ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ. 

ഹാസ്യനടീനടന്മാരെ വത്തിക്കാനിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

കല, നർമ്മം, സാംസ്കാരിക സംവാദം എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പാ ജൂൺ 14 വെള്ളിയാഴ്ച വത്തിക്കാനിൽ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരും കോമിക് കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജിമ്മി ഫാലൻ, സ്റ്റീഫൻ കോൾബർട്ട്, കോനൻ ഓബ്രിയൻ, ക്രിസ് റോക്ക്, ഹൂപ്പി ഗോൾഡ്ബെർഗ് തുടങ്ങിയ പ്രശസ്തർ പാപ്പായുമായുള്ള  കൂടികാഴ്ച്ചയിൽ ഉൾപ്പെടുന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയം ശനിയാഴ്ച അറിയിച്ചു.

വത്തിക്കാന്റെ വിദ്യാഭ്യാസത്തിനും സംസ്കാരത്തിനുമായുള്ള ഡികാസ്റ്ററിയും , ആശയ വിനമയത്തിനായുള്ള ഡികാസ്റ്ററിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ നൂറിലധികം ഹാസ്യനടീനടന്മാർ രാവിലെ 8.30 ന് അപ്പോസ്തോലിക അരമനയിൽ ഒത്തുചേരും.

ഹാസ്യത്തിന്റെ സാർവ്വത്രിക ഭാഷയിലൂടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷം വളർത്തിക്കൊണ്ട് കത്തോലിക്കാ സഭയും ഹാസ്യകലാകാരന്മാരും തമ്മിൽ "ഒരു ബന്ധം സ്ഥാപിക്കുക" എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

സന്തോഷം, സമാധാനം, പ്രത്യാശ എന്നിവയുടെ പ്രോത്സാഹനം

"മനുഷ്യ വൈവിധ്യത്തിന്റെ സൗന്ദര്യം ആഘോഷിക്കുക", "സമാധാനം, സ്നേഹം, ഐക്യദാർഢ്യം എന്നിവയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുക" എന്നിവയാണ് ഈ  യോഗത്തിന്റെ ലക്ഷ്യം. അർത്ഥവത്തായ അന്തർ സാംസ്കാരിക ചർച്ചകൾക്കും സന്തോഷവും പ്രത്യാശയും പങ്കിടുന്നതിനുമുള്ള ഒരു സുപ്രധാന സമയമായിരിക്കും  ഇത് എന്ന് കരുതപ്പെടുന്നു. അമേരിക്കൻ ഹാസ്യനടന്മാരെക്കൂടാതെ യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും കലാകാരന്മാർ എത്തുന്ന സമ്മേളനത്തിൽ  പങ്കെടുക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും ഇറ്റലിയിൽ നിന്നുള്ളവരായിരിക്കുമെന്നത് ശ്രദ്ധേയമാണ്.

'കർത്താവേ, എനിക്ക് നർമ്മബോധം നൽകണമേ'

ഇറ്റാലിയൻ ടിവി ചാനലായ ടിവി 2000 ന് നൽകിയ അഭിമുഖത്തിൽ  സെന്റ് തോമസ് മൂറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫ്രാൻസിസ് പാപ്പാ കർത്താവിനോടു തനിക്ക് നർമ്മബോധം തരണെ എന്നു പ്രാർത്ഥിക്കുന്ന കാര്യം പറഞ്ഞത് വത്തിക്കാന്റെ പ്രസ്താവനയിൽ പരാമർശിച്ചു.

ലോകത്ത് സഹാനുഭൂതിയും ധാരണയും വളർത്തുന്നതിന് കോമഡിക്കുള്ള ശക്തിയെ പാപ്പാ മുൻ കാലങ്ങളിൽ പലപ്പോഴും പരാമർശിച്ചിട്ടുണ്ട് .  2023 ജൂണിൽ സിസ്റ്റൈൻ ചാപ്പലിൽ കലാകാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, വിശുദ്ധ ഗ്രന്ഥം  തന്നെ വ്യംഗ്യാത്മക നിമിഷങ്ങളാൽ സമ്പന്നമാണെന്നത്  പാപ്പാ അഭിപ്രായപ്പെട്ടിരുന്നു.

ലോകത്തിന്റെ പുതിയ പതിപ്പുകൾ നർമ്മത്തിലൂടെ വിഭാവനം ചെയ്യാനുള്ള അഭിനേതാക്കളുടേയും, കലാകാരന്മാരുടേയും, കാർട്ടൂണിസ്റ്റുകളുടെയും, എഴുത്തുകാരുടേയും കഴിവിനെ ഫ്രാൻസിസ് പാപ്പാ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്.

ഹാസ്യ പ്രതിഭകളുടെ ഈ വൈവിധ്യമാർന്ന സമ്മേളനത്തിനായി പാപ്പാ തയ്യാറെടുക്കുമ്പോൾ, സാംസ്കാരിക സംഘർഷങ്ങൾ പരിഹരിക്കുന്നതിലും കൂടുതൽ അനുകമ്പയുള്ള ആഗോള സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നർമ്മത്തിന്റെ അഗാധമായ സ്വാധീനം വത്തിക്കാൻ പരിപാടി അടിവരയിടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2024, 12:55