തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (ANSA)

വാതിലിൽ മുട്ടുന്നവരുടെ സ്വരം കേൾക്കണം: ഫ്രാൻസിസ് പാപ്പാ

ലോക അഭയാർത്ഥിദിനമായി ജൂൺ മാസം ഇരുപതാം തീയതി ആഘോഷിക്കുന്ന വേളയിൽ, സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളികൾ കേൾക്കുവാനും, അവരെ സ്വീകരിക്കുവാനും ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥന നടത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോക അഭയാർത്ഥിദിനമായി ഐക്യരാഷ്ട്രസഭ ജൂൺ മാസം ഇരുപതാം തീയതി ആഘോഷിക്കുന്ന വേളയിൽ, സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളികൾ കേൾക്കുവാനും, അവരെ സ്വീകരിക്കുവാനും ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥന നടത്തി. ജൂൺ  പത്തൊൻപതാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ അഭ്യർത്ഥന നടത്തി സംസാരിച്ചത്.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, യുദ്ധങ്ങൾ മൂലവും, ക്ഷാമം മൂലവും കുടിയിറക്കപ്പെടുകയും, പലായനം ചെയ്യുകയും ചെയ്യുന്ന സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ആത്മീയ ആചാര്യനും, രാഷ്ട്രാധിപതിയുമാണ് ഫ്രാൻസിസ് പാപ്പാ.   സമാധാനവും സുരക്ഷിതത്വവും തേടി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന എല്ലാവരുടെയും നേരെ ശ്രദ്ധയും സാഹോദര്യവും തിരിക്കാനുള്ള അവസരമായിരിക്കട്ടെ ഈ ലോക അഭയാർത്ഥിദിനമെന്ന് പാപ്പാ ആശംസിച്ചു.

നമ്മുടെ വാതിലുകളിൽ മുട്ടുന്നവരെ സ്വാഗതം ചെയ്യാനും, പ്രോത്സാഹിപ്പിക്കാനും, അവരെ അനുധാവനം ചെയ്തുകൊണ്ട് കൂട്ടായ്മയിലേക്ക് നയിക്കുവാനുള്ള വിളിയാണ് നാം ഓരോരുത്തരും സ്വീകരിച്ചിരിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മാനുഷികമായ പരിഗണകളും, സ്വീകാര്യതയും ഇവർക്കുവേണ്ടി ഉറപ്പുവരുത്തണമെന്നും, ഇത്തരം പ്രക്രിയകൾ സുഗമമാക്കണമെന്നും സർക്കാരുകളോടും പാപ്പാ അഭ്യർത്ഥിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2024, 13:59