അൽമായ അസോസിയേഷനുകളുടെയും, സഭാ പ്രസ്ഥാനങ്ങളുടെയും, സഭയിലെ പുതുസമൂഹങ്ങളുടെയും നേതൃത്വം വഹിക്കുന്നവരോട് സംസാരിക്കുന്ന ഫ്രാൻസിസ് പാപ്പാ അൽമായ അസോസിയേഷനുകളുടെയും, സഭാ പ്രസ്ഥാനങ്ങളുടെയും, സഭയിലെ പുതുസമൂഹങ്ങളുടെയും നേതൃത്വം വഹിക്കുന്നവരോട് സംസാരിക്കുന്ന ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

സിനഡാത്മകതയുടെ ശൈലി സ്വന്തമാക്കിയ ഒരു സഭയുണ്ടാകുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ഫ്രാൻസിസ് പാപ്പാ

അൽമായ അസോസിയേഷനുകളുടെയും, സഭാ പ്രസ്ഥാനങ്ങളുടെയും, സഭയിലെ പുതുസമൂഹങ്ങളുടെയും നേതൃത്വം വഹിക്കുന്നവർക്കുവേണ്ടിയുള്ള സമ്മേളനത്തിൽ പങ്കെടുത്തവരെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിച്ച ഫ്രാൻസിസ് പാപ്പാ സഭയിൽ സിനഡാത്മകമായ പ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. സഭാത്മകജീവിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, സിനഡാത്മകമായ ഒരു സഭയ്ക്കായി, ദൈവത്തിന്റെ മനോഭാവത്തോടെ ചിന്തിക്കുക, എല്ലാത്തരം അടഞ്ഞ മനോഭാവങ്ങളും മറികടക്കുക, വിനയം വളർത്തിയെടുക്കുക എന്നീ ആശയങ്ങൾ മുന്നോട്ടുവച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സിനഡാത്മകമായ വിശ്വാസജീവിതം സഭയിലുണ്ടാകാൻ ആദ്ധ്യാത്മികമായ ഒരു പരിവർത്തനം ഉണ്ടാകണമെന്നും, ആന്തരീയമായ മാറ്റങ്ങൾ ഉണ്ടാകാതെ, നിലനിൽക്കുന്ന ആത്മീയഫലങ്ങൾ ഉണ്ടാകില്ലെന്നും പാപ്പാ. ഇപ്പോഴത്തെ സിനഡിന്റെ അവസാനത്തോടെ, സഭയിൽ എല്ലാ തലങ്ങളിലും സിനഡാത്മകമായ പ്രവർത്തനങ്ങൾ സ്ഥിരമായി ഉണ്ടാവുക എന്നതാണ് തന്റെ ആഗ്രഹമെന്ന് പാപ്പാ വ്യക്തമാക്കി. ഈയൊരു ചിന്ത അജപാലകരുടെയും വിശ്വാസികളുടെയും ഹൃദയത്തിൽ ഉണ്ടാവുകയും, സിനഡാത്മകത സഭയുടെ പൊതുവായ ശൈലിയായി മാറുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. അൽമായ അസോസിയേഷനുകളുടെയും, സഭാ പ്രസ്ഥാനങ്ങളുടെയും, സഭയിലെ പുതുസമൂഹങ്ങളുടെയും നേതൃത്വം വഹിക്കുന്നവരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ. അൽമായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള റോമൻ ഡിക്കസ്റ്ററി ഒരുക്കിയ ഈ സമ്മേളനം ജൂൺ 13 വാഴാഴ്ചയാണ് നടന്നത്.

വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് സഭയിൽ സിനഡാത്മകതയുടെ ആവശ്യം തിരിച്ചറിഞ്ഞതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, മെത്രാന്മാരുടെ സിനഡിനായി ഒരു കാര്യാലയം സ്ഥാപിച്ചതോടെയാണ് അദ്ദേഹം ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പൗരസ്ത്യസഭകൾ സിനഡാത്മകത കാത്തുസൂക്ഷിച്ചിരുന്നുവെന്നും, എന്നാൽ ലത്തീൻസഭയ്ക്ക് അത് നഷ്ടമായിരുന്നുവെന്നും ഓർമ്മിപ്പിച്ച പാപ്പാ, വിശുദ്ധ പോൾ ആറാമൻ പാപ്പാ സിനഡാത്മകതയ്ക്കായുള്ള പ്രവർത്തനങ്ങൾ ലത്തീൻസഭയിൽ ആരംഭിക്കുകയായിരുന്നുവെന്ന് വിശദീകരിച്ചു. ഏതാണ്ട് അറുപത് വർഷങ്ങൾക്ക് ശേഷം ഇന്നത്തെ സഭാപ്രവർത്തനങ്ങളിൽ സിനഡാത്മകത നമുക്ക് കാണാൻ സാധിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്‌താവിച്ചു.

ക്രിസ്‌തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ആധാരമാക്കി, സഭയിൽ വളർന്നുവരേണ്ട സിനഡാത്മകതയുമായി ബന്ധപ്പെട്ട ചില ചിന്തകൾ പാപ്പാ പങ്കുവച്ചു. ദൈവത്തിന്റെ മനോഭാവത്തോടെ ചിന്തിക്കുക, എല്ലാത്തരം അടഞ്ഞ മനോഭാവങ്ങളും മറികടക്കുക, വിനയം വളർത്തിയെടുക്കുക എന്നീ ആശയങ്ങൾ പാപ്പാ മുന്നോട്ടുവച്ചു.

പത്രോസ് യേശുവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട്, ദൈവികമായ പദ്ധതികൾക്കെതിരെ ചിന്തിക്കുന്നതിനെ പാപ്പാ വിമർശിച്ചു. ദൈവം നമ്മിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുവേണം സഭയിൽ സംരംഭങ്ങൾ ഏറ്റെടുക്കാൻ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നാമല്ല, പരിശുദ്ധാത്മാവാണ് സിനഡാത്മകപ്രയാണത്തിന്റെ നടത്തിപ്പുകാരനെന്നത് മറന്നുപോകരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

യേശുവിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കിയ ഒരുവനെ യോഹന്നാൻ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെടുത്തി, അടഞ്ഞ മനോഭാവം ഒഴിവാക്കാൻ പാപ്പാ ആവശ്യപ്പെട്ടു. എല്ലാവരിലേക്കും തുറന്നിട്ട ഒരു പുതിയ ദൈവജനമാകാനാണ് പന്ത്രണ്ടു ശിഷ്യന്മാരെ യേശു തിരഞ്ഞെടുത്തതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവം തന്ന അനുഗ്രഹങ്ങൾ കുത്തകാവകാശങ്ങളായി വയ്ക്കാനുള്ളവയല്ലെന്ന് ശിഷ്യർ തിരിച്ചറിയേണ്ടതുണ്ട്. നമ്മുടേതായ ഇടങ്ങളിലെ ചിന്തകൾക്കപ്പുറത്തേക്ക് പോകാനാവുക എന്നത് ഒരു അവസരമായി കാണാൻ സാധിക്കേണ്ടതുണ്ട്. മറ്റുള്ളവരിൽ, നാമറിയാത്തവരിൽപ്പോലും, ദൈവം പ്രവർത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കേണ്ടതുണ്ട്. തുറന്ന ഹൃദയത്തോടെ വേണം മറ്റുള്ളവരെ കാണാൻ പരിശ്രമിക്കേണ്ടത്.

മൂന്നാമതായി, യാക്കോബും യോഹന്നാനും യേശുവിന്റെ അരികിൽ പ്രധാനപ്പെട്ട ഇടങ്ങൾ അവകാശമാക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, വിനയം വളർത്തിയെടുക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. വിശ്വാസത്തിൽ സഹോദരങ്ങളായവരുമായുള്ള ബന്ധത്തിൽനിന്ന് നാമെന്താണ് നേടാൻ പരിശ്രമിക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പാപ്പാ, എളിമയുള്ളവർക്കേ സഭയിൽ വലിയ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കൂ എന്ന് ഉദ്‌ബോധിപ്പിച്ചു. വിനയമുള്ളവരാണ് മറ്റുള്ളവരെ വിലയുള്ളവരായി കാണുന്നത്. എല്ലാം തങ്ങൾക്കുവേണ്ടി എന്ന് കരുതുന്ന ക്രൈസ്തവർ എന്ന ചിന്തയ്‌ക്കെതിരെ പാപ്പാ ശബ്ദമുയർത്തി.

സഭയിലെ പ്രസ്ഥാനങ്ങൾ സേവനത്തിനുള്ളവയാണ്, അവ തങ്ങൾക്കുവേണ്ടിത്തന്നെയുള്ളവയല്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തങ്ങളുടെ സമൂഹങ്ങളുടെ പ്രത്യേകമായ സിദ്ധികൾ സഭാത്മകമായി വിലയിരുത്താൻ, സമ്മേളനത്തിൽ പങ്കെടുത്തവരെ പാപ്പാ ആഹ്വാനം ചെയ്‌തു. അതുവഴി സുവിശേഷവത്കരണത്തിന് തങ്ങളുടേതായ രീതിയിൽ ഉദാരമായി സഹായമേകാനും പാപ്പാ ആവശ്യപ്പെട്ടു. തങ്ങൾ സഭാ പ്രസ്ഥാനങ്ങളിലോ അസോസിയേഷനുകളിലോ ആണോ അംഗമായിരിക്കുന്നത്, അതോ സഭയിലാണോ എന്ന് ചിന്തിക്കണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അടഞ്ഞ മനോഭാവമുള്ള പ്രസ്ഥാനങ്ങൾ സഭാത്മകമല്ലെന്നും, അത്തരം പ്രസ്ഥാനങ്ങൾ നിർത്തലാക്കേണ്ടവയാണെന്നും വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2024, 18:09