കായികമത്സരങ്ങൾ സാമൂഹിക ജീവിതത്തിന്റെ ഒരു രൂപകമാണ്: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ക്രൊയേഷ്യൻ ദേശീയ ഫുട്ബോൾ ടീമിലെ അംഗങ്ങൾ മെയ് മാസം അഞ്ചാം തീയതി, വത്തിക്കാനിൽ, ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ കളിക്കാരെയും, പരിശീലകരെയും, ടീമിന്റെ ചുമതല വഹിക്കുന്നവരെയും അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ സന്ദേശം നൽകി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
ഫുട്‍ബോൾ എന്ന കായികമത്സരം നിലവിൽ കൊണ്ടുവരുന്ന ബൃഹത്തായ കൂട്ടായ്‍മയും പാപ്പാ അടിവരയിട്ടു പറഞ്ഞു.ഒരു വലിയ എണ്ണം ആളുകളെ ഉൾക്കൊള്ളാനും, കൂട്ടായ വികാരങ്ങൾ ഉണർത്താനും കഴിവുള്ള ഒരു ആഗോള പ്രതിഭാസമാണ് ഫുട്ബോൾ മത്സരമെന്ന് പാപ്പാ പറഞ്ഞു. ഇതെല്ലാം പൂർണ്ണമായി ജീവിക്കുന്ന ഒരു രാജ്യത്തു നിന്ന് വരുന്നതുകൊണ്ട്, ഈ കൂട്ടായ്മാമനോഭാവത്തിനു താനും സാക്ഷിയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
കായികമത്സരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത മഹത്തായ ഒരു വശമാണ് സംഘടിതപ്രവർത്തനം എന്ന് പറഞ്ഞ പാപ്പാ, അതിനാൽ ഒരു ടീം രാജ്യത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നതെന്നും അടിവരയിട്ടു. കായികമത്സരങ്ങൾ സാമൂഹിക ജീവിതത്തിന്റെ ഒരു രൂപകമാണെന്നും, ഭാവനയിലും, സർഗാത്മകതയിലും മറ്റുള്ളവരുമായി ഒരുമിച്ച് ജീവിക്കുകയും, പ്രവർത്തിക്കുകയും ചെയുന്നതാണ് ഇതിന്റെ മനോഹാരിതയെന്നും പാപ്പാ എടുത്തു പറഞ്ഞു. എന്നാൽ വ്യക്തിവാദം മേല്‌ക്കോയ്മ നേടുകയാണെങ്കിൽ മുഴുവൻ ചലനാത്മകതയും നശിക്കുകയും ലക്ഷ്യം കൈവരിക്കാൻ സാധിക്കാതെ വരുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
കായികമത്സരങ്ങളിൽ നിലനിൽക്കേണ്ട അംഗങ്ങൾ തമ്മിലുള്ള സൗഹൃദം, സാഹോദര്യം, വിശ്വസ്തത, ആത്മനിയന്ത്രണം എന്നീ മൂല്യങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു. ഇത്തരം മൂല്യങ്ങൾ പകരുന്നതിലൂടെ കായികലോകത്തിനു പുറത്തേക്കും കളിക്കാരുടെ ജീവിതമാതൃക വളരുന്നുവെന്ന സത്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: