പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂൺ മുപ്പതിന്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകുവാനുള്ള ആഹ്വാനവുമായി, ജൂൺ മാസം മുപ്പതാം തീയതി ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും,
ദുരിതമനുഭവിക്കുന്നവരോട് അടുത്തിരിക്കാൻ ആഗ്രഹിക്കുന്ന പത്രോസിന്റെ പിൻഗാമിയുടെ പ്രവർത്തനത്തിന് ഒരു പ്രധാന പിന്തുണയാണ്. യുദ്ധങ്ങൾ, അനീതികൾ, ദാരിദ്ര്യം എന്നിവയ്ക്ക് ഇരയായവർക്ക് എപ്പോഴും കൈത്താങ്ങായി നിൽക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ജീവിതം പലപ്പോഴും ലോകമാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കും വ്യക്തിയുടെ അന്തസ്സിനും നേരെയുള്ള ആക്രമണങ്ങളാൽ ഏറെ നാശം സംഭവിച്ച ഒരു ലോകത്തിൽ, സാർവത്രികമായ ഒരു സാഹോദര്യം കെട്ടിപ്പടുക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ ജീവകാരുണ്യപ്രവർത്തനങ്ങൾ.
നിരവധി പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും തന്നെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയ എല്ലാവരോടും ഫ്രാൻസിസ് പാപ്പാ തന്റെ ഹൃദയംഗമമായ നന്ദിയർപ്പിച്ചു. കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നത് സുവിശേഷമൂല്യമാണെന്നിരിക്കെ, അവയിൽ എല്ലാവരുടെയും സഹകരണവും പാപ്പാ അഭ്യർത്ഥിക്കുന്നു.
സമാധാനത്തിനും സാഹോദര്യത്തിനും അനുകൂലമായി ഫ്രാൻസിസ് പാപ്പായുടെ വിശ്രമമില്ലാത്ത പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഈ സംഭാവനകൾ, അദ്ദേഹത്തോടുള്ള അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ്. തെല്ലും ദാനധർമ്മം എന്നതിലുപരി സുവിശേഷം പ്രഖ്യാപിക്കുക എന്ന അദ്ദേഹത്തിന്റെ ദൗത്യത്തിൽ പങ്കെടുക്കുന്നതിനും, സമഗ്രമായ മാനവവികസനം, വിദ്യാഭ്യാസം, സമാധാനം എന്നിവയുടെ പ്രോത്സാഹനത്തെ പിന്തുണയ്ക്കുന്നതിനും ആളുകളെ സഹകരിപ്പിക്കുന്നതിനും കൂടിയാണ് ഈ ജീവകാരുണ്യദിനം ലക്‌ഷ്യം വയ്ക്കുന്നത്.
സംഭാവനകൾക്ക്: https://www.obolodisanpietro.va/en/dona.html
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: