തിരയുക

വൈദികരുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ വൈദികരുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ   (Vatican Media)

റോമൻ രൂപതാ വൈദികരുമായുള്ള കൂടിക്കാഴ്ച്ചകൾ തുടർന്ന് ഫ്രാൻസിസ് പാപ്പാ

റോമൻ രൂപതയിലെ വൈദികരുമായുള്ള ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ചകൾ പുരോഗമിക്കുന്നു. വിവിധ വർഷങ്ങളിൽ വൈദിക പട്ടം സ്വീകരിച്ചവരെ ഒരുമിച്ചാണ് പാപ്പാ സന്ദർശിക്കുന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

റോമൻ രൂപതയിലെ വൈദികരുമായുള്ള ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ചകൾ പുരോഗമിക്കുന്നു. വിവിധ വർഷങ്ങളിൽ വൈദിക പട്ടം സ്വീകരിച്ചവരെ ഒരുമിച്ചാണ് പാപ്പാ സന്ദർശിക്കുന്നത്. ജൂൺ മാസം പതിനൊന്നാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്ക്, 11 - 39 വർഷം വരെ വൈദികജീവിതം പൂർത്തിയാക്കിയവരെ, പാപ്പാ, റോമിലെ സലേഷ്യൻ സർവകലാശാലയിലെ പോൾ ആറാമൻ ശാലയിൽ വച്ച് സന്ദർശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

അജപാലനശുശ്രൂഷയിൽ വൈദികരുടെ പങ്ക്, വൈദികജീവിതത്തിൽ ഉണ്ടായേക്കാവുന്ന ലൗകികമായ വ്യർത്ഥത, ഇടവകകളിൽ എല്ലാവരെയും സ്വാഗതം ചെയ്യേണ്ടതിന്റെ വിശാല മനസ്ഥിതി തുടങ്ങിയവയായിരുന്നു പാപ്പായുടെ വാക്കുകളിൽ അടങ്ങിയിരുന്ന ആശയങ്ങൾ. സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ മൂന്നു ദൈവീകഭാവങ്ങൾ ഓരോ വൈദികന്റേയും ജീവിതത്തിൽ ഉൾക്കൊള്ളണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. പ്രായമായവർക്ക് നൽകേണ്ട പ്രത്യേകമായ ശുശ്രൂഷയും പാപ്പാ കൂട്ടിച്ചേർത്തു.

യൂറോപ്പിലെയും, ലോകം മുഴുവനിലെയും പ്രത്യേകമായ സാഹചര്യങ്ങളെയും പാപ്പാ സൂചിപ്പിച്ചു. യുദ്ധങ്ങൾ, ആയുധങ്ങളുടെ ശേഖരം, ഗർഭനിരോധനമാർഗങ്ങൾ തുടങ്ങിയവ സമൂഹത്തെ നശിപ്പിക്കുമ്പോൾ, ആളുകളെ തേടി യാത്രയാവേണ്ടത് ഓരോ വൈദികന്റേയും ചുമതലയാണെന്ന് പാപ്പാ പറഞ്ഞു. സഭയിലെ പ്രത്യയശാസ്ത്രങ്ങളുടെ അപകടത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. സ്വവർഗാനുരാഗ പ്രവണതയുള്ളവരെ സെമിനാരികളിലേക്ക് പ്രവേശിപ്പിക്കുന്നതിൽ നിതാന്തജാഗ്രത ആവശ്യപ്പെട്ട പാപ്പാ, എന്നാൽ ഈ ആളുകളെ സഭയിൽ സാഗതം ചെയ്യണമെന്നും, അവരെ ആത്മീയജീവിതത്തിൽ അനുഗമിക്കണമെന്നും പറഞ്ഞു.

ഏകദേശം അഞ്ഞൂറോളം വൈദികർ സംഗമത്തിൽ പങ്കെടുത്തു. റോം രൂപതയുടെ ചുമതല വഹിക്കുന്ന മെത്രാൻ, മോൺസിഞ്ഞോർ ബാൽദൊ റെയ്നയും, മോൺസിഞ്ഞോർ മിക്കേലെ ദി തോൾവേയും പാപ്പായോടൊപ്പം സന്നിഹിതരായിരുന്നു. ഇത്, മൂന്നാമത്തെ വൈദികകൂട്ടായ്‍മയെയാണ് പാപ്പാ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. കഴിഞ്ഞ മെയ് മാസം, 14 നും, 29 നുമായിരുന്നു മറ്റു രണ്ടു സംഗമങ്ങൾ.

രൂപതയിലെ പ്രധാന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവരാണ് ഈ വൈദികരെന്നും, അതിനാൽ രൂപതയുടെ നെടുംതൂണുകളാണ് ഇവരെന്നും മോൺസിഞ്ഞോർ മൈക്കേൽ പങ്കുവച്ചു. വൈദികരുമായുള്ള ഈ ബന്ധം എങ്ങനെ തുടരാമെന്ന് പരിശുദ്ധ പിതാവ് ഏറെ ചിന്തിക്കുന്നുണ്ടെന്നും, സഭയിലെ ചെറുപ്പക്കാർക്ക് ആവശ്യമായ പരിശീലനം നൽകുവാൻ ഇത്തരം കൂട്ടായ്മകൾ സഹായകരമാണെന്നും മോൺസിഞ്ഞോർ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2024, 13:40