ഫ്രാൻസീസ് പാപ്പാ, പൊന്തിഫിക്കൽ പ്രേഷിത പ്രവർത്തനസമൂഹങ്ങളുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരെ ശനിയാഴ്ച (25/05/24) വത്തിക്കാനിൽ സ്വീകരിച്ചു. ഫ്രാൻസീസ് പാപ്പാ, പൊന്തിഫിക്കൽ പ്രേഷിത പ്രവർത്തനസമൂഹങ്ങളുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരെ ശനിയാഴ്ച (25/05/24) വത്തിക്കാനിൽ സ്വീകരിച്ചു.  (Vatican Media)

കൂട്ടായ്മയും സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും പരിത്രാണപ്രവർത്തനത്തിൻറെ സവിശേഷതകൾ, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, പ്രേഷിത പ്രവർത്തനസമൂഹങ്ങളുടെ (Pontifical Mission Societies) പൊതുസമ്മേളനത്തിൽ പങ്കെടുത്തവരുമായി ശനിയാഴ്ച (25/05/24) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രേഷിത പ്രവർത്തനങ്ങൾ തീവ്രവും ഫലപ്രദവുമാകേണ്ടതിന് അവ നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് മാർപ്പാപ്പാ.

പൊന്തിഫിക്കൽ പ്രേഷിത പ്രവർത്തനസമൂഹങ്ങളുടെ (Pontifical Mission Societies)  പൊതുസമ്മേളനത്തിൽ പങ്കെടുത്തവരെ ശനിയാഴ്ച (25/05/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ദൈവിക ദൗത്യമായ രക്ഷാകരകർമ്മത്തിൻറെ മൗലിക സവിശേഷതകളായ കൂട്ടായ്മ, സർഗ്ഗാത്മകത, നിശ്ചയദാർഢ്യം എന്നിവയെക്കുറിച്ച് തദ്ദവസരത്തിൽ പാപ്പാ ഈ 26-ന് ഞായാറാഴ്ച ആചരിക്കപ്പെടുന്ന പരിശുദ്ധതമ ത്രിത്വത്തിൻറെ തിരുന്നാളുമായി ബന്ധപ്പെടുത്തി വിചിന്തനം ചെയ്തു.

ത്രിത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ മൂന്നാളുകളുടെ കൂട്ടായ്മയാണ് ദൈവമെന്നും ദൈവം സ്നേഹത്തിൻറെ രഹസ്യമാണെന്നും നാം മനസ്സിലാക്കുന്നുവെന്നും ഈ സ്നേഹത്താലാണ് ദൈവം നമ്മെ തേടിയിറങ്ങുകയും രക്ഷിക്കാനെത്തുകയും ചെയ്യുന്നതെന്നും പാപ്പാ കൂട്ടായ്മയെക്കുറിച്ച് വിശകലനം ചെയ്യവെ വിശദീകരിച്ചു. കൂട്ടായ്മയിലേക്കുള്ള വിളിയിൽ സിനഡാത്മക ശൈലി, അതായത് ഒത്തൊരുമിച്ചു ചരിക്കൽ, പരസ്പര ശ്രവണം, സഭാഷണം എന്നിവ അന്തർലീനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സർഗ്ഗാത്മകതയെക്കുറിച്ചു പരാമർശിച്ച പാപ്പാ ആ സവിശേഷത ത്രിത്വത്തിൻറെ കൂട്ടായ്മയിൽ വേരൂന്നിയിരിക്കുന്നുവെന്നും സകലത്തെയും നവീകരിക്കുന്ന  ദൈവത്തിൻറെ രചനാത്മക കർമ്മത്തിൽ നാം സന്ധാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും വിശദീകരിച്ചു.  ദൈവം ക്രിസ്തുവിലും പരിശുദ്ധാരൂപിയിലും നമുക്കു പ്രദാനം ചെയ്യുന്ന അവിടത്തെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് സർഗ്ഗാത്മകതയെന്നും ആകയാൽ പ്രേഷിത സർഗ്ഗാത്മക സ്വാതന്ത്ര്യം കവർച്ചചെയ്യപ്പെടാൻ നാം അനുവദിക്കരുതെന്നും പാപ്പാ പറഞ്ഞു.

തീരുമാനങ്ങളിലും പ്രവർത്തനത്തിലുമുള്ള ദൃഢതയും സ്ഥൈര്യവും ആണ് മൂന്നാമെത്ത സവിശേഷതയായ നിശ്ചയദാർഢ്യമെന്നും ഇതും ത്രിത്വത്തിൻറെ സ്നേഹത്തിൽ പ്രകടമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവവുമായുള്ള കൂടിക്കാഴ്ചയിലേക്കും കൂട്ടായ്മയിലേക്കും ക്ഷണിക്കുന്നതിന് നരകുലത്തിൻറെ നേർക്കുള്ള അക്ഷീണ യാത്രയാണ് ദൈവിക ദൗത്യമെന്നും അതുകൊണ്ടുതന്നെ സഭ സീമാതീതം യാത്ര തുടരുമെന്നും പാപ്പാ പറഞ്ഞു. ആകയാൽ നമ്മളും തീരുമാനങ്ങളിലും കർമ്മത്തിലും സ്ഥൈര്യവും നിർബന്ധബുദ്ധിയും ഉള്ളവരായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2024, 13:42