പാപ്പായും സർവ്വകലാശാലാ വിദ്യാർത്ഥികളുമായി നടന്ന ഓൺലൈൻ സംവാദം. പാപ്പായും സർവ്വകലാശാലാ വിദ്യാർത്ഥികളുമായി നടന്ന ഓൺലൈൻ സംവാദം. 

സർവ്വകലാശാലാ വിദ്യാർത്ഥികളുമായി ഓൺലൈൻ സംവാദത്തിലേർപ്പെട്ട് ഫ്രാൻസിസ് പാപ്പാ

ചിക്കാഗോയിലെ ലെയോളാ സർവ്വകലാശാലയും ലാറ്റിനമേരിക്കയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചേർന്ന് സംഘടിപ്പിച്ച ഏഷ്യ പസിഫിക്കുമായി പാലങ്ങൾ പണിയുക എന്ന സംരംഭത്തിന്റെ ഭാഗമായിരുന്നു പാപ്പായും സർവ്വകലാശാലാ വിദ്യാർത്ഥികളുമായി നടന്ന ഓൺലൈൻ സംവാദം. സംവാദത്തിൽ വിശ്വാസത്തോടും അവരുടെ ബോധ്യങ്ങളോടും സത്യസന്ധത പുലർത്താൻ ഫ്രാൻസിസ് പാപ്പാ അവരോടാവശ്യപ്പെട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വ്യാഴാഴ്ച ജൂൺ 20ന് ഏഷ്യയിൽ നിന്നുള്ള സർവ്വകലാശാല വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു പാപ്പാ. മറ്റുള്ളവർ പീഡിപ്പിക്കുമെന്ന ഭയത്തിൽ തണുത്ത വിശ്വാസം ജീവിക്കാൻ പ്രലോഭിതരായാലും അവരുടെ സ്വത്വത്തോടു സത്യസന്ധത പുലർത്തി, ക്രൈസ്തവ രക്തസാക്ഷികളെപ്പോലെ ശക്തരായിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ചിക്കാഗോ യൂണിവേഴ്സിറ്റി ഇതിനു മുമ്പും ഇത്തരം സംരംഭങ്ങൾ നടത്തിയിട്ടുണ്ട്. 2022 ൽ ആരംഭിച്ച  “വടക്കും -തെക്കും ചേർക്കുന്ന പാലങ്ങൾ പണിയുക “ എന്ന  ആദ്യത്തേ സംരംഭത്തിനുശേഷം സബ് സഹാറൻ ആഫ്രിക്കൻ വിദ്യാർത്ഥികളുമായും “ആഫ്രിക്കയിലൂടെ പാലങ്ങൾ പണിയുക “തുടങ്ങിയവ അവയിൽ ചിലതാണ്.

വിദ്യാർത്ഥി സംഘങ്ങളെ പാപ്പായ്ക്ക് പരിചയപ്പെടുത്തുകയും അവരുടെ ചിന്തകൾ പങ്കുവയ്ക്കയും ചെയ്തുകൊണ്ടാരംഭിച്ച കൂടിക്കാഴ്ചയിൽ പാപ്പാ അവർക്ക് ഉപദേശം നൽകുകയും തന്റെ ആശങ്കകളും നിർദ്ദേശങ്ങളും നൽകിക്കൊണ്ട് ദുർബ്ബല നിമിഷങ്ങളിൽ മറ്റുള്ളവരിൽ നിന്ന് സഹായം തേടാൻ അവരോടു അഭ്യർത്ഥിക്കുകയും ചെയ്തു. സമൂഹത്തോടു പ്രതിബദ്ധതയുള്ളവരായിരിക്കാനും സമൂഹത്തോടു ചേർന്നിരിക്കുന്നത് എങ്ങനെയാണ് നമ്മുടെ സുരക്ഷിതത്വം ഉയർത്തുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.  

മാനസിക ആരോഗ്യം, വിവേചനം, മുറിവുകൾ, സ്വത്വം എന്നിവയെക്കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചു. സ്വന്തമായ ഒരു സ്വത്വത്തിനു വേണ്ടി പരിശ്രമിക്കാൻ അവരെ ആഹ്വാനം ചെയ്ത പാപ്പാ പരസ്പരം സഹകരിച്ച് ഐക്യത്തോടെ മുന്നേറാനും ആവശ്യപ്പെട്ടു. മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്ന എല്ലാറ്റിനെയും അപലപിച്ച പാപ്പാ സ്ത്രീകളെ ചിലപ്പോൾ രണ്ടാം തരം പൗരരായി കണക്കാക്കുന്നതിനെതിരെയും പ്രതികരിച്ചു.

സ്ത്രീകളുടെ മഹത്വം മറക്കരുതെന്നും ഉൾക്കാഴ്ചകളിലും സമൂഹം കെട്ടിപ്പടുക്കുനതിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ കഴിവുള്ളവരാണെന്നും പാപ്പാ പറഞ്ഞു. മറ്റുള്ളവരോടു സമീപസ്ഥരായിരിക്കാനും സ്നേഹിക്കാനും ആരേയും ഒഴിവാക്കാതിരിക്കാരും ഫ്രാൻസിസ് പാപ്പാ അവരോടു പറഞ്ഞു. ഫിലിപ്പൈൻസിലെ ഉയർന്ന എയ്ഡ്സ് നിരക്കിനെക്കുറിച്ച് സൂചിപ്പിച്ച വിദ്യാർത്ഥിയോടു മറുപടി പറയവേ ആരോഗ്യ പരിപാലനം ശുശ്രൂഷയ്ക്കും ആളുകളെ സഹായിക്കാനും വേണ്ടിയാവണം ആരേയും ഒഴിവാക്കാൻ വേണ്ടിയാവരുതെന്ന് പാപ്പാ സൂചിപ്പിച്ചു. പ്രായോഗികമായ വിദ്യാഭ്യാസത്തെക്കുറിച്ചും അതിൽ ഹൃദയവും മനസ്സും കരങ്ങളും സഹകരിപ്പിക്കുന്ന തരത്തിലുള്ള അദ്ധ്യാപനത്തെക്കുറിച്ചും പരിശുദ്ധ പിതാവ് വിവരിച്ചു.

ക്രൈസ്തവരായ യുവാക്കൾക്ക് സമൂഹത്തിൽ പങ്കെടുക്കാനും അംഗങ്ങളായിരിക്കാനുമുള്ള വെല്ലുവിളികളെ പരിഗണിച്ച പാപ്പാ വിശ്വാസത്തെ മുറുകെ പിടിക്കാനും പ്രാർത്ഥനയുടെ ആവശ്യകതയും  എടുത്തു പറഞ്ഞു. ഇത് അവരെ കൂടുതൽ പ്രായോഗികമായി മറ്റുള്ളവരുമായി ഇടപഴകാൻ സഹായിക്കും, പാപ്പാ പറഞ്ഞു.

വിശ്വാസത്തെ പ്രതി അപമാനിക്കപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന അവസരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവരുടെ ബോധ്യങ്ങളിൽ ശക്തരായിരിക്കാനും ഏകാന്തത കൊണ്ടുവരാവുന്ന ദുശ്ശീലങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തത്. വിശ്വാസത്തിൽ വിദ്യാഭ്യാസം നേടേണ്ടതിന്റെയും സത്യസന്ധമായി ക്രൈസ്തവ ജീവിതം നയിക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ അടിവരയിട്ടു. ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ ആദ്യം മുതലേ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും വെള്ളം കൂട്ടിയ ക്രൈസ്തവ ജീവിതത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ ഊർജ്ജസ്വലമായ വിശ്വാസത്തോടെ ഒരർത്ഥത്തിൽ രക്ത സാക്ഷികളെപ്പോലെ ജീവിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു.

പ്രത്യയശാസ്ത്രങ്ങളുടെ അപകടങ്ങളെക്കുറിച്ചും ഭൂതകാല ദുരന്തങ്ങളെ ഭാവിയിലേക്കുള്ള പാഠങ്ങളാക്കാനും സമാധാനത്തിനായി പ്രവർത്തിക്കാനും വിദ്യാർത്ഥികളെ പാപ്പാ ഓർമ്മിപ്പിച്ചു. അവർക്ക് തന്റെ ആശീർവ്വാദം നൽകിക്കൊണ്ടാണ് കൂടിക്കാഴ്ച സമാപിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2024, 12:30