ഫ്രാൻസീസ് പാപ്പാ മാനവസാഹോദര്യ സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത് വത്തിക്കാനിൽ, 11/05/24 ഫ്രാൻസീസ് പാപ്പാ മാനവസാഹോദര്യ സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത് വത്തിക്കാനിൽ, 11/05/24  (Vatican Media)

പാപ്പാ: യുദ്ധം ഒരു ചതി, സഹോദര്യ ആദ്ധ്യാത്മികത ഊട്ടിവളർത്തുക!

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ നൊബേൽ സമാധാനപുരസ്കാര ജേതാക്കളുൾപ്പടെയുള്ളവർ പങ്കെടുത്ത ദ്വിദിന മാനവസാഹോദര്യ അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവരെ സമാപനദിനമായ ശനിയാഴ്ച (11/05/24) സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഹോദരങ്ങളെപ്പോലെ ഒരുമിച്ചു വാഴുകയെന്ന ലളിതമായ കല അഭ്യസിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മാർപ്പാപ്പാ.

മാനവസാഹോദര്യത്തെ അധികരിച്ച് വത്തിക്കാനിൽ നൊബേൽ സമാധാനപുരസ്കാര ജേതാക്കളുൾപ്പടെയുള്ളവർ പങ്കെടുത്ത ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവരെ സമാപനദിനമായ ശനിയാഴ്ച (11/05/24) സ്വീകരിച്ചു സംബോധനചെയ്യവെ, മാർട്ടിൻലൂഥർ കിംഗിൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്  ഫ്രാൻസീസ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

നമ്മൾ പക്ഷികളെപ്പോലെ പറക്കാനും മത്സ്യങ്ങളെപ്പോലെ നീന്താനും പഠിച്ചു. എന്നാൽ സഹോദരങ്ങളെപ്പോലെ ഒരുമിച്ചു ജീവിക്കുകയെന്ന ലളിതകല പഠിച്ചിട്ടില്ല എന്നീ അദ്ദഹത്തിൻറെ വാക്കുകൾ അനുസ്മരിച്ച പാപ്പാ ഈ കല അഭ്യസിക്കണമെങ്കിൽ അതിന് വേണ്ട മൗലിക ഭാവം അനുകമ്പയാണെന്ന് ഉദ്ബോധിപ്പിച്ചു.

അഗ്നിപടർന്നിരിക്കുന്ന ഒരു ഗ്രഹത്തിൽ, നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളുടെ പരസ്പര ദാനത്തിൽ, നമ്മെ ഒന്നിപ്പിക്കുന്നതും സഹോദരങ്ങളെ തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നതുമായ മാനവികതയ്ക്ക് സാക്ഷ്യമേകിക്കൊണ്ട്, യുദ്ധത്തോട് അരുതു പറയാനും സമാധനത്തോട് വേണമെന്നു പറയാനുമാണ് സമാധാന നൊബേൽ പുരസ്കാരജേതാക്കളുൾപ്പടെയുള്ളവർ സമ്മേളിച്ചിരിക്കുന്നത് എന്ന് പാപ്പാ അനുസ്മരിച്ചു.

സഹോദര്യ ആത്മീയത പരിപോഷിപ്പിക്കാനും നയതന്ത്ര പ്രവർത്തനത്തിലൂടെ ബഹുമുഖസംഘടനകളുടെ പങ്ക് പ്രോത്സാഹിപ്പിക്കാനും പാപ്പാ അവർക്ക് പ്രചോദനം പകർന്നു. സ്ഥൈര്യമാർന്നതും ധീരവുമായ സംഭാഷണം സംഘർഷങ്ങളും പോരാട്ടങ്ങളും പോലെ വാർത്തകളിൽ സ്ഥാനം പിടിക്കില്ലെങ്കിലും, നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിനൊക്കെ ഉപരിയായി, ലോകത്തെ മികച്ച രീതിയിൽ ജീവിക്കാൻ സഹായിക്കുന്നു എന്നതിനാൽ നിരാശപ്പെടേണ്ടതില്ല എന്ന് പാപ്പാ പറഞ്ഞു.

ഭയത്തെ പ്രതിരോധിക്കുന്നതിലധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര സുരക്ഷ എന്ന ആശയം പോലെതന്നെ ചതിയാണ് യുദ്ധവും എന്നു പറഞ്ഞ പാപ്പാ, ശാശ്വത സമാധാനം ഉറപ്പേകുന്നതിന് പൊതുവായ മാനവികതയിൽ സ്വയം തിരിച്ചറിയുന്നതിലേക്കും സാഹോദര്യത്തെ ജനതകളുടെ ജീവിതത്തിൻറെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും നാം മടങ്ങേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. അപ്രകാരം മാത്രമേ മാനവകുടുംബത്തിന് ഒരു ഭാവി നൽകാൻ കഴിവുറ്റ സഹവർത്തിത്വത്തിൻറെ മാതൃക വികസിപ്പിക്കാൻ നമുക്ക് സാധിക്കുകയുള്ളുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഏതു തരത്തിലുള്ള മരണമായാലും അതിൽ ജീവനാണ് വിജയിക്കുന്നത് എന്ന വിശ്വാസത്തിൽ ആളുകൾ പരസ്പരം കണ്ടുമുട്ടുന്നതിന്, രാഷ്ട്രീയ സമാധാനത്തിന് ഹൃദയങ്ങളുടെ ശാന്തി ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു..

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2024, 14:57