തിരയുക

ഫ്രാൻസിസ് പാപ്പായും വിവിധ സഭാദ്ധ്യക്ഷന്മാരും - എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥനാവേളയിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും വിവിധ സഭാദ്ധ്യക്ഷന്മാരും - എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥനാവേളയിൽ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

ഐക്യത്തിന്റെ സേവകനാണ് റോമിന്റെ മെത്രാൻ: ക്രൈസ്തവ ഐക്യത്തിനായുള്ള റോമൻ ഡികാസ്റ്ററി

പത്രോസിന്റെ സിംഹാസനത്തിനുള്ള പ്രാമുഖ്യം സേവനത്തിനും ഐക്യത്തിനുമുള്ളതെന്ന് ആവർത്തിച്ച് ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള റോമൻ ഡികാസ്റ്ററി. ആദ്യനൂറ്റാണ്ടുകളിൽ സഭയിൽ നിലനിന്നിരുന്ന ഐക്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, ജൂൺ 13 വ്യാഴാഴ്ച, "റോമിന്റെ മെത്രാൻ" എന്ന പേരിൽ, ക്രൈസ്തവസഭാ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള റോമൻ ഡികാസ്റ്ററി പുതിയ ഒരു രേഖ പുറത്തുവിട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഐക്യത്തിന്റെ സേവകൻ എന്ന നിലയിൽ പത്രോസിന്റെ പിൻഗാമിയായ റോം രൂപതയുടെ മെത്രാന്റെ പ്രാധാന്യം എടുത്തുകാട്ടി, "റോമിന്റെ മെത്രാൻ" എന്ന പേരിൽ ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള റോമൻ ഡികാസ്റ്ററി പുതിയ ഒരു രേഖ പുറത്തിറക്കി. പത്രോസിന്റെ സിംഹാസനത്തിന്റെ പ്രാധാന്യം സംബന്ധിച്ച ചർച്ചകളും ഉത് ഊനും സിന്ത് (Ut unum sint - അവർ ഒന്നായിരിക്കാൻവേണ്ടി), എന്ന ചാക്രികലേഖനവും, വിവിധ എക്യൂമെനിക്കൽ സംവാദങ്ങളും കൊണ്ടുവരുന്ന ആശയങ്ങളും, സിനാഡാത്മകതയും സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്നതാണ്, ജൂൺ 13 വ്യാഴാഴ്ച പുറത്തിറക്കിയ ഈ രേഖ. ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ കുർട് കോക്, മെത്രാൻസിൻഡിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെക്, എന്നിവർ നേരിട്ടും, അർമേനിയൻ അപ്പസ്തോലിക സഭയുടെ വത്തിക്കാനിലേക്കുള്ള പ്രതിനിധി അഭിവന്ദ്യ ഖജാജ് ബർസാമിയൻ, ആംഗ്ലിക്കൻ സഭാംഗവും കാന്റർബറി അതിരൂപതാധ്യക്ഷന്റെ പ്രതിനിധി ആർച്ച്ബിഷപ് യാൻ ഏർനെസ്റ്റും ഇന്റർനെറ്റ് വഴിയും രേഖയുടെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്തവർ ജീവിച്ചിരുന്ന പൂർണ്ണമായ ഐക്യം ജീവിക്കാൻ ഇന്നത്തെ സഭകളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ്, രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഉൾപ്പെടെയുള്ളവരുടെ പരിശ്രമങ്ങളും, എക്യൂമെനിക്കൽ സംവാദങ്ങളുടെ ഫലങ്ങളും ചേർത്ത് തയ്യാറാക്കിയ ഈ പുതിയ രേഖ പുറത്തിറക്കിയിരിക്കുന്നത്.

വിവിധ ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിന് ചിലപ്പോഴെങ്കിലും തടസ്സമായി നിന്ന, പത്രോസിന്റേതായ അധികാരത്തെ സംബന്ധിച്ച രേഖകളുടെ ഒരു പുനഃവായനയാണ് ദൈവശാസ്ത്രപരമായ സംവാദങ്ങളിലൂടെ സഭ ലക്ഷ്യമാക്കിയത്. അകൽച്ചയ്ക്ക് കാരണമായിട്ടുള്ള രേഖകളെക്കാൾ, അപ്പസ്തോലന്മാരുടെയിടയിൽ പത്രോസിനുണ്ടായിരുന്ന ഉത്തരവാദിത്വം സംബന്ധിച്ചുള്ള വിചിന്തനം നടത്തുന്നത് വഴി ഐക്യത്തിലേക്ക് എത്തുകയാണ് ഇതിന്റെ ലക്‌ഷ്യം.

റോമിന്റെ മെത്രാന്റെ പ്രാമുഖ്യത്തെ, മാനുഷികമായ തീരുമാനിക്കപ്പെട്ട ഒരു സംവിധാനം, ദൈവികമായ ഇടപെടലിലൂടെ പ്രാധാനപ്പെട്ടതായി മാറുന്ന ഒരു വ്യവസ്ഥ എന്നിങ്ങനെയുള്ള വൈരുദ്ധ്യാത്മകമായ ചിന്തകളോടെ കാണുന്നതിനേക്കാൾ, അതിനെ ദൈവികവും മാനുഷികവുമായ സമഗ്രമായ ഇടപെടലുകളിലൂടെയുള്ള ഒന്നായി കാണുക എന്നതും വ്യക്തതയുള്ളതാക്കാൻ സഭയിലെ ചർച്ചകൾ സഹായിക്കുന്നുണ്ട്.

ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ വ്യാഖ്യാനങ്ങളും പത്രോസിന്റെ സിംഹാസനത്തിനുള്ള പ്രാമുഖ്യത്തെ സംബന്ധിച്ച ചിന്തയിൽ തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയെ കൂടുതൽ കൃത്യമായ വിശദീകരണങ്ങളോടെ എക്യൂമെനിക്കലും സാംസ്കാരികവുമായ ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുക എന്നതാണ് പുതിയ രേഖ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളിൽ ഒന്ന്. റോമിന്റെ മെത്രാന് പടിഞ്ഞാറൻ സഭയിലുള്ള പാത്രിയാർക്കൽ അജപാലനനിയോഗവും, സഭകൾ തമ്മിലുള്ള ഐക്യവുമായി ബന്ധപ്പെട്ട നിയോഗത്തിലെ പ്രാമുഖ്യവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുക എന്നതാണ് ഡികാസ്റ്ററിയുടെ മറ്റൊരു നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട്, പാപ്പായ്ക്ക് റോമാ മെത്രാൻ എന്ന നിലയിൽ തന്റെ രൂപതയിൽ അനുഷ്ഠിക്കേണ്ട സേവനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടേണ്ടതുണ്ട്. മൂന്നാമത്തെ ഒരു നിർദ്ദേശം കത്തോലിക്കാസഭയ്ക്കുള്ളിലെ സിനഡാത്മകത വളർത്തുക എന്നുള്ളതാണ്. ഇതിലേക്കായി ദേശീയ, പ്രാദേശിക മെത്രാൻ സമിതികളുടെ അധികാരത്തെക്കുറിച്ചും, മെത്രാന്മാരുടെ സിനഡും, റോമൻ കൂരിയയുമായുള്ള അവയുടെ ബന്ധത്തെക്കുറിച്ചും കൂടുതലായി വിചിന്തനം ചെയ്യുക എന്നതിന്റെ പ്രാധാന്യവും രേഖ എടുത്തുകാണിക്കുന്നുണ്ട്. സഭയുടെ സിനഡാത്മക പ്രവർത്തനങ്ങളിൽ, മുഴുവൻ ദൈവജനത്തിന്റെയും പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഈ രേഖ അടിവരയിടുന്നു. അവസാനമായി, അനുരഞ്ജനത്തിന്റേതായ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും രേഖ പരാമർശിക്കുന്നുണ്ട്. ആഗോളതലത്തിൽ, വ്യത്യസ്തസഭകളുടെ തലവന്മാർ തമ്മിലുള്ള തുടർച്ചയായ സമ്പർക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഇവിടെ കാണാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2024, 17:38