ആമസോൺ വികസനപാതയിൽ പാപ്പായുടെ പങ്ക് അവിസ്മരണീയം: കർദിനാൾ പെദ്രോ ബരേത്തോ
ഫാ. ജോഹാൻ പച്ചെക്കോ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലോകത്തിൽ ഏറെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളിൽ ഒന്നായിരുന്ന ആമസോൺ ജനതയുടെ വികസനത്തിന് ഏറെ സംഭാവനകൾ നൽകിയ 'ആമസോൺ സിനഡ്' വിളിച്ചുചേർത്ത ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദിയർപ്പിക്കുന്നുവെന്ന്, ആമസോൺ മെത്രാൻ സമിതിയുടെ പ്രസിഡൻ്റ് കർദിനാൾ പെദ്രോ ബരേത്തോ വത്തിക്കാൻ റേഡിയോ - ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കർദിനാൾ അഭിമുഖം അനുവദിച്ചത്.
ആമസോൺ ജനത ഫ്രാൻസിസ് പാപ്പായെ വിളിക്കുന്നത് മുത്തച്ഛൻ എന്നാണെന്നും, പ്രാദേശികമായി മുത്തച്ഛൻ എന്നാൽ ജ്ഞാനിയും, വഴികാട്ടിയും, നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയുമാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഇത്തരത്തിൽ ആമസോൺ ജനതയുടെ ഹൃദയങ്ങളിൽ പാപ്പായ്ക്കും, സഭയ്ക്കും സ്ഥാനം നൽകുവാൻ ആമസോൺ സിനഡ് വഹിച്ച പങ്കു വലുതാണെന്നും കർദിനാൾ പറഞ്ഞു. എന്നാൽ ഇനിയും ഏറെ ഘാതം യാത്ര ചെയ്യണ്ടതിന്റെ ആവശ്യകതയും ആമസോണിൽ നിന്നും ഫ്രാൻസിസ് പാപ്പായെ കാണുവാൻ എത്തിയ സംഘം അറിയിച്ചു. പരിസ്ഥിതി സംരക്ഷകരുടെ തിരോധാനങ്ങളും, പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളും ഇപ്പോഴും ഉത്കണ്ഠ ജനിപ്പിക്കുന്നതായി അവർ പങ്കുവച്ചു.
വേദനയും കണ്ണീരുമായി ചരിത്രത്തിൽ തീർത്ഥാടനം നടത്തുന്ന ദൈവജനത്തിൻ്റെ ഭാഗമാണ് ആമസോണിയൻ ജനതയെന്ന് കർദിനാൾ പറഞ്ഞു. സിനഡൽ പാതയിൽ ആമസോൺ ജനത നടത്തുന്ന മുന്നേറ്റവും, പ്രത്യാശയുടെ ജൂബിലി വർഷത്തേക്കുള്ള ഒരുക്കങ്ങളും കർദിനാൾ പങ്കുവച്ചു. ഏറെ ഉത്സാഹത്തോടെയും, താത്പ്പര്യത്തോടെയും ഈ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനുള്ള ജനതയുടെ ജീവിതവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതിയെ പരിപാലിക്കുന്നത് നമ്മുടെ സുവിശേഷവത്ക്കരണ ദൗത്യത്തിൻ്റെ ഭാഗമാണെന്നും, യേശുക്രിസ്തുവിൻ്റെ സുവിശേഷം പ്രഖ്യാപിക്കുന്നത് ജനങ്ങളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്നതിലൂടെയാണെന്നും കർദിനാൾ എടുത്തു പറഞ്ഞു. വരും ദിവസങ്ങളിൽ വത്തിക്കാനിലെ വിവിധ ഡിക്കസ്റ്ററികളുടെ ഉത്തരവാദിത്വം വഹിക്കുന്നവരുമായും സംഘം കൂടിക്കാഴ്ചകൾ നടത്തുമെന്നും കർദിനാൾ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: