ആശ്ചര്യങ്ങൾ വിതറി ഗ്യാരേജിൽ പാപ്പായുടെ “പ്രാർത്ഥനയുടെ വിദ്യാലയം"
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
2025ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ടുള്ള റോമിലെ വിവിധ ഇടവകകകൾ സന്ദർശിച്ച് പാപ്പാ നടത്തുന്ന ‘പ്രാർത്ഥനയുടെ വിദ്യാലയം” എന്ന പരിപാടിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
ചരൽ വിരിച്ചതറയും ഇഷ്ടിക മതിലും, മരങ്ങളും വള്ളിച്ചെടികളും തിങ്ങിയ ഗാര്യേജിൽ ഷട്ടറിട്ടു മറച്ച കാറുകൾക്കു മുന്നിൽ ഒരു കസേരയിൽ ഇരുന്നാണ് പാപ്പാ അവരുമായി കൂടിക്കാഴ്ച നടത്തിയത്. അത്ഭുതം കൂറിയ കണ്ണുകളോടെ ഏതാണ്ട് മുപ്പതോളം കുടുംബങ്ങൾ അവിടെ സന്നിഹിതരായിരുന്നു.
ഇന്നലെ ജൂൺ ആറാം തിയതി വൈകിട്ടാണ് റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഓട്ടാവിയയിലെ ഗാര്യേജിൽ കൂടിക്കാഴ്ച നടന്നത്. പുതിയതായി മാതാപിതാക്കളായവരും, മുത്തശ്ശി മുത്തച്ഛൻമാരും, ഇടവക യുവജന സമൂഹവും, സെനഗളിൽ നിന്നുള്ള കുടിയേറ്റക്കാരായ സ്ത്രീകളും, സ്ഥലത്തെ മുനിസിപ്പാലിറ്റി ചെയർമാനും സന്നിഹിതരായിരുന്നു.
അഞ്ച് മണിയോടെ എത്തിയ പാപ്പാ മധുരപലഹാരങ്ങൾ വിതരണം ചെയ്തു കൊണ്ടാണ് പ്രവേശിച്ചത്. അവരോടു സംസാരിക്കവെ, കുടുംബത്തെക്കുറിച്ചും, അതിന്റെ വെല്ലുവിളികളെയും സൗന്ദര്യത്തെയും സമൂഹത്തിനും സഭയ്ക്കും അതു നൽകുന്ന സാധ്യതകളെക്കുറിച്ചും ഏതാണ്ട് 45 മിനിറ്റോളം അവരുമായി ചോദ്യങ്ങളും ഉത്തരങ്ങളുമായി പരിശുദ്ധ പിതാവ് ചിലവഴിച്ചു.
കുട്ടികളെ വളർത്തിയെടുക്കാൻ അത്യാവശ്യമായ കുടുംബമെന്ന സംവിധാനത്തെ പരിരക്ഷിക്കാൻ ആവശ്യപ്പെട്ട പാപ്പാ കുടുംബത്തിൽ ഉണ്ടാവുന്ന വാക്കുതർക്കങ്ങളും, ചിലപ്പോഴുണ്ടാകുന്ന വേർപിരിയലുകളുമാകുന്ന കൊടുങ്കാറ്റുകൾക്കുമപ്പുറം നിരാശരാകാതെ ദിവസം അവസാനിക്കും മുമ്പ് സമാധാനം പുന:സ്ഥാപിക്കാൻ പരിശ്രമിക്കാൻ ആവശ്യപ്പെട്ടു. ക്ഷമിക്കൂ (Sorry)എന്നും ദയവായി (Please) നന്ദി ( Thank you) എന്നുമുള്ള വാക്കുകളുടെ ഉപയോഗം ബന്ധങ്ങൾ പ്രായോഗികമാക്കാൻ ഉതകുന്നവയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാം കണ്ടു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ തമ്മിലുള്ള സ്നേഹമാണ് പ്രചോദനം എന്നും, പിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ പരസ്പരം മോശം പറയുന്നത് ഒഴിവാക്കണമെന്നും കൂടി പാപ്പാ ഉപദേശിച്ചു.
വിശ്വാസം എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും എന്ന യുവാക്കളുടെ ചോദ്യത്തിനു മറുപടിയായി സാക്ഷ്യം മാത്രമാണ് ഏക വഴി എന്നായിരുന്നു പാപ്പായുടെ ഉത്തരം. ചരിത്രം മുന്നോട്ടു കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം യുവാക്കൾക്കാണെന്നും വീഴ്ചകളിൽ തളരാതെ എഴുന്നേറ്റ് മുന്നോട്ടു നീങ്ങുവാനും അവരെ പ്രോത്സാഹിപ്പിച്ചു.
ആ പ്രദേശത്തുള്ളവർക്ക് ഒരുമിച്ചു കൂട്ടാൻ പറ്റിയ ഒരു വലിയ ദേവാലയത്തിന്റെ ആവശ്യം ഉന്നയിച്ചയാളോടു സഭ എന്നതിന് ജനങ്ങളുടെ കൂട്ടായ്മയെന്നും കൂടി അർത്ഥമുണ്ട് എന്നും അല്ലാതെ ഒരു ആരാധാലയം മാത്രമല്ല എന്നും പാപ്പാ പറഞ്ഞു. സഭ രൂപം കൊള്ളുന്നത് സമൂഹത്തിലാണ്. കുട്ടികളെ ശ്രവിക്കാത്ത, മുതിർന്നവരെ പരിഗണിക്കാത്ത ഇടവക ഒരു ശരിയായ ക്രൈസ്തവ സമൂഹമല്ല - മുതിർന്നവർ ഓർമ്മശക്തിയും കുഞ്ഞുങ്ങൾ വാഗ്ദാനങ്ങളുമാണെന്ന് മറക്കരുതെന്നും പാപ്പാ പറഞ്ഞു.
സഭയുമായി കുഞ്ഞുങ്ങളെ അടുത്തു നിർത്താൻ സാക്ഷ്യം മാത്രമാണ് വഴിയെന്ന് വീണ്ടും മാതാപിതാക്കളുടെ ചോദ്യത്തിന് ഉത്തരമായി പാപ്പാ വിശദീകരിച്ചു. അത് കുടുംബത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്. മാതാപിതാക്കളുടെ പരസ്പര സ്നേഹമാണ് കുട്ടികൾ മനസ്സിലാക്കേണ്ടത്. എന്നാൽ പരസ്പരം തർക്കിക്കേണ്ടി വരുമ്പോൾ അതു കുട്ടികളുടെ മുന്നിൽ വച്ചു ചെയ്യാതിരിക്കാൻ പരിശ്രമിക്കാനും പാപ്പാ ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം ചർച്ചകളിലൂടെയാണ് സംഭവിക്കേണ്ടതെന്നും, അവർക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്ന ബോധ്യം വളർത്താനും, അവർ തനിച്ചല്ല എന്നും ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കാനും പാപ്പാ മാതാപിതാക്കളോടു നിർദ്ദശിച്ചു. നല്ല പാഠങ്ങൾ വീട്ടിൽ നിന്നാണ് പഠിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
സന്നിഹിതരായ ഓരോരുത്തരേയും പാപ്പാ ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യുകയും ജപമാല സമ്മാനിക്കുകയും ചെയ്തു. ഫോട്ടോയ്ക്ക് നിന്നു കൊടുത്ത പാപ്പാ പേരമകൻ സ്കൈപ്പിൽ വിളിച്ചു കൊടുത്ത മരിയയെന്ന അവന്റെ അമ്മുമ്മയുമായി സംസാരിക്കുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അവർക്കെല്ലാവർക്കും കൂടി ഉണ്ണിയെ കൈയ്യിലെടുത്തു കൊണ്ടിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം ഈ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി കെട്ടിടത്തിൽ വയ്ക്കാൻ സമ്മാനിച്ച ശേഷമാണ് പാപ്പാ തിരിച്ചു യാത്രയായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: