ഫ്രാൻസിസ് പാപ്പാ പാവപ്പെട്ടവർക്കൊപ്പം ഭക്ഷണം പങ്കിട്ടപ്പോൾ ഫ്രാൻസിസ് പാപ്പാ പാവപ്പെട്ടവർക്കൊപ്പം ഭക്ഷണം പങ്കിട്ടപ്പോൾ  (VATICAN MEDIA Divisione Foto)

പാവപ്പെട്ടവരുടെ മദ്ധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാളിൽ പാവപ്പെട്ടവരെ അനുസ്മരിച്ച് പാപ്പാ

നവംബർ പതിനേഴാം തീയതി ആചരിക്കപ്പെടുന്ന എട്ടാമത് “പാവപ്പെട്ടവരുടെ ആഗോളദിന”ത്തിനായി ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. "ദരിദ്രന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു" (പ്രഭാഷകൻ 21, 5) എന്ന വചനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നൽകിയ സന്ദേശത്തിൽ, പാവപ്പെട്ടവർക്ക് ദൈവത്തിന് മുൻപിലുള്ള സവിശേഷസ്ഥാനവും, പ്രാർത്ഥനയുടെ പ്രാധാന്യവും, പ്രഭാഷകന്റെ പുസ്തകം കൂടുതലായി പഠിക്കേണ്ടതിന്റെ ആവശ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പാപ്പാ പരാമർശിച്ചു. ജൂൺ പതിമൂന്ന് വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച സന്ദേശം പാപ്പാ ഒപ്പുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

"ദരിദ്രന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു" എന്ന, പ്രഭാഷകന്റെ പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായത്തിലെ അഞ്ചാം വാക്യം, എട്ടാമത് പാവപ്പെട്ടവരുടെ ആഗോളദിനം ആചരിക്കപ്പെടുന്ന അവസരത്തിൽ ഏറെ യോജിച്ചതാണെന്ന് ഫ്രാൻസിസ് പാപ്പാ. 2024 നവംബർ പതിനാലിന് ആചരിക്കപ്പെടുന്ന പാവപ്പെട്ടവരുടെ ഈ വർഷത്തെ ആഗോളദിനത്തിനായി തയ്യാറാക്കി, വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ദിനമായ ജൂൺ 13 വ്യാഴാഴ്ച പുറത്തുവിട്ട സന്ദേശത്തിൽ, പാവപ്പെട്ടവരോടുള്ള ദൈവത്തിന്റെ പരിഗണനയെപ്പറ്റി പ്രഭാഷകൻ എഴുതിയത് പാപ്പാ പ്രത്യേകം പരാമർശിച്ചു.

2025-ലെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട്, പ്രാർത്ഥനയ്ക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ഈ വർഷത്തിൽ പാവപ്പെട്ടവരുടെ പ്രാർത്ഥനയുമായി ബന്ധപ്പെട്ട ഈ വിശുദ്ധഗ്രന്ഥപരാമർശത്തിന് പ്രത്യേകം പ്രാധാന്യമുണ്ടെന്ന് പാപ്പാ എഴുതി. നമ്മുടെ പ്രാർത്ഥനകൾ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പ്രാർത്ഥനകൾ ദൈവത്തിന്റെ സമക്ഷം എത്തുന്നുണ്ടെന്നാണ് ക്രൈസ്തവമായ പ്രത്യാശ നമുക്ക് ഉറപ്പുനല്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. പാവപ്പെട്ടവരുമായുള്ള ഒത്തൊരുമയ്ക്കും, അവരുടെ സഹനങ്ങൾ പങ്കുചേരുന്നതിനും പ്രാർത്ഥന നമ്മെ സഹായിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടിൽ എഴുതപെട്ടതെന്ന് കരുതപ്പെടുന്ന പ്രഭാഷകന്റെ പുസ്തകത്തിൽ, തൊഴിൽ മുതൽ കുടുംബം വരെയും, ജീവൻ മുതൽ ചെറുപ്പക്കാരുടെ വിദ്യാഭ്യാസം വരെയുമുള്ള വിഷയങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ ദൈവവിശ്വാസത്തിനും, നിയമത്തിന്റെ പാലനത്തിനും ഈ പുസ്തകം പ്രത്യേകമായി സ്ഥാനം നൽകുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. സ്വാതന്ത്ര്യം, തിന്മ, ദൈവനീതി തുടങ്ങിയവയും ബെൻ സിറ എന്നയാൾ എഴുതിയ ഈ പുസ്തകം പഠനവിഷയങ്ങളാക്കുന്നുണ്ട്.

തന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് പ്രാർത്ഥനയെക്കുറിച്ച് പ്രഭാഷകന്റെ രചയിതാവ് എഴുതുന്നതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു. തന്റെ ചെറുപ്പം മുതൽ ജ്ഞാനത്തിനായി താൻ ആഗ്രഹിച്ചിട്ടുണ്ടെന്ന് ബെൻ സിറ എഴുതി വയ്ക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് ദൈവത്തിന്റെ ഹൃദയത്തിൽ പ്രത്യേകമായി ഒരു സ്ഥാനമുണ്ടെന്ന് അവൻ തിരിച്ചറിയുന്നു. അവർക്ക് നീതി ഉറപ്പാക്കുന്നതുവരെ ദൈവം അടങ്ങിയിരുന്നില്ല. ഏവരോടും കരുതലുള്ള ഒരു പിതാവെന്ന നിലയിൽ തന്റെ മക്കളുടെ സഹനങ്ങളെ ദൈവം അറിയുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവനുമുന്നിൽ നാമെല്ലാവരും പാവപ്പെട്ടവരും ആവശ്യങ്ങൾ ഉള്ളവരുമായതിനാൽ, അവൻ നാമാരെയും അവൻ ഉപേക്ഷിക്കുന്നില്ല. എന്നാൽ പലപ്പോഴും, നമ്മുടെ ജീവന്റെ അധികാരി നാമാണെന്ന രീതിയിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പാ എഴുതി. മറ്റുള്ളവരുടെ അവകാശങ്ങളെയും അന്തസ്സിനേയും ഇല്ലാതാക്കിക്കൊണ്ട് നമുക്ക് സന്തോഷം അനുഭവിക്കനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളുടെ കരുത്തിൽ ആശ്രയിക്കുന്ന ദുഷിച്ച രാഷ്ട്രീയം എന്തുമാത്രം പുതിയ പാവപ്പെട്ടവരെയാണ് സൃഷ്ടിക്കുന്നതെന്ന് പാപ്പാ ചോദ്യമുയർത്തി. എന്തുമാത്രം നിഷ്കളങ്കരാണ് യുദ്ധങ്ങളുടെ ഇരകളാകുന്നത്? ഈ ഓരോ ചെറിയവരിലും ദൈവത്തിന്റെ മുഖം പതിഞ്ഞിട്ടുണ്ടെന്ന് ക്രിസ്തുവിന്റെ ശിഷ്യർക്ക് അറിയാമെന്ന് പാപ്പാ എഴുതി. പാവപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനായുള്ള ഉപകരണങ്ങളായി മാറാൻ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് എവഞ്ചേലി ഗൗദിയും (Ap. Esort. Evangelii gaudium, 187) എന്ന രേഖ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു.

പാവപ്പെട്ടവരുടെ പ്രാർത്ഥന നമ്മുടേതാക്കാനും, അവർക്കൊപ്പം പ്രാർത്ഥിക്കാനും നമുക്ക് കടമയുണ്ടെന്ന് പാപ്പാ എഴുതി. എളിമയുള്ള ഒരു ഹൃദയം സ്വന്തമാക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. ദൈവം നമ്മെക്കുറിച്ച് കരുതലുള്ളവനാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവൻ നമുക്ക് സമീപസ്ഥനാണെന്ന് ഉദ്‌ബോധിപ്പിച്ചു. അജപാലനവുമായി ബന്ധപ്പെട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിനമാണ് പാവപ്പെട്ടവരുടെ ആഗോളദിനമെന്നും പാപ്പാ എഴുതി.

ക്രിയാത്മകമായി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ പ്രാർത്ഥന ഉപയോഗശൂന്യമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പ്രവർത്തിയില്ലാത്ത വിശ്വാസം മൃതമാണെന്ന വചനം പാപ്പാ ഉദ്ധരിച്ചു. എന്നാൽ അതേസമയം പ്രാർത്ഥനയില്ലാത്ത കാരുണ്യം മാനുഷികം മാത്രമായ സ്നേഹമായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മദർ തെരേസയെ പരാമർശിച്ചുകൊണ്ട്, പ്രാർത്ഥനയിലാണ് ശക്തിയും വിശ്വാസവും അവൾ കണ്ടെത്തിയതെന്ന് പാപ്പാ അനുസ്മരിച്ചു.

ജൂബിലിവർഷത്തിലേക്ക് നടന്നടുക്കുന്ന നാമോരുത്തരും പ്രത്യാശയുടെ തീർത്ഥാടകരായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പ്രത്യാശയുടെ സംഗീതം, ആയുധങ്ങളുടെ ഘോരശബ്ദങ്ങൾക്കും, ഇരകളാകപ്പെടുന്ന നിരവധി നിഷ്കളങ്കരുടെ വിലാപത്തിനും വഴിമാറുന്ന ഇക്കാലത്ത്, സമാധാനത്തിനായി നമുക്ക് ദൈവത്തോട് അപേക്ഷിക്കാമെന്ന് പാപ്പാ എഴുതി.

പാവപ്പെട്ടവരുടെ കൂട്ടുകാരാകാനായി യേശുവിന്റെ പാതയിൽ സഞ്ചരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ബെൽജിയത്തുള്ള ബന്നോയിലെ പാവപ്പെട്ടവരുടെ മാതാവെന്ന നാമത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2024, 18:15