തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ   (Vatican Media)

ദൈവത്തിന്റെ കരങ്ങളിൽ സ്വയം സമർപ്പിച്ച് സേവനം തുടരാൻ സമർപ്പിതരെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

പോളണ്ടിൽനിന്നുള്ള "കാന്തലിചെയിലെ വിശുദ്ധ ഫെലിക്സിന്റെ സഹോദരിമാർ" എന്ന സമർപ്പിതസമൂഹാംഗങ്ങളുടെ പ്രതിനിധികൾക്കും, ഇറ്റലിയിലെ സവോണയിൽനിന്നുള്ള "കരുണയുടെ മാതാവിന്റെ പെൺമക്കൾ" എന്ന പേരിലുള്ള സമർപ്പിതസമൂഹാംഗങ്ങളുടെ പ്രതിനിധികൾക്കും ജൂൺ ആറാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. സ്ഥാപനങ്ങളുടെ സുരക്ഷയെക്കാൾ കാരുണ്യത്തോടുള്ള വിശ്വസ്തതയ്ക്ക് പ്രാധാന്യം കൊടുക്കാനും, പൂർണ്ണമായും ദൈവത്തിന് തങ്ങളെത്തന്നെ സമർപ്പിച്ച് ജീവിക്കാനും ഇരുസമൂഹങ്ങളെയും പാപ്പാ ആഹ്വാനം ചെയ്‌തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സംഘടനാസ്ഥാപനങ്ങൾക്കും, മാനവികപദ്ധതികൾക്കും അപ്പുറം, കാരുണ്യപ്രവർത്തനങ്ങളിൽ വിശ്വസ്തതയോടെ പ്രവർത്തിക്കാൻ, "കാന്തലിചെയിലെ വിശുദ്ധ ഫെലിക്സിന്റെ സഹോദരിമാർ" എന്ന സമർപ്പിതസമൂഹത്തിലെ സന്ന്യസ്‌തകളെയും, പാവപ്പെട്ടവർക്കും, കുട്ടികൾക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കുമുള്ള സേവനം തുടരാൻ "കരുണയുടെ മാതാവിന്റെ പെൺമക്കൾ" എന്ന പേരിലുള്ള സമർപ്പിതസമൂഹാംഗങ്ങളെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. തങ്ങളുടെ ജനറൽ ചാപ്റ്ററിന്റെ ഭാഗമായി റോമിലെത്തിയ ഇരുസമൂഹങ്ങളുടെയും പ്രതിനിധികൾക്ക് ജൂൺ ആറാം തീയതി വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, പൂർണ്ണമായ സമർപ്പിതജീവിതസേവനം തുടരാൻ സന്ന്യസ്‌തകളോട് പാപ്പാ ആവശ്യപ്പെട്ടത്.

വിശുദ്ധ ആഞ്ചല മരിയ എന്ന സിസ്റ്റർ, പോളണ്ടിലെ വർസാവിയയിൽ യുദ്ധകാലത്ത്, സംഘർഷങ്ങളിലും അക്രമണങ്ങളിലും പരിക്കേറ്റ കുട്ടികൾക്കും, അംഗവൈകല്യം സംഭവിച്ചവർക്കും സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് "കാന്തലിചെയിലെ വിശുദ്ധ ഫെലിക്സിന്റെ സഹോദരിമാർ" എന്ന സമർപ്പിതസമൂഹം ആരംഭിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു. എന്നാൽ ഈ സഹോദരിമാർ തങ്ങളുടെ മാത്രമല്ല, ശത്രുപക്ഷത്തുള്ളവർക്കും സേവനം നൽകിയതിനെത്തുടർന്ന് സിവിൽ അധികാരികൾ സമൂഹത്തെ അടിച്ചമർത്തിയെങ്കിലും, ദൈവത്തിന്റെ പദ്ധതിയനുസരിച്ച് പിന്നീട്, കുടിയേറ്റക്കാരായ പോളണ്ടുകാർക്കുള്ള സേവനങ്ങളുമായി അമേരിക്കയിൽ വീണ്ടും തങ്ങളുടെ സേവനം പുനഃരാരംഭിക്കാൻ ഇവർക്ക് സാധിച്ചുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തങ്ങളുടെ ചരിത്രം അനുസ്മരിച്ചുകൊണ്ട്, തങ്ങളുടെ സ്ഥാപനങ്ങളോ പദ്ധതികളോ തകരുമ്പോഴും, കാരുണ്യപ്രവർത്തനങ്ങളിൽ വിശ്വസ്തതാപൂർവ്വം തുടരാൻ ഈ സമൂഹാംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു. സംഘടനാപ്രവർത്തനങ്ങളും സ്ഥാപനങ്ങളും ഒരു മാർഗ്ഗം മാത്രമാണെന്ന് ഓർത്തിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഇറ്റലിയിലെ സവോണയിൽ, സിസ്റ്റർ മരിയ ജ്യുസെപ്പ, അവിടുത്തെ മെത്രാന്റെ കീഴിൽ പാവപ്പെട്ടവർക്കും, കുട്ടികൾക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കുമുള്ള സേവനങ്ങൾക്കായി ആരംഭിച്ച "കരുണയുടെ മാതാവിന്റെ പെൺമക്കൾ" എന്ന പേരിലുള്ള സമർപ്പിതസമൂഹത്തിന്റെ പ്രതിനിധികളോട് സംസാരിക്കവെ, സഭാസ്ഥാപക, തന്റെ വലിയ കുടുംബവിഹിതം ഉപേക്ഷിച്ച്, സമർപ്പിതജീവിതത്തിനിറങ്ങിത്തിരിച്ചതിനെ പാപ്പാ അനുസ്മരിച്ചു. "ഹൃദയം ദൈവത്തിനും, കരങ്ങൾ സേവനപ്രവർത്തനങ്ങൾക്കും" എന്ന ആശയം മുന്നോട്ടുവച്ചാണ് സിസ്റ്റർ ജ്യുസെപ്പ ഈയൊരു സമൂഹം ആരംഭിച്ചതെന്ന് പാപ്പാ എടുത്തുപറഞ്ഞു. ഒരു ക്രൂശിതരൂപവും, കരുണയുടെ മാതാവിന്റെ രൂപവും, അഞ്ചു ലീരയുമായാണ് സഭാസ്ഥാപക പുറപ്പെട്ടത്. സമൂഹത്തിൽ ആവശ്യമുള്ള ഏതൊരു സേവനത്തിനും മറ്റുള്ളവരെക്കാൾ മുൻപന്തിയിൽ അവൾ നിന്നിരുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തന്റെ ചെറുപ്പകാലത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, താൻ ആദ്യ ക്രൈസ്തവ കൂദാശകൾ സ്വീകരിച്ചത്, ബോയ്നോസ് ഐറെസിലെ "കരുണയുടെ മാതാവിന്റെ പെൺമക്കൾ" നടത്തുന്ന ഒരു സ്കൂളിൽ ലഭിച്ച വിദ്യാഭ്യാസപരിശീലനത്തിന്റെ ഭാഗമായാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. തന്റെ ചെറുപ്പത്തിൽ ഈ സന്ന്യസ്തസ്ഥാപനത്തിൽനിന്ന് തനിക്ക് ലഭിച്ച അധ്യയനത്തിന്റെ പിൻബലത്തോടുകൂടിയതാണ് സഭയിൽ തന്റെ ഇപ്പോഴത്തെ സേവനമെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തി.

ദൈവത്തിന് തങ്ങൾ നൽകുന്ന ഒരു സമ്മതം എന്തുമാത്രം ഫലങ്ങളാണ് ഉളവാക്കുന്നതെന്ന് ചിന്തിക്കാനും, ദൈവഹിതത്തോടുള്ള തങ്ങളുടെ വിശ്വസ്തതയും സർപ്പണവും തുടരാനും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് അനുസരണത്തോടെ ജീവിക്കുവാനും പാപ്പാ സമർപ്പിതരെ ആഹ്വാനം ചെയ്തു. പൂർണ്ണമായും തങ്ങളെത്തന്നെ ദൈവത്തിന് ഉദാരതയോടെ സമർപ്പിക്കാനും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2024, 15:44