയിലും കർമ്മപരിപാടികളിലും ഉൾപ്പെടുത്തിക്കൊണ്ട് അവരെ ഉത്തരവാദിത്വബോധം ഉള്ളവരാക്കണമെന്നും പാപ്പാ പറഞ്ഞു.
അടുത്ത വർഷത്തെ യുവജന ജൂബിലി, മൂന്നുവർഷത്തിനുള്ളിൽ സോളിൽ നടക്കാൻ പോകുന്ന ലോകയുവജന സംഗമം എന്നിവയെപ്പറ്റി പരാമർശിച്ച പാപ്പാ സാധാരണയായി സഭയുമായി ബന്ധംപുലർത്താത്തവരുമുൾപ്പടെയുള്ള നിരവധിയായ യുവതീയുവാക്കൾക്ക് യേശുവുമായി കണ്ടുമുട്ടാൻ കഴിയണമെന്ന സ്വപ്നം തനിക്കുണ്ടെന്നും എല്ലാവരിലേക്കും പ്രത്യാശയുടെ സന്ദേശം എത്തിക്കാൻ കഴിയണമെന്നും പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: