പരിശുദ്ധ അമ്മ പ്രത്യാശയുടെ മധ്യസ്ഥയാണ്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റോമിലെ മേരി മേജർ ബസിലിക്കയിൽ സ്ഥാപിതമായ 'സാലൂസ് പൊപ്പൊളി റൊമാനി' എന്ന മാതാവിന്റെ അത്ഭുതചിത്ര സമർപ്പണത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം അടങ്ങുന്ന കത്ത് കൈമാറി. റോമൻ രൂപതയുടെ വൈസ് റീജന്റ് മോൺസിഞ്ഞോർ ബാൽദസരെ റെയ്നക്കാണ് കത്ത് കൈമാറിയത്. അത്ഭുതചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും, ആധുനികയുഗത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു പറയുന്നു.
1944 ജൂൺ നാലാം തീയതി ജർമ്മൻ സൈന്യവും, ആംഗ്ലോ- അമേരിക്കൻ സഖ്യകക്ഷികളും തമ്മിൽ നടത്തിയ ഏറ്റുമുട്ടൽ ഏറെ രൂക്ഷമായി റോമൻ ജനതയെ ബാധിച്ച അവസരത്തിൽ, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ നേതൃത്വത്തിൽ വിശ്വാസികൾ പരിശുദ്ധ അമ്മയോട് നടത്തിയ പ്രതിജ്ഞ ഓർത്തു ഇന്ന് ആത്മീയമായി താനും ആ പ്രതിജ്ഞയോട് ചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ആമുഖമായി കത്തിൽ പറയുന്നു.
എൺപതു വർഷങ്ങൾക്കു ശേഷം ലോകം വീണ്ടും യുദ്ധമുഖത്തു നിൽക്കുമ്പോൾ, ഭീകരതയുടെയും കഷ്ടപ്പാടിന്റെയും നിലവിളികൾ എല്ലാവരുടെയും മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുമ്പോൾ പരിശുദ്ധ അമ്മയുടെ മുൻപിൽ പ്രാർത്ഥനയോടെ നിലകൊള്ളുവാനുള്ള അവസരമാണ് ഈ എൺപതാം വാർഷികമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് 20 വർഷത്തിനുശേഷം, 1965-ൽ, വിശുദ്ധ പോൾ ആറാമൻ പാപ്പാ ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച, "യുദ്ധപരമായ മനോഭാവം മാറ്റുന്നതിൽ ലോകം എപ്പോഴെങ്കിലും വിജയിക്കുമോ?", എന്ന ചോദ്യത്തിന് ഉത്തരം നൽകുവാൻ സമാധാനത്തിനായി ദൃഢമായി പ്രവർത്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
സമാധാനത്തിന്റെ മധ്യസ്ഥയാണ് പരിശുദ്ധ അമ്മയെന്നും, തന്റെ എല്ലാ മക്കളോടും എപ്പോഴും ജാഗ്രതയും ശ്രദ്ധയും പുലർത്തുന്ന മറിയം മനുഷ്യരാശിക്കു ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഫലങ്ങൾ വാങ്ങിത്തരുവാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. വാര്ഷികാവസരത്തിൽ എല്ലാവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചു പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: