ജെയിംസ് മാർട്ടിന്റെ "കം ഫോർത്ത്" എന്ന പുസ്തകത്തിന്റെ കവർ. ജെയിംസ് മാർട്ടിന്റെ "കം ഫോർത്ത്" എന്ന പുസ്തകത്തിന്റെ കവർ.  

പാപ്പാ : മനുഷ്യർ മരണത്തിലേക്കല്ല നിത്യതയിലേക്ക് വിളിക്കപ്പെട്ടവർ

അമേരിക്കൻ ഈശോസഭാ വൈദീകനായ ജെയിംസ് മാർട്ടിൻ എഴുതി വത്തിക്കാൻ പ്രസിദ്ധീകരണശാല പുറത്തിറക്കുന്ന “ലാസറെ, പുറത്തു വരിക" എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പായുടെ ആമുഖം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ലാസറിന്റെ ഉത്ഥാനം യേശുവിന്റെ ഏറ്റവും വലിയ അത്ഭുതമായി നിർവ്വചിച്ചു കൊണ്ട് അദ്ദേഹം എഴുതിയിരിക്കുന്ന ഗ്രന്ഥം ബൈബിൾ വാക്യങ്ങളെ വിവിധ പണ്ഡിതരുടെ അഭിപ്രായങ്ങളും പഠനങ്ങളും വിശകലനം ചെയ്തു കൊണ്ട് നടത്തുന്ന ഒരു തണുപ്പൻ ശാസ്ത്രീയ ഗവേഷണമല്ല എന്നും ദൈവവചനവുമായി അഗാധമായി പ്രേമത്തിലായ ഒരാളുടെ ഉൾക്കാഴ്ചയാണെന്നും പാപ്പാ രേഖപ്പെടുത്തുന്നു. ഫലത്തിലും സത്യത്തിലും  ദൈവത്തിന്റെ വചനമാണെന്ന ദാഹത്തോടെ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കാനാവും എന്ന കാര്യത്തെ മനസ്സിലാക്കാൻ ഗ്രന്ഥകാരന്റെ രചനാരീതി തന്നെ പ്രേരിപ്പിച്ചു എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഓരോ ദിനവും നമ്മുടെ ജീവിതത്തെ അഭിമുഖീകരിക്കാൻ നമുക്ക് പോഷണം നൽകുന്ന ദൈവവചനം നൂറ്റാണ്ടുകളായി സ്ഥല കാലഭേദങ്ങളിലാതെ എല്ലാ ജനതകളിലേക്കും  എത്താനായി  ദൈവം തയ്യാറാക്കിയ  പ്രണയലേഖനമാണ്. അതിനാൽ കൈയ്യിൽ  അത് കരുതേണ്ടതിന്റെയും വായിക്കേണ്ടതിന്റെയും ആവശ്യകത അടിവരയിടാനും പാപ്പാ  ഈ അവസരം വിനിയോഗിച്ചു. അങ്ങനെ ചെയ്യുമ്പോൾ ദൈവവചനം ജീവിക്കുന്ന ശരീരവും, തുറന്ന പുസ്തകവും, തുടിക്കുന്ന, ഇന്നും നമ്മോടൊപ്പം നടക്കുന്ന ഒരു ദൈവത്തിന്റെ സാക്ഷ്യമായി മാറും.

സുവിശേഷം  മൂർത്തവും നിത്യം നിലനിൽക്കുന്നതും നമ്മുടെ ആന്തരീക ജീവിതത്തെ എന്ന പോലെ തന്നെ ചരിത്രത്തെയും അനുദിന ജീവിതത്തെയും സംബന്ധിക്കുന്നതുമാണ്. ക്രൈസ്തവ വിശ്വാസം നിത്യജീവനും ഭൂവാസവും, സ്വർഗ്ഗവും ഭൂമിയും ദൈവീകവും മാനുഷീകവും ഇടകലർത്തുന്നതാണ്. ഒരിക്കലും ഒന്നില്ലാതെ മറ്റതുണ്ടാകുന്നില്ല. ക്രിസ്തുമതത്തിന്റെ എന്നും നിലനിന്നിട്ടുള്ളതും ഫലം പുറപ്പെടുവിക്കുന്നതുമായ സത്യം ഈ താളുകളിൽ നമുക്ക് കാണാൻ കഴിയും. കർത്താവിന്റെ മനുഷ്യാവതാരം ഒരു നാടകമായിരുന്നില്ല. അവിടുന്ന് മനുഷ്യചരിത്രത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചത് മനുഷ്യ ചരിത്രം ദൈവരാജ്യത്തോടു Configure രൂപപ്പെടുത്താനായിരുന്നു.

യേശുവിന്റെ സുഹൃത്തായ ലാസർ സത്യത്തിൽ നാമോരോരുത്തരുമാണ്. ഈ അർത്ഥത്തിൽ മാർട്ടിൻ അച്ചൻ യേശുവിന്റെ സുഹൃത്തുക്കൾ എന്ന ഇഗ്നേഷ്യൻ പാരമ്പര്യവുമായി ഒട്ടിച്ചേർന്നുനില്ക്കുന്നു. നമ്മളും യേശുവിന്റെ കൂട്ടുകാരാണ്, നമ്മളും ചിലപ്പോഴൊക്കെ പാപത്താലും, അവിശ്വസ്തതയാലും “മരിച്ച”വരാണ്. മൂന്നു ദിവസമായി അടക്കിയ മൃതശരീരം പോലെ ദുർഗന്ധം വമിക്കുന്ന നമ്മുടെയടുത്തേക്കു വരാൻ യേശുവിന് മടിയില്ല. നമ്മുടെ അടഞ്ഞ ഹൃദയത്തിനു മുന്നിൽ മാത്രമാണ് അവൻ തടയപ്പെടുന്നത് എന്ന് ഫ്രാൻസിസ് പാപ്പാ എഴുതുന്നു. അവന്റെ ഏക ആകുലത ദൈവപിതാവിന്റെ സ്നേഹാലിംഗനം ആർക്കും നഷ്ടപ്പെടരുതെന്ന് മാത്രമാണ്.

അമേരിക്കൻ എഴുത്തുകാരൻ കോർമാക്  മാക് കാർത്തിയെയും ഇറ്റാലിയൻ ബൈബിൾ പണ്ഡിതൻ അൽബെർത്തോ മാജ്ജിയെയും ഉദ്ധരിച്ചു കൊണ്ട് പാപ്പാ ദൈവത്തിന്റെ തൊഴിൽ ക്ഷമിക്കുക എന്നതാണ് എന്നും മരിച്ചവർ ഉയിർക്കുക എന്നതിനേക്കാൾ ജീവിക്കുന്നവർ മരിക്കുന്നില്ല എന്നതാണ് ലാസറിന്റെ ഉയിർപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും ജെയിംസ് മാർട്ടിൻ അച്ചന്റെ "ലാസറെ, പുറത്തു വരിക” എന്ന ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു എന്നും ഫ്രാൻസിസ് പാപ്പാ ആമുഖത്തിൽ എഴുതി. ചുറ്റിനും മരണം ദു:ഖവും വേദനയും വിതക്കുമ്പോഴും മനുഷ്യൻ നിത്യയിലേക്ക് വിളിക്കപ്പെട്ടവനാണ് പാപ്പാ ഉറപ്പിച്ചു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2024, 15:30